
Wednesday, November 21, 2007
ഗുരുവായൂര്‍ ഏകാദശി ആശംസകള്‍

Wednesday, October 10, 2007
സീ വി ശ്രീരാമന് ആദരാഞ്ജലികള്‍
കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുള്ള ഇദ്ദേഹത്തിന്റെ പ്രമുഖ കൃതികള്‍ വാസ്തുഹാര,ഇരിക്കപിണ്ഠം, ചിദംബരം, പുരുഷാര്‍ത്ഥം, ശീമത്തമ്പുരാന്‍ എന്നിവയാണ്.
ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നൂ.
തൃശ്ശൂര്‍ മീറ്റ് അവലോകനം - ഒന്നാം ഭാഗം

ആഗസ്റ്റ് 25 എന സുദിനം. ടി ദിവസം ചിങ്ങമാസത്തിലെ പൂരാടം ആയിരുന്നു.
അന്നാണ് ലോകചരിത്രത്തില്‍ ആദ്യമായി തൃശൂരില്‍ (സിദ്ധാര്‍ത്ഥാ റീജെന്‍സിയില്‍) വെച്ച് ഒരു ഔദ്യോഗിക ബ്ലോഗേര്‍സ്-മീറ്റ് അരങ്ങേറുന്നത്. ഓണക്കാലമായതിനാല്‍ കാലത്തേ തന്നെ വീട്ടിലെ തിരക്കുകള്‍ എല്ലാം തീര്‍ത്ത് ഒരു 1 മണിയോടെ ഫ്രീ ആയി. ഊണു കഴിച്ച് വടക്കാഞ്ചേരിയില്‍ നിന്നും തൃശൂരിലേയ്ക്ക് പുറപ്പെട്ടു. ബസ്സില്‍ വെച്ച് അവിടെ കൂടാം എന്നേറ്റിരുന്ന മറ്റു ബ്ലോഗേര്‍സിന്റെ സ്റ്റാറ്റസ് മൊബൈല്‍ വഴി അപ്ഡേറ്റ് ചെയ്യാന്‍ ശ്രമിച്ചു. ഒരു ബ്ലോഗുണ്ടെങ്കിലും അധികം ആക്റ്റീവ് അല്ലാത്ത എന്റെ സുഹൃത്ത് കൂടിയായ ഹനീഷിനെ ആദ്യം വിളിച്ചു. ശനിയാഴ്ച ആയതിനാല്‍ അലക്കും,നനയും ഒക്കെ കഴിഞ്ഞ് രണ്ടരയോടെ സ്ഥലത്തെത്താം എന്ന് ഉറപ്പ് കിട്ടി. കുറുമാന് , കുട്ടന് മേനൊന് എന്നിവരെ വിളിച്ചപ്പോള്‍ 10 മിനിറ്റിനകം ഇരുവരും സിദ്ധാര്‍ത്ഥയില്‍ എത്തുമെന്ന് അറിയിച്ചു. കുമാര്‍, കലേഷ്, പച്ചാളം, സാന്‍ഡോസ് എന്നിവരെ വിളിച്ചെങ്കിലും വ്യക്തിപരമായ തടസ്സങ്ങളാല്‍ എത്തിച്ചേരാനാകില്ല എന്ന് ക്ഷമാപണത്തൊടെയുള്ള അറിയിപ്പ് കിട്ടി. ഇക്കാസ്, ഇടിവാള്‍, ബഹുവ്രീഹി,വിഷ്ണുപ്രസാദ് എന്നിവര്‍ മീറ്റാനായി യാത്രയിലാണെന്നും അറിഞ്ഞു. പാട്ടുരായ്ക്കല്‍ ബസ്സിറങ്ങി. സുഹൃത്ത് വികാസ്(ഗുട്ടുസാര്‍) ബൈക്ക് ആയിവന്ന് എടുത്തോണ്ട് പോയി സിദ്ധാര്‍ത്ഥയില്‍ നിക്ഷേപിച്ചു.
സിദ്ധാര്‍ത്ഥ റീജെന്‍സിയുടെ കവാടത്തില്‍ ചെന്ന് റിസെപ്ഷെനിസ്റ്റിനോട് ഇവിടെ ബ്ലോഗേര്‍സ് മീറ്റ് നടക്കുന്ന സ്ഥലം എവിടെയാണെന്ന് ചോദിച്ചപ്പോള്‍ "അറിയില്ല" എന്നാണ് മറുപടിയായി ലഭിച്ചത്. ഉടന്‍ തന്നെ മീറ്റ് സ്വാഗതസംഘം പ്രസിഡെന്റ് കുട്ടന്മേനോനെ വിളിച്ചു; ഫോണ്‍ എന്‍ഗേജ്ഡ്. അടുത്തപടിയായി സെക്രട്ടറി കുറുമാനെ വിളിച്ചു . "നില്‍ക്കുന്നതിന്റെ വലത് വശത്ത് മൂന്നക്ഷരം കാണാം. അവിടെ വെല്‍കം ഡ്രിങ്ക്സ് കുടിച്ചിരിക്കുന്നു" എന്ന് വിവരം ലഭിച്ചു. അത് മല“ബാര്‍“ സിമെന്റിന്റെ ഏതോ അനെക്സ് ആയിരുന്നു. കാലാധിക്യത്താല്‍ ചില അക്ഷരങ്ങള്‍ കളഞ്ഞ്പോയതിനാല്‍ "ബാര്‍" എന്ന് മാത്രം കാണപ്പെട്ടു. വന്ന നിലയ്ക്ക് കുറുമാനും കുട്ടന്മേനോനും ഒപ്പം വെല്‍കം ഡ്രിങ്ക്സില്‍ പങ്ക് ചേര്‍ന്നു. പീലു, ഇക്കാസ്, വില്ലൂസ് എന്നിവരും അവിടെ എത്തിചേര്‍ന്നു.(ഇവരില്‍ ആരൊക്കെ വെല്‍കം ഡ്രിങ്ക്സ് കഴിച്ചു, ആരൊക്കെ പച്ചയ്ക്ക് മാറി ഇരുന്നു എന്ന് മെയില്‍ അയച്ചാല്‍ ഞാന്‍ പറഞ്ഞ് തരുന്നതായിരിക്കും.). മല"ബാറി"ന്റെ രണ്ട്നില മുകളിലായിരുന്നു "കോറെല്‍" എന്ന മീറ്റിംഗ് ഹാള്‍. ഇനി വരുന്നവരെ അവിടേയ്ക്ക് വഴിതിരിച്ച് വിടാന്‍ റിസെപ്ഷനിസ്റ്റിനെ ചട്ടംകെട്ടി എല്ലാവരും ഹാളിലേയ്ക്ക് നീങ്ങി.
വിഷ്ണുപ്രസാദ്,ഹനീഷ്,ആരിഫ്(ഇളംതെന്നല്‍),രാജേഷ് കെ.പി, ബഹുവ്രീഹി, സുനീഷ് തോമസ്,പീലു(പ്രവീണ്‍),കുട്ടിച്ചാത്തന്, പുള്ളി, ഇടിവാള്‍ എന്നിവര്‍ ഒറ്റയ്ക്കും,തെറ്റയ്ക്കുമായി അവിടെ എത്തിച്ചേര്‍ന്നു.
പ്രസിദ്ധ സാഹിത്യകാരന് അശോകന് ചെരുവിലിന്റെ അമ്മ നിര്യാതയായതിനാല്‍ ചടങ്ങിലെ മുഖ്യാതിഥികളായ വികെ ശ്രീരാമന്, വൈശാഖന് മാഷ് എന്നിവര്‍ നേരം വൈകിയേ വരൂ എന്ന് വിവരം ലഭിച്ചു. ആയതിനാല്‍ വന്നവരെ വെച്ച് മീറ്റ് ആരംഭിക്കാമെന്ന് തീരുമാനം കൈകൊണ്ടു.
മീറ്റ് ആരംഭിച്ചു എന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഉള്ള മറ്റ് ബ്ലോഗേര്‍സിനെ അറിയിക്കാനും, മീറ്റ് വിശേഷങ്ങള്‍ അതതു സമയത്ത് അപ്ഡേറ്റ് ചെയ്യാനുമായി കുറുമാന്റെ ലാപ്ടോപ്പും,മൊബൈലും സജ്ജമാക്കി.

ലോനപ്പന്/വിവി(ദേവദാസ്) & കുറുമാന്
തുടര്‍ന്ന് തൃശൂര്‍ബ്ലൊഗില്‍ മീറ്റ് കുറുമാന്റെ ഐഡിയില്‍ നിന്ന് പ്രോക്സി പൊസ്റ്റ് നടത്തി.
മീറ്റിന് വന്നവരുടേ പേരുകള്‍ ഞാന്‍ വിട്ട് കളഞ്ഞിട്ടുണ്ടോ, ഞാന്‍ തന്നെ അനോണിയായി കമെന്റ് ഇടുന്നുണ്ടൊ എന്നൊക്കെ സംശയം മൂത്ത് ഏത്തി വലിഞ്ഞ് നോക്കുന്നവരെ താഴെ കാണാം.


വിഷ്ണു പ്രസാദിന്റെ "പാപി" എന്ന കവിതയായിരുന്നു അടുത്ത ഇനം. ഉള്ളത് പറയണമല്ലോ നല്ല കവിതയായിരുന്നു കവിതയില്‍ ഓരോ തവണ "പാപി" എന്ന് വിളിക്കുമ്പൊളും ഓരോ ബ്ലോഗറും
തന്നെയല്ല എന്ന മട്ടില്‍ അപ്പുറത്ത് ഇരിക്കുന്നവനെ നോക്കി "ഞാന്‍ ഒറ്റയ്ക്കല്ല" എന്ന് ആശ്വാസം പൂണ്ടു.
ദില്ബന്, കുമാര്‍, അചിന്ത്യ, പൊന്നപ്പന്,ഗുണ്ടൂസ് എന്നിവര്‍ മൊബൈല്‍ ഫോണ്‍ വഴി മീറ്റിലെ പങ്കാളികളാകുകയും പരസ്പരം സ്നേഹാന്വേഷണങ്ങള്‍ പങ്ക് വെയ്കുകയും ചെയ്തു. ഇതിനിടെ ആദി-മധ്യകുറുമാന്‍മാര്‍ സന്നിഹിതരായി. ഇവര്‍ രണ്ട് പേരും കുറുമാന്റെ ചേട്ടന്മാരാണെന്ന് ഒരു കുഞ്ഞും പറയില്ല. മല"ബാര്‍" സിമെന്റിന്റെ വേറേതോ ഓഫീസില്‍ പോകാനിരുന്ന ആദിയെ അന്തികുറുമാന്‍ ആയ നമ്മുടെ കുറു പ്രത്യേക ക്ഷണപ്രകാരം ഇങ്ങോട്ട് വരുത്തിച്ചു. മധ്യകുറുമാന്‍ "മദ്യ-കുറുമാന്" അല്ല എന്ന കാര്യം വിനയ പുരസ്സരം അറിയിച്ച് കൊള്ളട്ടേ. കവിത നടക്കുന്നതിനിടെ ശ്രീമാന്‍&ശ്രീമതി കൈതമുള്ള് എന്നിവര്‍ ചടങ്ങില്‍ എത്തിച്ചേര്‍ന്നു. ഏവര്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് ശ്രീമതി കൈതമുള്ള് രംഗം കാലിയാക്കി. ഉഴിച്ചില്‍-പിഴിച്ചില്‍ ഒക്കെ നടത്തി ഇനിയും ഒരു പത്തുപതിനാറ് അങ്കത്തിന് ബാല്യമുണ്ട് എന്ന് വിളിച്ച് പറയും വിധം പ്രസന്നവദനനായി കൈതമുള്ള് ചേട്ടനും ചടങ്ങില്‍ പങ്ക് ചേര്‍ന്നു. ബഹുവ്രീഹിയുടെ പാട്ട് ആയിരുന്നു അടുത്തയിനം. ശ്രുതിമധുരമായ ആലാപനം കൊണ്ട് അദ്ദേഹം സദസിനെ ധന്യമാക്കി. മീറ്റിന്റെ തല്‍സമയ റിപ്പോര്‍ട്ടിംഗ് പീലുവിനെ ഏല്‍പ്പിച്ച് ഞാന്‍ ആസ്വാദകനായി.
പീലുവും ബഹുവ്രീഹിയും
വില്ലൂസിന്റെ പാട്ടായിരുന്നു അടുത്തയിനം. ഇമ്പമാര്‍ന്ന പാട്ടുകളാല്‍ വില്ലൂസ് ഏവരേയും ആസ്വദിപ്പിച്ചു.
തൃശൂരില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന "കുമ്മാട്ടിക്കളി"യുടെ ചമയപ്രദര്‍ശനത്തിന്റെ ഉല്‍ഘാടനം കഴിഞ്ഞ് ശ്രീ വൈശാഖന് മാഷും, അശോകന് ചെരുവിലിന്റെ വീട്ടില്‍ നിന്ന് പുറപ്പെട്ട ശ്രീ വി.കെ ശ്രീരാമനും അരമണിക്കൂറിനകം മീറ്റ് നഗരിയില്‍ എത്തിച്ചേരുമെന്ന് വിളിച്ചറിയിച്ചു.
ആയതിനാല്‍ ഒരു ചെറിയ ബ്രേക്ക് ആകാമെന്ന് കരുതി. ബ്രേക്കിനിടയില്‍ കുട്ടിച്ചാത്തന് വക "കൂടോത്രം ചെയ്ത ഹല്‍വ" വിതരണം ഉണ്ടായി. താഴെ കാണുന്ന ആ വസ്തുവിനെ തൃശൂരില്‍ "കറുത്തലുവ" എന്നാണ് വിളിക്കുകയെങ്കിലും കണ്ണൂരില്‍ അത് "കിണ്ണത്തപ്പം" ആണെന്ന് കുട്ടിച്ചാത്തന് ഉദ്ഘോഷിച്ചു. സംഗതി എന്ത് കോപ്പാണെങ്കിലും പാത്രം തുറന്ന പാടെ കാലിയായി.
കറുത്തലുവ അഥവാ കിണ്ണത്തപ്പം
മീറ്റിന്റെ ആദ്യ പാതിയ്ക്ക് ഇവിടെ തിരശീല വീഴുന്നു.
അടുത്തഭാഗം ഉടനേ പുറത്തിറങ്ങുന്നതാണ്.
സസ്നേഹം
ലോനപ്പന്/വിവി.
Tuesday, October 09, 2007
തൃശ്ശിവപേരൂര്‍
കൊഴുപ്പുരുകിയിട്ടുണ്ട്
മുറിഞ്ഞ മൃഗം കണ്ണുകളില്‍
പൂരപ്പറമ്പിലേയ്ക്കുള്ള
വഴി ചവിട്ടുമ്പോള്‍ പറഞ്ഞു
“കുടിക്കണം”
വഴിയരികിലെ തട്ടുകട
പൊന്നുകെട്ടിയ പുലിനഖച്ചിരി ചിരിച്ചു
തേക്കിന്‍കാട്ടില്‍ അരയ്ക്കൊപ്പം പുല്ലില്‍
വായ് രതിയ്ക്ക് ബൃഹന്നള ക്ഷണിച്ചു
പൊട്ടിക്കാന്‍ അമിട്ടൊന്നും ബാക്കിയില്ലെന്ന്
വടക്കുന്നാഥന് ആകാശത്തിനോട് പറഞ്ഞു
തൃശൂരെത്ര മാറിയെന്ന് ആശ്ചര്യപ്പെടും മുന്‍പ്
സ്വയം തിരുത്തി
നിനക്ക് നവാബ് രാജേന്ദ്രനെ അറിയുമോ?
വിശപ്പു മാറാത്ത റപ്പായിയെ?
പാതിരാത്രി ചെട്ടിയങ്ങാടിയില്‍
കുത്തേറ്റു വീണിട്ടുണ്ടോ?
കൊക്കാലയില്‍
റെയിലോരത്തെ ജീവിതം കണ്ടിട്ടുണ്ടോ?
ബസ് സ്റ്റാന്റിലെ നാണയത്തോര്‍ത്തിനു പിന്നിലെ
ഈച്ചയാര്‍ക്കുന്ന പഴുപ്പ് കണ്ടിട്ടുണ്ടോ?
സന്ദര്‍ശകരെ നോക്കി
മുഷ്ടിമൈഥുനം ചെയ്യുന്ന
കുരങ്ങന്മാരുള്ള കാഴ്ചബംഗ്ലാവ്
മിഥിലയില്‍
മേശച്ചുവടെ കാലുരുമ്മി ചായകുടി
സാഹിത്യ അക്കാദമിയിലെ
ആരും വാങ്ങാത്ത പുസ്തകങ്ങള്‍
ഇതില്‍ക്കൂടുതല്‍ നിനക്കെന്ത് തൃശൂര്‍?
“സിദ്ധാര്‍ത്ഥയിലിരിക്കാം”
തിരക്കില്‍ ഓട്ടോറിക്ഷയില്‍
അക്ഷമപ്പെട്ടു, കെണിയിലായ മൃഗം
എഴുതിത്തീരാത്ത കഥ
ഒന്നാം ബ്രാണ്ടിക്കുശേഷം
പുറപ്പെടുവാന്‍ തുടങ്ങി
വിഷവും ആഭിചാരവും
എണ്ണത്തിരിയും മഞ്ഞള്‍പ്പൊടിയും നിറഞ്ഞ്
കള്ളുമേശ പാമ്പിന്‍കാവായി
ബാറിലെ തണുപ്പില്‍ പൂതല്‍മരങ്ങളില്‍
കൂണുകള്‍ മുളച്ചുനിന്നു
രണ്ടാം ബ്രാണ്ടിയില്
ഇടം നഷ്ടപ്പെട്ടവനായി
“എനിയ്ക്കിവിടം വിടണം
പുറത്തേയ്ക്കു വരാത്ത കഥകളും
പ്രണയവും മദ്യവും
ഗൂഡാലോചനയിലാണ്
അവരെന്നെ കൊല്ലും മുന്‍പ്”
സ്വന്തം കഥയിലെത്തന്നെ
ഏകാകിയായ തിമിംഗലം
ബാറിലെ നീലവെളിച്ചത്തില്‍
നിലത്ത് അടിവയര്‍ മുട്ടിച്ചു നീന്തി
എനിയ്ക്ക് വല്ലാതെ ഉഷ്ണിച്ചതുകൊണ്ട്
പുറത്ത് ആരോ മഴപെയ്യിച്ചു
പ്രയാസങ്ങള്‍കൊണ്ട് മതം മാറിയ
ഏതെങ്കിലും ഡ്രൈവറുടെ
സുവിശേഷം കേള്‍ക്കേണ്ടി വരുമോ
എന്ന ഭയം
പുറത്തിറങ്ങുമ്പോള്‍ എന്നെ
മുറുകെ പിടികൂടി
** കഥാകൃത്ത് എം. നന്ദകുമാറുമൊത്ത് തൃശൂരിലെ ഒരു രാത്രി
Wednesday, October 03, 2007
വിജയന് മാഷ്
മലയാളത്തിന്റെ
പ്രസാദ ചിന്തയ്ക്ക്
നെറികേടിന്റെ വന്മരങ്ങളെ
ഉലച്ചു വീശിയിരുന്ന കാറ്റിന്
ആദരാഞ്ജലികള്‍!
Wednesday, August 29, 2007
പുലിമടകളില്‍ പടയൊരുക്കം

പതിമൂന്നു ദേശങ്ങളിലെ പുലിക്കളി സംഘങ്ങള്‍ അവസാന തയ്യാറെടുപ്പിലേക്ക്.
ത്രിശിവപേരൂരിന്റെ പുലിമടകളില്‍ ഉറക്കമില്ലാത്ത രാത്രികള്‍.
സ്വരാജ് റൌണ്ടിനെ വിറപ്പിക്കാന്‍ എണ്ണൂറിലേറെ പുലികളാണ് അണിയറയില്‍ തയ്യാറെടുക്കുന്നത്. കീരംകുളങ്ങര, കോട്ടപ്പുറം, ചെമ്പൂക്കാവ് & മൈലിപ്പാടം, ചക്കാമുക്ക്, പൂത്തോള്‍, പടിഞ്ഞാറെക്കോട്ട, പുതൂര്‍ക്കര, ഒരുമ പെരിങ്ങാവ്, കുട്ടങ്കുളങ്ങര, കാനാട്ടുകര, പാട്ടുരാക്കല്‍ എന്നീ ദേശങ്ങളിലെ പുലികളാണ് ഇത്തവണ രംഗത്തിറങ്ങുന്നത്.
പുലികളെല്ലാം ശൌര്യം പ്രാപിച്ചുകൊണ്ടിരിക്കുന്നു.
ഓണനാളുകളിലിറങ്ങുന്ന പുലിക്ക് ആയുസ്സ് 24 മണിക്കൂര്‍..ഒരുക്കത്തിനു മുന്നോടിയായി തലേന്നു തന്നെ ദേഹത്തെ രോമം മുഴുവന്‍ വടിച്ചു കളയും. പുലി നിറത്തില്‍ കട്ടികുറഞ്ഞ പെയിന്റ് അടിക്കും. പിന്നെ നാലുമണിക്കുറ് വിശ്രമം.പിന്നെ സെക്കന്‍ഡ് കോട്ട് പെയിന്റ് അടിക്കും. അതുണങ്ങാന്‍ വീണ്ടും നാലുമണിക്കുര്‍ നില്‍പ്പ്. ഈ സമയത്ത് ഭക്ഷണം പുറത്തുള്ളവര്‍ വാരിക്കൊടുക്കണം. നാളെ ഉച്ചവരെ പുലികളെ ഒരുക്കിക്കൊണ്ടേയിരിക്കും. നല്ല വരക്കാര് കുറവായതുകൊണ്ട് പല പുലികളും വളരെ നേരത്തെ തന്നെ തയ്യാറാവുന്നു. വൈകി മണ്ണെണ്ണയും ടര്‍പ്പന്റയിനും മുക്കി ചായം കഴുകി കളയുന്നതുവരെ വിശ്രമമില്ലാത്ത ആവേശം. പണ്ട് മദ്യപിച്ചായിരുന്നു പുലികള്‍ ആടിയിരുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മദ്യപിച്ച പുലികളെ സ്വരാജ് റൌണ്ടില്‍ കയറ്റാന്‍ സമ്മതിക്കാറില്ല. അതുകൊണ്ട് വെള്ളമടിച്ച പുലികള്‍ ഇത്തവണ ഇല്ല. !!
എല്ലാവര്ക്കും പുലിക്കളി ആശംസകള്‍ !!!
വാല്‍ക്കഷണം : ഇത്തവണ പുലിക്കളി മഴയത്താവാനുള്ള എല്ലാ സാധ്യതയും കാണുന്നു.
Saturday, August 25, 2007
തൃശൂര്‍ ബ്ലോഗ്മീറ്റ്
സിദ്ധാര്‍ത്ഥാ റീജെന്‍സിയുടെ “കോറെല്‍” എന്ന ഹാളില്‍ മീറ്റിലാണ് ബ്ലൊഗെര്‍സ് ഒത്തുകൂടുന്നത്.
ഇക്കാസ്,വില്ലൂസ്,വിഷ്ണുപ്രസാദ്,കുറുമാന്,കുട്ടന്മേനോന്,ദേവദാസ്,ഹനീഷ്,വികാസ്,ആരിഫ്(ഇളംതെന്നല്‍),രാജേഷ് കെ.പി, ബഹുവ്രീഹി, സുനീഷ്തോമസ്,പീലു(പ്രവീണ്‍),കുട്ടിച്ചാത്തന് എന്നിവര്‍ സന്നിഹിതരായിരിക്കുന്നു.
ഇടിവാള്‍, കൈതമുള്ള്,സാന്‍ഡോസ്, വി.കെ.ശ്രീരാമന്, വൈശാഖന് എന്നിവര്‍ എത്തിചേര്‍ന്നുകൊണ്ടിരിക്കുന്നു.
കൊച്ച് വര്‍ത്തമാനവും,വിശേഷങ്ങളുമായി മീറ്റ് പുരോഗമിക്കുന്നു.
(ഏതാനും നിമിഷങ്ങള്‍ക്കകം ബ്ലോഗ് പുലികള്‍ തൃശൂര്‍ റൌണ്ടില്‍ ഇറങ്ങുന്നതായിരിക്കും)
മീറ്റ് നഗറില്‍ നിന്ന് ലോനപ്പന്/വിവി
Saturday, August 18, 2007
പ്രഥമ തൃശൂര്‍ ബ്ലോഗ് സംഗമം.
സാംസ്കാരിക തലസ്ഥാനമായ തൃശൂരിന്റെ ബ്ലോഗ് സാന്നിദ്ധ്യം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. കൊടകരപുരാണവും എന്റെ യൂറോപ്പ് സ്വപങ്ങളുമെല്ലാം ത്രിശിവപേരൂരില്‍ നിന്നും ബ്ലോഗിലെത്തി , പിന്നീട് ബ്ലോഗില്‍ നിന്നും അച്ചടിയിലേക്ക് കടന്ന് മലയാള സാഹിത്യരംഗത്ത് ഒരു നവോത്ഥാനത്തിനു തുടക്കം കുറിച്ചിരിക്കുന്നു. ഒരു സമാന്തര മാധ്യമമായി ബ്ലോഗ് ഇന്നു വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഇത്തരുണത്തില്‍ സാഹിത്യ-സാംസ്കാരിക രംഗത്തെ പുതിയ പ്രവണതകളും പുരോഗമനാശയങ്ങളും ചര്‍ച്ചചെയ്യുന്നതിനു വേണ്ടി സാംസ്കാരിക തലസ്ഥാനമായ തൃശൂരില്‍ ഒരു സംഗമം സംഘടിപ്പിക്കുന്നു.
സ്ഥലം : സിദ്ധാര്‍ത്ഥ റീജന്‍സി ഹോട്ടല്‍ - തൃശൂര്‍.
തീയതി : ആഗസ്റ്റ് 25 ശനിയാഴ്ച.
സമയം : ഉച്ചകഴിഞ്ഞ് 2 മുതല്‍ 5 വരെ.
അജണ്ട
സ്വാഗതം
മുഖ്യാതിഥി : വി.കെ. ശ്രീരാമന് (സാംസ്കാരിക രംഗത്ത് ബ്ലോഗുകളുടെ പ്രസക്തിയെക്കുറിച്ച് സംസാരിക്കുന്നു.)
കഥയിലെ പുതിയ പ്രവണതകളെ കുറിച്ച് പ്രശസ്ത മലയാള കഥാകൃത്ത് സംസാരിക്കുന്നു. ( name will be announced soon )
പുതിയ കവിതാ സങ്കേതങ്ങളെ കുറിച്ച് പ്രശസ്ത കവി പി പി രാമചന്ദ്രന് സംസാരിക്കുന്നു.
മലയാള സാഹിത്യ നിരൂപണത്തിലെ നാഴികക്കല്ലുകളെക്കുറിച്ച് പ്രശസ്ത നിരൂപകന് സംസാരിക്കുന്നു. ( name will be announced soon )
യൂറോപ്പ് സ്വപ്നങ്ങളുടെ വഴിയിലൂടെ - ശ്രീ കുറുമാന് സംസാരിക്കുന്നു.
തുറന്ന ചര്‍ച്ച
റിഫ്രഷ്മെന്റ് ( പരിപ്പുവടയും ചായയും )
ഇത്രയും പേര് ഹാജര്‍ വെച്ചിട്ടുണ്ട്.
1.കുറുമാന്
2.ഇടിവാള്‍
3.കുട്ടിച്ചാത്തന്
4.സാന്‍ഡോസ്
5.കലേഷ് കുമാര്‍
6.കുട്ടന്മേനൊന്
7.കൈതമുള്ള്
8.ഇക്കാസ്
9.വില്ലൂസ്
10.ബേര്‍ലി
11.സുനീഷ്
12.ദേവദാസ്
13.പച്ചാളം
14.മുസാഫിര്‍
ഇനിയും പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ കമന്റായി ഹാജര്‍ വെക്കുമല്ലോ.
Friday, July 20, 2007
സ്ഥലനാമപുരാണം - രണ്ടാം ഭാഗം
കേരളത്തില്‍ ചിറ എന്നവസാനിക്കുന്ന ഒട്ടേറെ സ്ഥലപ്പേരുകള്‍ കാണാം. തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറയും അഷ്ടമിചിറയും അവയിലൊന്നു മാത്രം.
പ്രാചീന കേരളത്തില്‍ ചിറകള്‍ക്ക് വളരെയേറെ പ്രാധാന്യമുണ്ടായിരുന്നു. അന്ന് ഇവിടെ അധിവസിച്ചിരുന്നവരുടെ പാരിസ്ഥിതികാവബോധത്തിനും ഉയര്‍ന്ന സാങ്കേതിക ജ്ഞാനത്തിനും ഒന്നാന്തരം ദൃഷ്ടാന്തങ്ങളാണവ. കേരളത്തിന്റെ കിഴക്കന്‍ ഭാഗങ്ങളിലുണ്ടായിരുന്ന ചിറകള്‍ ഗ്രീഷ്മകാലത്തേയ്ക്കാവശ്യമായ ജലം സംഭരിച്ചു നിര്‍ത്താനും, പടിഞ്ഞാറന്‍ ഭാഗങ്ങളിലേത് കൃഷിയിടങ്ങളിലേക്ക് ഉപ്പു വെള്ളം കടക്കാതിരിക്കാനും ഉദ്ദേശിച്ച് നിര്‍മ്മിക്കപ്പെട്ടവയായിരുന്നു.
പുത്തന്‍ ചിറയുടെ കാര്യത്തില്‍ , ഒരു പഴയ ചിറ അതിനടുത്ത് മുമ്പുണ്ടായിരുന്നുവെന്നതായി കരുതാം. എന്നാല്‍ പുതിയ ചിറ വന്നതോടെ അതിന്റെ പ്രസക്തിയും പ്രാധാന്യവും നഷ്ടപ്പെട്ട് ഇപ്പോള്‍ പേരു മാത്രം അവശേഷിക്കുന്നു. ആ പഴയ ചിറയുടെ തീരത്ത് ഒരു അഷ്ടമൂര്‍ത്തി ക്ഷേത്രം സ്ഥാപിക്കപ്പെട്ടതുകൊണ്ടെ കാലക്രമേണ ‘അഷ്ടമിച്ചിറ’ എന്നും അറിയപ്പെടാനായി എന്നു മാത്രം.
കൊടകര
കേരളം ഏറെക്കുറെ ചതുപ്പുനിലങ്ങളും ജലാശയങ്ങളും, നിബിഡവനങ്ങളും കൊണ്ട് അധിവാസയോഗ്യമല്ലാത്ത അതി പ്രാചീന ദശയില്‍ സേലം, കോയമ്പത്തൂര്‍ ഭാഗങ്ങളില്‍ നിന്ന് ‘കൊങ്ങുചേരന്മാര്‍ ’ എന്നറിയപ്പെട്ടിരുന്ന ദ്രാവിഡ ജനത പാലക്കാടന്‍ തുറസ്സിലൂടെ പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്ക് പതുക്കെ പതുക്കെ വ്യാപിച്ചിരുന്നു. അന്നത്തെ അവരുടെ ഭാഷയില്‍ ‘പടിഞ്ഞാറ്’ എന്നര്‍ത്ഥത്തില്‍ ഉപയോഗിച്ചിരുന്ന പദം ‘കുട’ എന്നായിരുന്നു. കുടക്, കുടമാളൂര്‍, കുടയത്തൂര്‍ മുതലായ സ്ഥലപ്പേരുകളിലും ഈ സൂചനയാകാം ഉള്ളത്. പടിഞ്ഞാറന്‍ കര എന്നര്‍ത്ഥത്തില്‍ ആദിദ്രാവിഡര്‍ പറഞ്ഞു പോന്നിരുന്ന ‘കുടകര’ പിന്നീട് ‘കൊടകരയായിത്തീര്‍ന്നു.
കാരൂര്‍, കരൂപ്പടന്ന, കറുകുറ്റി
ക്രമേണ കൊടകരയ്ക്ക് പടിഞ്ഞാറുള്ള പ്രദേശങ്ങള്‍ വാസയോഗ്യമായപ്പോള്‍ കൊങ്ങു ചേരന്മാര് അവിടെ ആധിപത്യമുറപ്പിച്ചു. തൃശ്ശിനാപ്പിള്ളിക്കടുത്ത് കാവേരിതീരത്തുണ്ടായിരുന്ന തങ്ങളുടെ പഴയ ആസ്ഥാനത്തിന്റെ പേരായ ‘കരുവൂര്‍ ’ എന്നു തന്നെ പുതിയ പ്രദേശത്തിനും നാമകരണം ചെയ്തു. അത് കാലക്രമേണ കരൂര്‍ എന്നും കാരൂര്‍ എന്നും മാറിയിട്ടുണ്ടെന്നു മാത്രം.
വിസ്തൃതമായ ഈ അധിവാസ കേന്ദ്രം പടിഞ്ഞാറ് കരൂപ്പടന്ന ( കരൂര്‍ പടനെയ്തല്‍ - നെയ്തല്‍ =സമുദ്രതീരം) വരേയും, തെക്കോട്ട് കറുകുറ്റി (കരൂര്‍ക്കുറ്റി - കുറ്റി=അതിര്) വരെയും വ്യാപിച്ചിരുന്നു. ഇപ്പോഴത്തെ മാളയായിരുന്നു അന്നത്തെ തുറമുഖം. ( സംഘസാഹിത്യത്തില്‍ പലവട്ടം പ്രത്യക്ഷപ്പെടുന്ന ‘മാന്തൈപ്പെരുന്തുറ’ യാണ് പിന്നീട് മാള എന്ന പേരില്‍ അറിയപ്പെട്ടത്).
വടമ,വൈന്തല,കുഴൂര്‍
കേരളത്തിലെ പ്രാചീന തുറമുഖങ്ങളുടെയെല്ലാം വടക്കു ഭാഗം ‘വടതലൈ’ എന്നാണറിയപ്പെട്ടിരുന്നത്. ഇന്നും വടുതല എന്നപേരില്‍ അത്തരം പ്രദേശങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മാന്തൈപ്പെരുന്തുറയുടെ വടക്കു ഭാഗം ‘വടമ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. അതിനു കിഴക്കുള്ള വിസ്തൃതമായ പാടശേഖരത്തിന്റെ തല ‘വയല്‍ത്തല’ (വയ്ത്തല-വൈന്തല). ഈ മാന്തൈപ്പെരുന്തുറയുടെ സമീപത്തായിരുന്നു ഉതിയന്‍ ചേരലാതന്റെ ആസ്ഥാനമായ ‘കുഴുമൂര്‍ ’ എന്ന് ‘പതിറ്റുപ്പത്തില്‍ ‘സൂചനയുണ്ട്. മാളക്കടുത്ത് ഇപ്പോഴും ‘കുഴൂര്‍ ’ എന്നറിയപ്പെടുന്ന സ്ഥലമുണ്ട്.
കൊമ്പൊടിഞ്ഞാമാക്കല്‍
ടിപ്പുവിന്റെ പടയോട്ടകാലത്ത് കൊച്ചിയിലേയ്ക്കുള്ള യാത്രാ ഇടവേളയില്‍ ഒരു ആല് മരത്തിന്റെ അടിയില്‍ വിശ്രമിക്കുകയുണ്ടായി. അതിനുശേഷം യാത്ര തുടര്‍ന്ന അദ്ദേഹം തന്റെ ഉടവാള് എടുക്കാന്‍ മറക്കുകയും ഭൃത്യന്മാരോട് അന്നു താന്‍ വിശ്രമിച്ചിരുന്ന കൊമ്പൊടിഞ്ഞ ആലിന്റെ അടുത്ത് നിന്ന് വാള് എടുത്തുകൊണ്ടു വരാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. പിന്നീട് ഈ ആല് വളരെ പ്രശസ്ഥമാകുകയും അതിനടുത്തുള്ള പ്രദേശം കൊമ്പൊടിഞ്ഞാമാക്കല്‍ എന്നറിയപ്പെടാനും തുടങ്ങി.
അവലംബം( അടിച്ചുമാറ്റിയത് ) : 1989 ല്‍ പ്രസിദ്ധീകരിച്ച ഗ്രാമിക ഓണപ്പതിപ്പിലെ പ്രൊഫ. പി. നാരായണമേനോന്റെ ലേഖനത്തില്‍ നിന്നും പിന്നെ കുറെ കേട്ടു കേള്വികളും..
Wednesday, July 18, 2007
തൃശൂര്‍ നിഘണ്ടു
===== =====
ഇസ്റ്റാ , ഗഡി , മച്ചൂ = സുഹ്രൂത്ത്
ശവി = മോശമായവന്
ചുള്ളന് = ചെറുപ്പക്കാരന്
ചുളളത്തി = ചെറുപ്പക്കാരി
ബൂന്ത്യായി /പടായി / ക്ലോസായി = മരിച്ചു
കന്നാലി , മൂരി = ബുദ്ധീല്ലാത്തവന് / വികാരമില്ലാത്തവന്‍
വെടക്ക്/അലമ്പ് / അല്‍ക്കുല്‍ത്ത് = മോശ്ശം
ഡാവ് = ചെറുപ്പക്കാരന് / പൊങ്ങച്ചം
ക്ടാവ് = കുട്ടി
അകറുക = കരയുക
പൊതിയഴിക്കുക = പോങ്ങച്ചം പറയുക
ഒരു ജ്യാതി = വളരേയധികം
ഒരു ചാമ്പാ ചാമ്പ്യാലില്ലേ = ഒരു അടി തന്നാല്‍
സ്കൂട്ടായേ ഗെഡ്യേ = സ്ഥലം കാലിയാക്കൂ സുഹൃത്തേ
ഇമ്രോടുന്ന് = നമ്മുടെ അവിടെ നിന്ന്
ഇമ്മറെ ആന്റപ്പേട്ടന് = നമ്മുടെ ആന്റപ്പേട്ടന്
പ്രാഞ്ചി= ഫ്രാന്‍സിസ്
ജോസ്പ്പ് = ജോസഫ്
അയില്ക് = അതിലേക്ക്
ഇയില്‍ക്ക് = ഇതിലേക്ക്
ഈച്ച റോളില്‍ നാവാടുക = അശ്ലീലം പറയുക
ചപ്പട റോള്‍ = തൊന്ന്യവാസം
അപ്പിടി = മുഴുവന്‍
ഏടേല്‍ക്കോടെ=ഇടയിലൂടെ
ഒരൂസം = ഒരു ദിവസം
സ്പോട്ട് വിട്രാ / തെറിക്കാന്‍ നോക്കെടാ / സ്കൂട്ടാവെടാ = കടന്ന് പോടാ
കലിപ്പ് = ദ്വേഷ്യം
ന്തൂട്രാവെനേ = എന്താണെടാ മോനേ
ഓട്ടര്‍ഷ/ ഗുച്ചാന്‍ = ഓട്ടോറിക്ഷ
ചോയ്ക്ക് = ചൊദിക്ക്
ബൂസ്റ്റിട്ടു / മെടഞ്ഞു / കിഴിയിട്ടു /കീറാകീറി = മര്‍ദ്ദിച്ചു
മോന്ത / മോറ് = മുഖം
വാള്‍പോസ്റ്റായി = നിലംപരിശായി
ജമ്മണ്ടങ്ങേ = ജീവനുണ്ടെങ്കില്‍
ചിന്തവേണ്ടാ =അധികം ആലൊചിക്കണ്ട
മത്താപ്പ് = മന്ദബുദ്ധി
കിര്ക്കന്മാര് = പോലീസ്
ബുഡ = വയസന്
തോട്ടി ഇടുക = കളിയാക്കുക
പാങ്ങില്ല = കഴിവില്ല
ഇമ്രോടുന്ന് = നമ്മുടെ അവിടെ നിന്ന്
തലയടിക്കുക / ഓസുക = സൌജന്യം തേടുക
കിണ്ണന് കാച്ചി = ബെസ്റ്റ്
ചെമ്പ് = പണം
നെറ്റീമ്മെ കുരിശ് പോറാന് ഒരണയില്ല = കയ്യില്‍ ചില്ലിക്കാശില്ല
നടാടെ = ആദ്യമായി
ഊര = ചന്തി
എന്തൂട്രാണ്ടെക്ക = എന്തൊക്കെ ഉണ്ടെടാ
ചീള് കേസ് = നിസ്സാരകാര്യം
ഗുമ്മില്ല = രസമില്ല
അലക്ക് = അടി
ഒട്ടിയഡാക്കള്‍ = മെലിഞ്ഞവര്‍
ചടച്ചു = കോലംകെട്ടു
ഓളീട്വാ = കൂവുക
ചെമ്പെട്ത്തേ ഗെഡ്യേ= കാശെടുക്ക് സുഹൃത്തേ
ചെമ്പ് റോള്‍= നല്ല സ്റ്റൈല്‍
സമാഹരണം: വിവി/ഇടി/കുറു
Saturday, May 05, 2007
സ്ഥലനാമപുരാണം - ഒന്നാം ഭാഗം
വടക്കുന്നാഥ ക്ഷേത്രം ആണെന്ന് കരുതുന്നവര്‍ ആണ് തൃശൂര്ക്കാര്. അത്തരത്തിലാണ് തൃശൂര്‍
നഗരത്തിന്റെ രൂപഘടന. നഗരത്തിന്റെ നടുക്കായി വടക്കുന്നാഥക്ഷേത്രം, ചുറ്റിലമായി തേക്കിന്‍കാട്
മൈതാനവും, സ്വരാജ് റൌണ്ടും. തൃശൂരുമായി ബന്ധപ്പെട്ട ചില സ്ഥലനാമങ്ങളാണ് പോസ്റ്റിലെ പ്രതിപാദ്യം.
തൃശൂരിലെ പ്രധാന ചിറകളാണ് വടക്കേ ചിറയും, പടിഞ്ഞാറെ ചിറയും. 'ചിറ' എന്നാല്‍ ബണ്ട് എന്നാണ്
അര്‍ഥമാക്കുന്നത്. വടക്ക് നിന്നും, കിഴക്ക് വെള്ളാനിപ്പാടം, കുറ്റുമുക്ക് എന്നീ ഭാഗങ്ങളില്‍
നിന്നും ഒഴുകി വന്നിരുന്ന നീരൊഴൊക്കും മറ്റും ചേര്‍ന്ന കായല്‍ ചിറകെട്ട് സൂക്ഷിച്ചിരുന്നതാണ്
വടക്കേചിറ. പടിഞ്ഞാറു ഭാഗത്തു നിന്നുള്ള നീരൊഴുക്ക് ബണ്ടുകെട്ടി സംരക്ഷിച്ചിരുന്നതാണ്
പടിഞ്ഞാറെ ചിറ. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് പട്ടാളം തമ്പടിച്ചിരുന്നതിനാല്‍ 'പട്ടാളം റോഡ്'
എന്ന് അറിയപ്പെടുന്ന സ്ഥലം കഴിഞ്ഞ് വരുന്നതെല്ലാം പണ്ട് താരതമ്യേന താഴ്ന്ന
പ്രദേശങ്ങളായിരുന്നു. ഇരട്ടച്ചിറ അവിടെയായിരുന്നു. പടിഞ്ഞാറ്, വടക്ക് ചിറകള്‍ ഉയര്‍ന്ന
ജനവിഭാഗങ്ങള്‍ക്ക് മാത്രമായി മതില് കെട്ടി വേര്‍തിരിച്ചിരുന്നു. ഇരട്ടച്ചിറയ്ക്ക് ഇത്തരം
വേര്‍ത്തിരിവുകള്‍ ഉണ്ടായിരുന്നില്ല. എല്ലാ തരം ജനങ്ങളും അത് ഉപയോഗിച്ച് പോന്നു. കാലന്തരത്തില്‍
മണ്ണിടിഞ്ഞ് ഇരട്ടച്ചിറ നാമാവശേഷം ആയി. കണക്കുപ്രകാരം ഇപ്പോള്‍ അവിടെ 10 അടി മണ്ണ്
ഉയര്‍ന്നിട്ടുണ്ട്
ഭൂമി ശാസ്ത്രപ്രകാരം കിഴക്കൂന്ന് പടിഞ്ഞാറേയ്ക്ക് നീരൊഴുക്കിനൊടൊപ്പം മണ്ണൊലിപ്പും
സംഭവിക്കുന്നു. ചിറ ഇപ്പോള്‍ കാണുന്നില്ലെങ്കിലും 'ചിറയ്ക്കല്‍' എന്ന സ്ഥലം ചിറയായിരുന്നു.
അവിടെ ചിറകെട്ടി കിഴക്ക് വശത്ത് സമതലമായി ചെറിയൊരു 'കര' കൂട്ടിച്ചേര്‍ക്കപ്പെട്ടു. ഇത്തരത്തില്‍
ചേര്‍ത്ത് ഭൂപ്രദേശം 'ചേര്‍പ്പ്' എന്ന പേരില്‍ അറിയപ്പെടുന്നു. (ചേര്‍ത്തലയും ഇത്തരത്തില്‍
ഉണ്ടായ ഭൂപ്രദേശമാണ് എന്നാണ് അനുമാനം). വെസ്റ്റ്പാലസ് റോഡിലായി വടക്ക് വശത്ത് അല്‍പ്പകാലം മ്പ് വരെ 'പള്ളിത്തേവാരക്കെട്ട്' എന്നു പേരായ ഒരു വലിയ കെട്ടിടമുണ്ടായിരുന്നു. സാധാരണയായി
ജലാശയത്തിന്റെ അടുത്താണ് തേവാരക്കെട്ട് സ്ഥാപിക്കുക. മാത്രമല്ല പഴയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍
എല്ലാം പാലസിന്റെ കിഴക്കുവശത്താണ്. പടിഞ്ഞാറുഭാഗത്ത് വന്നിട്ടുള്ളത് താരതമ്യേന പുതിയ
കെട്ടിടങ്ങള്‍ മാത്രമാണ് എന്നതും ശ്രദ്ധേയമാണ്. വെസ്റ്റ്പാലസ് റോഡ് വളരെ താഴ്ന്ന പ്രദേശം
ആയിരുന്നു. പണ്ട് അവിടെ ഒരാള്‍ ഇയരമുള്ള മതില് ഉണ്ടായിരുന്നത് ഇപ്പോല്‍ അഗ്രഭാഗം മാത്രം
കാണാവുന്ന നിലയില്‍ മണ്ണിടിഞ്ഞ് നികന്നിട്ടുണ്ട്.
കേരളത്തില്‍ ഒമ്പതാം നൂറ്റാണ്ടിനുശേഷം മാത്രമാണ് ബ്രാഹ്മണക്ഷേത്രങ്ങള്‍ വന്നിട്ടുള്ളതായി കണക്കാക്കുന്നത്. അതിനു മുന്‍പ് ദ്രാവിഡരുടെ കാവുകളും, തറകളും, മറ്റുമാണ് ഉണ്ടായിരുന്നത്. ശിവക്ഷേത്രം വന്നതിനു ശേഷമാണ് 'തൃശിവപേരൂര്' എന്ന പേരുത്ഭവിച്ചത് എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ വടക്കുന്നാഥക്ഷേത്രം അതിനു മുന്‍പും നിലനിന്നിരുന്നു എന്നും അതൊരു ജൈന ക്ഷേത്രം ആയിരുന്നു എന്നും മറ്റൊരു വാദമുഖമുണ്ട്. ജൈനമതത്തിലെ ആദ്യ തീര്‍ഥങ്കരനാണ് 'ഋഷഭന്' (വൃഷഭന്‍ എന്നും ചിലയിടത്ത് പരാമര്‍ശമുണ്ട്) . വടക്കുന്നാഥ സുപ്രഭാതത്തില്‍
"ശ്രീമത് ഋഷാചലപതേ
തവ സുപ്രഭാതം"
എന്ന വരികള്‍ ആവര്‍ത്തിച്ച് വരുന്നത് കാണാവുന്നതാണ്. സംസ്കൃതത്തിലും മൂലരൂപമായ പാലിയിലും ഋഷഭം/വൃഷഭം എന്നത് മലയാളത്തില്‍ ഇടവം/എടവം എന്നായിത്തീരും
ഋഷഭം - ഇടവം/എടവം
ഋഷാചലപതി - ഇടവക്കുന്നിന്റെ നാഥന്->എടവക്കുന്നിന്റെ നാഥന്->എടവക്കുന്നാഥന്‍->ടവക്കുന്നാഥന്‍
എന്ന രീതിയില്‍ ഈ നാമം പരിണാമ വിധേയമാകുകയും 'ടവക്കുംനാഥന്‍' എന്ന പദം Metathesis സംഭവിവിച്ച് 'വടക്കുംനാഥന്' ആയി മാറുകയും ചെയ്തു എന്നാണ് ഈ വാദമുഖം ഉയര്‍ത്തുന്നവരുടെ അനുമാനം. അതല്ലാതെ വടക്കുംനാഥന് North ആയി ബന്ധമില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
(Metathesis പ്രകാരം പണ്ട് 'മുച്ചിറ്റൂര്‍' എന്ന് അറിയപ്പെട്ടിരുന്ന സ്ഥലം ഇപ്പോള്‍ 'മുറ്റിച്ചൂര്‍' എന്നാണ് അറിയപ്പെടുന്നത്. 'ഊര് ' എന്നാല്‍ ജനസാന്ദ്രത കൂടിയ/ഉയര്‍ന്ന ജനവിഭാഗങ്ങള്‍ താമസിക്കുന്ന ഇടം എന്നാണര്‍ഥമാക്കുന്നത്. ഉദാ.ചേറൂര്. 'കോട്' എന്നാല്‍ ഉയര്‍ന്ന ഭൂപ്രദേശം ഉദാ.മുണ്ടത്തിക്കോട്. 'ചേരി' എന്നാല്‍ ഒരു പ്രത്യേക തൊഴില്‍ വിഭാഗത്തില്‍ പെട്ടവര്‍ കൂട്ടം ചേര്‍ന്ന് വസിക്കുന്നിടം ഉ.ദാ. വടക്കാഞ്ചേരി)
പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ തൃശിവപേരൂര് ചരിത്രത്തില്‍ അറിയപ്പെടുന്നു. ആ കാലഘട്ടത്തില്‍ അജ്ഞാതനായ ഒരു വയനാടന്‍ കവി 'തിരുമരുതൂര്‍' ജലാശയത്തെ വര്‍ണ്ണിക്കുമ്പോള്‍ തൃശിവപേരൂര് പോലെ ശൈവലസദ്യുതി എന്ന് ഉപമിക്കുന്നുണ്ട്. ഇതാണ് തൃശൂരിനെ കുറിച്ചുള്ള ഏറ്റവും പുരാതനമായ ചരിത്ര പരാമര്‍ശം.
1956-ല്‍ കേരളസാഹിത്യ അക്കാദമി വന്നതിനു ശേഷമാണ് തൃശൂര്‍ 'സാംസ്ക്കാരിക നഗരം' എന്ന് അറിയപ്പെടുന്നത്. ഇന്നും കലാ-സാഹിത്യ-വാണിജ്യ സംരംഭങ്ങളുടെ മുഖ്യ വിഹാരകേന്ദ്രമായി തൃശൂര്‍ വര്‍ത്തിക്കുന്നു.
കടപ്പാട്:- പ്രൊഫ. പി നാരായണന് & സുബീഷ്കുമാര്‍
(തൃശൂരിലെ പി.ജി.സെന്ററിലെ ക്യാമ്പസ് മാഗസിനായി ഇവര്‍ ശേഖരിച്ച വിവരങ്ങളാണ് അവലംബം.)
പല്ലി മുറിച്ചിട്ട വാല്‍ക്കഷണം :
ഈ പോസ്റ്റ് തയ്യാറാക്കി അവതരിപ്പിക്കുന്നത് ശ്രീമാന്‍ വിവി / വി.എം ദേവദാസ് അവര്കളാണ്.
Wednesday, May 02, 2007
തൃശ്ശൂര്‍ ക്ലബ് - മെംബര്‍ഷിപ്പ് ക്ഷണിക്കുന്നു
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ പേരില്‍ ഒരു ബ്ലോഗ് തുടങ്ങിയ വിവരം ഇതിനകം എല്ലാവരും അറിഞ്ഞുകാണുമെന്നു വിശ്വസിക്കുന്നു. തൃശ്ശൂരിന്റെ ഒരു ജിഹ്വയാക്കി ഇതിനെ വളര്‍ത്തിയെടുക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നതായി ആദ്യ രണ്ടു മൂന്നു പോസ്റ്റുകളില്‍ നിന്നും മനസ്സിലാവുന്നു. ഈ ബ്ലോഗിന്റെ മുന്നോട്ടുള്ള പ്രയാണത്തിനായി താഴെ കാണുന്ന ചില നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നു.
ഈ ബ്ലോഗിന്റെ ഉദ്ദേശ ലക്ഷ്യം തന്നെ തൃശ്ശൂരിലെ ഭൂത-ഭാവി -വര്‍ത്തമാന വിശേഷങ്ങള്‍ സഭ്യമായ രീതിയില്‍ പങ്കുവെക്കുകയെന്നതാണ്.
ഓരോ പോസ്റ്റുകള്‍ക്കിടയിലും ചുരുങ്ങിയത് ഒരു ദിവസത്തെ ഇടവേളയെങ്കിലും ഉണ്ടാവുകയാണെങ്കില്‍ കൂടുതല്‍ ആളുകള്‍ക്ക് പോസ്റ്റുകള്‍ വായിക്കാന്‍ സൌകര്യം ലഭിക്കും.
തൃശ്ശൂരുമായി ബന്ധപ്പെട്ട ഏതുവിഷയവും ആര്‍ക്കും പോസ്റ്റ് ചെയ്യാം. ഇതൊരു വ്യക്തിയുടെയോ ഒരു ഗ്രൂപ്പിന്റെയോ ബ്ലോഗല്ല. തൃശ്ശുരുമായി ബന്ധപ്പെട്ട എല്ലാവരുടെയുമാണ്.
ബ്ലോഗിനെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും പരാതികളും അപ്പപ്പോള്‍ തന്നെ കമന്റു വഴിയോ മറ്റോ അറിയിക്കുക.
ഈ ബ്ലോഗിന്റെ ടെമ്പ്ലേറ്റിനു എന്തോ കുഴപ്പമുണ്ടെന്നും, ഫയര്‍ ഫോക്സ് ഉപയോഗിക്കുന്നവര്‍ക്ക് ചിലപ്പോള്‍ വായിക്കാന്‍ പറ്റുന്നില്ല എന്നും പരാതി ലഭിച്ചിരുന്നു. സാക്ഷി ടെമ്പ്ലേറ്റില്‍ പണിതുകൊണ്ടിരിക്കുന്നു. മാത്രമല്ല ഉടന്‍ തന്നെ ഈ ബ്ലോഗിനെ പുതിയ വെര്‍ഷനിലേക്ക് മാറ്റേണ്ടതുമുണ്ട്.
ബ്ലോഗില്‍ പോസ്റ്റ് ചെയ്യേണ്ടവര്‍/അംഗത്വം വേണ്ടവര്‍ സ്വന്തം ബ്ലോഗിന്റെ മേല്‍വിലാസം സഹിതം താഴെപറയുന്ന അഡ്രസ്സില്‍ ബന്ധപ്പെടുമല്ലോ.
rageshku@gmail.com / kuttamenon@gmail.com
എല്ലാവരുടേയും പങ്കാളിത്തവും, പ്രോത്സാഹനവും, ആശിര്‍വാദവും പ്രതീക്ഷിക്കുന്നു.
Tuesday, May 01, 2007
സ്റ്റാര്‍ട്ട് ആക്ഷന്‍ ക്യാമറ. ഒരു തൃശ്ശൂര്‍ തിരക്കഥ.
വര്‍ഷം - 1907
സ്ഥലം- തൃശൂര്‍ തേക്കിന് കാട് മൈതാനത്തിന്റെ ഒരു മൂലയില്‍ ഉയര്‍ത്തിയിട്ടുള്ള ചെറിയ കൂടാരം
പേര് - ജോസ് ബയൊസ്കോപ്പ്
നിലത്ത് പടിഞ്ഞിരുന്ന്, മുന്നില്‍ തൂക്കിയിട്ടിരിക്കുന്ന വെള്ളനിറത്തിലുള്ള തിരശ്ശീലയില്‍ വിരിയുന്ന ദൃശ്യങ്ങള്‍ അമ്പരപ്പോടെ നോക്കിയിരിക്കുന്ന നൂറോളം കാണികള്‍. അവര്‍ക്ക് മുന്നില്‍ ഒരു തീവണ്ടി ചീറിപ്പാഞ്ഞെത്തുന്നു, ഒരു പൂ വിരിയുന്നു, പട്ടി കുരയ്ക്കുന്നു. ഏതാണ്ട് ഇരുപത് മിനിട്ടോളം ദൈര്‍ഘ്യം വരുന്ന പരസ്പരബന്ധമേതുമില്ലാത്ത ഈ ദൃശ്യങ്ങളിലൂടെയാണ് കേരളക്കരയ്ക്കു മുന്നില്‍ ആദ്യമായി ഒരു മലയാളി, ‘ബയൊസ്കോപ്പ്‘ എന്ന സാദ്ധ്യതകളുടേയും സ്വപ്നങ്ങളുടേയുമായ നൂതനലോകം തുറക്കുന്നത്.
1906- ഇല് സേലത്ത് നടന്ന ദക്ഷിണേന്ത്യയിലെ ആദ്യത്തെ ബയൊസ്കോപ്പ് പ്രദര്‍ശനത്തിനു ശേഷം ഒരു വര്‍ഷം തികയുന്നതിനു മുന്പെയാണ് ജോസ് ബയൊസ്കോപ്പ് കേരളത്തിലുടനീളം കൊച്ചുകൊച്ച് കൂടാരങ്ങളിലെ കാണികള്‍ക്ക് അത്ഭുതദൃശ്യങ്ങള്‍ കാണിച്ചുകൊടുത്തത്. എന്നതില്‍ നിന്നു തന്നെ മനസ്സിലാക്കാം മലയാള സിനിമയുടെ ചരിത്രത്തില്‍ തൃശ്ശൂര്‍ക്കാരനും, ജോസ് ബയൊസ്കോപ്പിന്റെ ഉടമയുമായ കാട്ടൂക്കാരന്‍ വാറുണ്ണി ജോസഫിന്റെ പ്രസക്തി. ടാക്കീസ് എന്ന
സങ്കല്പം പോലും മലയാളിയ്ക്ക് അജ്ഞാതമായിരുന്ന തൃശ്ശൂരില്‍, വൈദ്യുതി എത്തി നോക്കുക പോലും ചെയ്തിട്ടില്ലാത്ത ഒരു കാലഘട്ടത്തില്‍ തിരുച്ചിറപ്പിള്ളിക്കാരന്‍ വിന്‍സന്റ് പോളിന്റെ കയ്യില്‍ നിന്നും വാങ്ങിയ തന്റെ ബയോസ്ക്പോപ്പുമായി വാറുണ്ണി ജോസഫ് കേരളത്തിനകത്തും പുറത്തും ഒരു പുതിയ സംസ്കാരത്തിന്റെ ആഗമനം കാഹളം മുഴക്കി അറിയിച്ചത്.
കൈകൊണ്ട് കറക്കിയാണ് ബയോസ്കോപ്പിന്റെ പ്രൊജക്റ്റര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്. രാത്രി സമയത്ത് പ്രദര്‍ശനം നടക്കുമ്പോള്‍ കൂടാരത്തിനുള്ളില്‍ ഒരു കാലിവീപ്പയില്‍ പെറ്റ്രോമാക്സ് ഇറക്കിവെച്ച് ഒരു പലകകൊണ്ട് മൂടും. ജോസ് ബയോസ്കോപ്പിലൂടെ കേരളക്കര സിനിമാസ്വാദനത്തിന്റെ അക്ഷരമാല അഭ്യസിച്ചു തുടങ്ങവെ ആദ്യം ബോംബെയിലും കല്‍ക്കത്തയിലും, പിന്നീട് ഇന്ത്യയില്‍ മറ്റു പലയിടങ്ങളിലും നിശ്ശബ്ദചിത്രങ്ങള്‍ പ്രേക്ഷകരെ ആകര്‍ഷിച്ചു തുടങ്ങിയിരുന്നു.
കൊല്‍ക്കത്തയില്‍ തീപ്പെട്ടി വ്യവസായത്തെക്കുറിച്ചു പഠിക്കാന്‍ പോയ എഞ്ജിനീയറിംഗ് ബിരുദധാരിയായ മകന് ദേവസ്സി മുഖേന, വൈദ്യുതി ഉപയോഗിച്ചുപ്രവര്‍ത്തിക്കുന്ന പ്രൊജക്റ്റര്‍ വാറുണ്ണി ജൊസഫ് തൃശ്ശുര്രിലെത്തിക്കുന്നതോടെ ജോസ് ബയ്യൊസ്കൊപ്പ് ജോസ് എലക്റ്റ്രിക് ബയൊസ്കോപ് ആയിമാറി. എഡിപോളോ, കിംഗ് ഒഫ് ദ് സര്‍ക്കസ് തുടങ്ങിയ ഇംഗ്ഗ്ലീഷ് ചിത്രങ്ങളോടൊപ്പം കാളിയമര്‍ദ്ദനം, ഹരിശ്ച്ചന്ദ്രന് തുടങ്ങിയ മൂക ചിത്രങ്ങള്‍ കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ തുടങ്ങി. സ്ക്രീനില്‍ കാണിക്കുന്ന ദൃശ്യങ്ങള്‍ “ഇതാ നായകന് നായികയുടെ അടുത്തെയ്ക്ക് ചെല്ലുന്നു, അയാളെ വില്ലന്മാര് താല്ലുന്നു“ എന്നൊക്കെ അപ്പപ്പോള്‍ ഉറക്കെ വിളിച്ച് പറയുകയായിരുന്നു അന്നത്തെ രീതീ.
ജോസഫിന്റേതു കൂടാതെ മറ്റു ചില മൂവീ സംഘങ്ങള്‍കൂടി കേരളത്തിലുടനീളം സഞ്ചരിച്ച് ചിത്രപ്രദര്‍ശനം നടത്താന്‍ തുടങ്ങിയത് ഏതാണ്ട് ഇതേ കാലഘട്ടത്തിലാണ്. തൃശ്ശൂര്‍ക്കാരായ കാഞ്ഞിരപ്പറമ്പില്‍ വാറു, മൂക്കന് മാസ്റ്റര്‍ തുടങ്ങിയവരായിരുന്നു ഇതില്‍ പ്രധാനികള്‍.
അപ്പോള്‍ ലോകമൊട്ടാകെ സിനിമ പതുക്കെ ദൃശ്യത്തോടൊപ്പം ശബ്ദവും കൂടി ചേര്‍ത്തുവയ്ക്കാന്‍ ഒരുങ്ങുകയായിരുന്നു.
കാട്ടൂക്കാരന്‍ വാറുണ്ണി ജോസഫ് തന്റെ പെറ്റ്രോമാക്സ് വീപ്പയ്ക്ക് വെളിയിലേക്ക് ഇറക്കിവച്ചു. പുറത്ത് വെളിച്ചം പരന്നു.
ഇന്റര്‍വെല്‍!
(പ്രിയമുള്ള കൂട്ടുകാരേ.. ഇടവേളയാണിത്. ഉപ്പുസോഡയും ക്രഷും പുറത്തെ പീടികയില്‍ കിട്ടും. അവിടെ നിന്നും പാട്ടുപുസ്തകം വാങ്ങാന്‍ മറക്കണ്ട. വേഗം തിരികെ വരാനും)
Thursday, April 26, 2007
തൃശ്ശൂര്‍ പൂരം !
പൂരത്തിനെതിരെ വന്ന കുണ്ടാമണ്ടികളെയൊക്കെ തച്ചുടച്ചു പൂരപ്രേമികള്‍ മുന്നേറുന്നു. ചെട്ടിയങ്ങാടി, പടിഞ്ഞാറെ കോട്ട, എരിഞ്ഞേരി ബസാര്‍, പാട്ടുരായ്ക്കല്‍, എന്നിവിടങ്ങളില്‍ നിന്നും പൂരപ്രേമികള്‍ കൂട്ടം കൂട്ടമായി തേക്കിങ്കാട്ടിലേക്ക് വന്നുകൊണ്ടിരിക്കുന്നു .
======== ========= ==============
പൂരദിവസത്തെ പരിപാടികള്‍
പാറമേക്കാവ്
രാവിലെ 6:00 ആറാട്ട്, നിവേദ്യം , പൂജകള്‍.
രാവിലെ 11:30 ചൂരക്കോട് ഭഗവതിയെ ഇറക്കിയെഴുന്നെള്ളിക്കുന്നു.
രാവിലെ12:00 ചെറിയ പാണി.
ഉച്ചക്ക് 12:30 പുറത്തേക്ക് എഴുന്നെള്ളത്ത് - 15 ആനപ്പുറത്ത് പാറമേക്കാവ് ശ്രീ പത്മനാഭനു ഭഗവതിയുടെ തിടമ്പേറ്റുന്നു. തുടര്‍ന്ന് ചെമ്പട മേളം , ചെറിയ കുടമാറ്റം. ചെമ്പട കലാശിച്ച് പാണ്ടിമേളം ആരംഭിക്കുന്നു.
ഉച്ചക്ക് 02:00 പെരുവനം കുട്ടന്മാരാരുടെ പ്രമാണത്തില്‍ മുന്നോറോളം കലാകാരന്മാര്‍പങ്കെടുക്കുന്ന ഇലഞ്ഞിത്തറമേളം
ഉച്ചകഴിഞ്ഞ് 4:30 മേളം സമാപനം. ശ്രീവടക്കുന്നാഥനെ പ്രദക്ഷിണം ചെയ്തശേഷം
ത്രിപുടതാളത്തോടെ തെക്കോട്ടിറക്കം കൊച്ചിരാജാവിന്റെ പ്രതിമ വരെ പോയി തിരിച്ച്
പ്രദക്ഷിണ വഴിയില്‍ എത്തുന്നതോടേ ശ്രീ തിരുവമ്പാടി ഭഗവതിയുമായി കൂടിക്കാഴ്ച.
ഉച്ചകഴിഞ്ഞ് 5.30 കുടമാറ്റം . ഈ സമയം പാഞ്ചാരിമേളം മൂന്നാം കാലത്തേക്ക്
കടക്കുന്നു .
വൈകീട്ട് 6:30 ന് തെക്കെ പ്രദക്ഷിണ വഴിയിലൂടെ നാദസ്വരത്തിന്റെ അകമ്പടിയോടെ
ക്ഷേത്രത്തിലേക്ക് എഴുന്നെള്ളുന്നു .
വൈകീട്ട് 7:00 ദീപാരാധന., അത്താഴപൂജ
രാത്രി 10:00 ഏഴ് ആനകളുടെ അകമ്പടിയോടേ എഴുന്നെള്ളത്ത്. ചോറ്റാനിക്കര വിജയന്
പ്രമാണം വഹിക്കുന്ന പഞ്ചവാദ്യം കിഴക്കെ വഴിയിലൂടെ നീങ്ങി മണികണ്ഠനാല്‍
പന്തലില്‍ പ്രവേശിക്കുന്നു.
പുലര്‍ച്ച 2:30 നു മേളം പര്യവസാനിക്കുന്നു.
പുലര്‍ച്ച 3:00 ബ്രഹ്മമുഹൂര്‍ത്തത്തില്‍ ഭഗവതി എഴുന്നെള്ളി നില്ക്കുമ്പോള്
പ്രധാനവെടിക്കെട്ട്.
പുലര്‍ച്ച 6:00 വെടിക്കെട്ട് പര്യവസാനിക്കുന്നു.
തിരുവമ്പാടി
പുലര്‍ച്ച 03:00 നടതുറക്കല്‍, വാകച്ചാര്‍ത്ത് , അഭിഷേകങ്ങള്‍.
പുലര്‍ച്ച 04:00 പറ നിറക്കല്‍
കാലത്ത് 05:30 ഉഷപ്പൂജ, ശീവേലി
കാലത്ത് 07:00 മൂന്നാനപ്പുറത്ത് നടപ്പാണ്ടി( ചെണ്ടമേള)യുമായി പൂരം ക്ഷേത്രത്തിനു പുറത്തേക്ക് ഷൊര്‍ണ്ണൂര്‍ റോഡിലൂടെ പുറപ്പെടുന്നു.
കാലത്ത് 09:00 പൂരം നായ്ക്കനാലിലെത്തി പടിഞ്ഞാറെ റൌണ്ടിറങ്ങി നടുവില്‍
മഠത്തിലേക്ക്
കാലത്ത് 11:30 നടുവില്‍ മഠത്തിലെ ഉപചാരങ്ങള്‍ക്ക് ശേഷം മഠത്തില്‍ വരവ്
ആരംഭിക്കുന്നു. പഞ്ചവാദ്യം മട്ടന്നൂര്‍ ശങ്കരന് കുട്ടിയുടെ പ്രാമാണിത്തത്തില്
ഉച്ചക്ക് 01:15 മഠത്തില്‍ വരവ് സ്വരാജ് റൌണ്ടില്‍ . ഏഴാനകളുമായി നടുവിലാലില്‍
എത്തുന്നു .
ഉച്ചകഴിഞ്ഞ് 02:45 നു നായ്ക്കനാലിലെത്തി പഞ്ചവാദ്യം അവസാനിക്കുന്നു.
ഉച്ചകഴിഞ്ഞ് 03:00 നു പാണ്ടിമേളത്തോറ്റെ ഘോഷയാത്ര തേക്കിങ്കാട് മൈതാനത്തേക്ക്
15 ആനകളോടെ കയറുന്നു.
ഉച്ചകഴിഞ്ഞ് 04:40 ശ്രീമൂലസ്ഥാനത്ത് പാണ്ടിമേളം സമാപിക്കുന്നു. പിന്നീട്
തിടമ്പേറ്റിയ ആന വടക്കുന്നാഥനെ പ്രദക്ഷിണം ചെയ്യുന്നു.
വൈകീട്ട് 05:10 പതിനഞ്ചാനകളും തെക്കെ ഗോപുരത്തിലൂടെ ഇറങ്ങി റൌണ്ടില്‍
നില്ക്കുന്ന പാറമേക്കാവിന്റെ ഗജനിരക്ക് അഭിമുഖമായി നില്ക്കുന്നു
വൈകീട്ട് 05:30 കുടമാറ്റം
വൈകീട്ട് 06:45 തിടമ്പേറ്റിയ ആന തേക്കിങ്കാട്ടിലൂടെ പഴയ നടക്കാവിന്റെ കിഴക്കേ
അറ്റത്ത് ചെന്നു നില്ക്കുന്നു . പിന്നീട് കാണിപൂജ.
വൈകീട്ട് 07:45 തിടമ്പ് മഠത്തില്‍ ഇറക്കുന്നു .
വൈകീട്ട് 07:45 മുതല്‍ മൈതാനത്ത് അമിട്ടുകളും ഗുണ്ടുകളും പൊട്ടിക്കുന്നു .
രാത്രി 11:30 മുതല്‍ 02:30 വരെ വീണ്ടും മഠത്തില്‍ വരവ് ..
പുലര്‍ച്ച 03:00 മുതല്‍ 06:00 വരെ വെടിക്കെട്ട് .
========== ========= ==============
പൂരത്തിന്റെ ബാക്കി പത്രങ്ങളായി, കതിനമണവും, ആനപ്പിണ്ടങ്ങളും, അടിച്ചു വാളു വച്ച് ആനപ്പിണ്ടമെടുത്ത് റബ്കോ മാട്രസ്സുപോലെ “പിണ്ടശയ്യയില്‍” കിടന്നുറങ്ങുന്ന “കുടിയ പിതാമഹന്മാരും“ പൂരശേഷമുള്ള പതിവു കാഴ്ചകള്‍ !
പ്രവാസിയെന്ന ലേബലും നെറ്റിയിലൊട്ടിച്ച്, നൊസ്റ്റാള്‍ജിയ എന്ന ജാഢയും നെഞ്ചിലേറ്റി, അനേക പൂരസ്മരണകള്‍ വെട്ടുപോത്തിനെപ്പോലെ അയവെട്ടിക്കൊണ്ടിരിക്കുന്ന എനിക്ക്, പൂരത്തിനു വേണ്ടി ഇത്ര്യൊക്കേ ചെയ്യാന്‍ പറ്റുള്ളൂ ..
അതും കുട്ടമേനോനും, കുറുമാനും സഹായിച്ചതിന്റെ പേരില്‍! അപ്പോ അങ്ങന്യാവട്ടേട്ടാ ഗെഡ്യോളേ !!
എല്ലാ ചുള്ളമ്മാര്‍ക്കും, ചുള്ളത്ത്യോള്‍ക്കും, ഒരു ലോഡു പൂര ആശംസകള്‍!
വല്യ അലമ്പൊന്നുംല്ല്യാണ്ട് ഇതേ പോലെന്ന്യെ അടുത്ത കൊല്ലോം മ്മക്കങ്ങ്ട് അലക്കിപ്പൊളിക്കാന്‍ ദൈവം തമ്പ്രാന് ഗെഡി അനുഗ്രഹിക്കട്ടേന്ന് പ്രാര്‍ത്ഥിക്കാം .. ല്ലേ.. അല്ലാ, അല്ലാണ്ട്പ്പോ മ്മക്ക് എന്തൂറ്റ് തേങ്ങ്യാപ്പൊ ചെയ്യാമ്പറ്റാ ?
ഡാ ബേച്ചി കന്നാല്യോളേ....
ഇവടെ ഇമ്മക്കൊരു കമന്റ് വെടിക്കെട്ട് അങ്ങ്ട് പൂശ്യാലോ ? ഒരു ജ്യാതി അലക്കാവണം ട്രാ ഡാവോളേ ?? ഞാന്‍ പോയിട്ട് ഒരു നാരഞ്ഞാ വെള്ളം അങ്ങ്ട് കീച്ചീട്ട് വരാം ;)
Sunday, April 22, 2007
പൂരം വരവായ്..
ചരിത്രം.
പൂരങ്ങളുടെ പൂരമായ ആറാട്ടുപുഴ പൂരത്തിനു പല ദേശങ്ങളില്‍ നിന്നും ദേവകളെത്തുമായിരുന്നു. ഒരു തവണയിലെ പൂരത്തിനു ശക്തമായ കാറ്റും പേമാരിയും നിമിത്തം പാറമ്മേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, അയ്യന്തോള്‍, ചൂരക്കാട്ട്കാവ് , നെയ്തലക്കാവ്, കണിമംഗലം ശാസ്താവ് എന്നീ പൂരങ്ങള്‍ക്ക് ആറാട്ടുപുഴയിലെത്താന്‍ സാധിച്ചില്ലത്രെ. പൂരത്തിനെത്താതിരുന്നതുകൊണ്ട് ഈ പൂരങ്ങള്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചെന്ന് പറയപ്പെടുന്നു. അന്ന് ശക്തന് തമ്പുരാന്റെ ഭരണമായിരുന്നു. സംഭവമറിഞ്ഞ് കോപിഷ്ടനായ തമ്പുരാന് വടക്കുന്നാഥന് ആസ്ഥാനമാക്കി അടുത്ത പൂരം നാളില്‍ ( 977 മേടം) സാംസ്കാരികകേരളത്തിന്റെ തിലകക്കുറിയായി മാറിയ തൃശ്ശൂര്‍ പൂരം ആരംഭിച്ചു.
പൂരത്തിലെ പ്രധാന പങ്കാളികള്‍ നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളായ പാറമ്മേക്കാവും തിരുവമ്പാടിയുമാണ്.
ചെറുപൂരങ്ങള്‍
പൂരത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് ചെറുപൂരങ്ങള്‍. കാലത്ത് ഏഴുമണിയോടെ തന്നെ ചെറുപൂരങ്ങള്‍ ഓരോന്നായി വടക്കുന്നാഥ ക്ഷേത്രത്തിലെ ശ്രീമൂലസ്ഥാനത്ത് പ്രവേശിക്കും. ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, അയ്യന്തോള്‍, ചൂരക്കാട്ട്കാവ് , നെയ്തലക്കാവ്, കണിമംഗലം ശാസ്താവ് എന്നിവയാണ് അവ. മൂന്നില്‍ കൂടാതെ ആനകള്‍ ഓറോ എഴുന്നെള്ളിപ്പിനുമുണ്ടാവും. ഇതില്‍ കണിമംഗലം ശാസ്താവിന്റെ എഴുന്നെള്ളിപ്പോടെയാണ് പൂരം ആരംഭിക്കുന്നത് തന്നെ.
മഠത്തില്‍ വരവ്
രാവിലെ ഏഴിനു തിരുവമ്പാടിയില്‍ നിന്നും മൂന്നാനപ്പുറത്ത് പാണ്ടിമേളത്തോടെ നടുവില്‍ മഠത്തിലേക്ക് ഭഗവതിയെ ആനയിക്കുന്നു. പിന്നെ അവിടെ ദേവിക്ക് ഇറക്കി പൂജ. പിന്നീട് പ്രസിദ്ധമായ മഠത്തില്‍ വരവ്. പഴയ നടക്കാവിനടുത്ത് തിരുവമ്പാടിയുടെ തന്നെ കേമനായ ആനപ്പുറത്ത് ഭഗവതിയെ വഹിച്ചുകൊണ്ട് പതിനൊന്നരയോടെ പ്രസിദ്ധമായ പഞ്ചവാദ്യം. പ്രശസ്തരായ തിമില-മദ്ദള- കുറുംകുഴല്‍ വിദഗ്ദരാണ് ഇതില്‍ അണി നിരക്കുന്നത്.

പാറമേക്കാവിന്റെ വരവ് .
ഏകദേശം പന്ത്രണ്ടുമണിയോടെയാണ് പാറമ്മേക്കാവിന്റെ പൂരം തുടങ്ങുന്നത്. പതിനഞ്ചാനപ്പുറത്ത് പാറമേക്കാവ് ക്ഷേത്രാങ്കളത്തില്‍ നിന്നു തുടങ്ങുന്ന ചെമ്പട താളം അവസാനിക്കുന്നത് വടക്കുന്നാഥനില്‍ അത് കൊട്ടിക്കയറി പാണ്ടിമേളത്തോടെയാണ്.

ഇലഞ്ഞിത്തറമേളം
വടക്കുന്നാഥ ക്ഷേത്രത്തിലെ ഇലഞ്ഞിയുടെ ചുവട്ടിലാണ് പ്രസിദ്ധമായ ഈ നാദവിസ്മയം അരങ്ങേറുന്നത്. ഇരുന്നോറോളം കലാകാരന്മാരുടെ വാദ്യപ്രപഞ്ചം. പതികാലത്തില്‍ തുടങ്ങുന്ന മേളം ക്രമേണ ജനസഹസ്രങ്ങളുടെ ആവേശത്തോടൊപ്പം ത്രിപുട-തക്രത താളങ്ങളിലൂടെ കലാശത്തിലെത്തുന്നു. മേളം കൊട്ടിത്തീരുന്നതോടേ പാറമേക്കാവും തിരുവമ്പാടിയും വടക്കുന്നാഥനെ വലം വെച്ച് തെക്കേ ഗോപുര നടയിലൂടെ പ്രസിദ്ധമായ തെക്കോട്ടിറക്കം നടത്തുന്നത്.

കുടമാറ്റം.
തെക്കോട്ടിറക്കത്തിനു ശേഷം പാറമ്മേക്കാവിന്റെ തിടമ്പേറ്റിയ ആന രാജാവിന്റെ പ്രതിമയെ വണങ്ങി തിരിച്ചെത്തി മറ്റു ആനകളോടൊപ്പം വടക്കുന്നാഥനു അഭിമുഖമായി നിലയുറപ്പിക്കുന്നു. വടക്കുന്നാഥനെ സാക്ഷിയാക്കിയുള്ള ഈ മുഖാമുഖത്തോടെയാണ് പ്രസിദ്ധമായ കുടമാറ്റം നടക്കുന്നത്. പല നിറത്തിലും തരത്തിലുമുള്ള കുടകള്‍ നിവര്‍ത്തി പൂരാവേശക്കാരില്‍ ഉത്സവ്ത്തിന്റെ ആവേശം നിറയ്ക്കുന്നു.

പിന്നീട് തിരുവമ്പാടി ഭഗവതി ബ്രഹ്മസ്വം മഠത്തിലേക്കും പാറമേക്കാവ് ഭഗവതി പാറമേക്കാവ് ക്ഷേത്രത്തിലേക്കും ഒരോ ആനപ്പുറത്ത് പോകുന്നു. രാത്രി എട്ടുമണിയോടെ തിരുവമ്പാടിയുടെ മഠത്തിലേക്കുള്ള വരവ് ആരംഭിക്കുന്നു. ബ്രഹ്മമുഹൂര്‍ത്തത്തില്‍ പാറമ്മേക്കാവ് ഭഗവതി മണികണ്ഠനാലിലെ പന്തലിലും തിരുവമ്പാടി ഭഗവതി നായ്ക്കനാലിലും നിലയുറപ്പിക്കുന്നതോടെ പ്രസിദ്ധമായ പൂരം വെടിക്കെട്ട് ആരംഭിക്കുകയായി.

തൃശ്ശൂരിനോളം തന്നെ പ്രസിദ്ധിയുണ്ട് വെടിക്കെട്ടിനും. പ്രസിദ്ധരായ വെടിക്കെട്ട് പ്രമാണികളാണ് ഇതിനു സാരഥ്യം വഹിക്കുന്നത്.
പിറ്റേന്ന് ഉച്ചയോടെ തിരുവമ്പാടി-പാറമ്മേക്കാവ് ഭഗവതിമാര്‍ ഉപചാരം ചെല്ലി പിരിയുന്നതോടെ പൂരത്തിന് വിരാമമായി.
വാല്‍ക്കഷണം :
ഇവിടെ എല്ലാവരുടെയും പൂരസ്മരണകള്‍ കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തൃശ്ശൂരിന്റെ ബ്ലോഗിലെ ആദ്യപോസ്റ്റ് വടക്കുന്നാഥന്റെ ഉത്സവത്തെക്കുറിച്ചു തന്നെയാവട്ടെ. പൂരമില്ലെങ്കില്‍ തൃശ്ശൂരില്ലല്ലോ..
Creative contribution : ശ്രീ കുറുമാന്
Blog Design : സാക്ഷി