Tuesday, October 09, 2007

തൃശ്ശിവപേരൂര്‍

ടാന്‍സാനിയന്‍ വാസത്തിന്റെ
കൊഴുപ്പുരുകിയിട്ടുണ്ട്
മുറിഞ്ഞ മൃഗം കണ്ണുകളില്‍
പൂരപ്പറമ്പിലേയ്ക്കുള്ള
വഴി ചവിട്ടുമ്പോള്‍ പറഞ്ഞു

“കുടിക്കണം”

വഴിയരികിലെ തട്ടുകട
പൊന്നുകെട്ടിയ പുലിനഖച്ചിരി ചിരിച്ചു
തേക്കിന്‍കാട്ടില്‍ അരയ്ക്കൊപ്പം പുല്ലില്‍
വായ് രതിയ്ക്ക് ബൃഹന്നള ക്ഷണിച്ചു
പൊട്ടിക്കാന്‍ അമിട്ടൊന്നും ബാക്കിയില്ലെന്ന്
വടക്കുന്നാഥന്‍ ആകാശത്തിനോട് പറഞ്ഞു

തൃശൂരെത്ര മാറിയെന്ന് ആശ്ചര്യപ്പെടും മുന്‍പ്
സ്വയം തിരുത്തി
നിനക്ക് നവാബ് രാജേന്ദ്രനെ അറിയുമോ?
വിശപ്പു മാറാത്ത റപ്പായിയെ?
പാതിരാത്രി ചെട്ടിയങ്ങാടിയില്‍
കുത്തേറ്റു വീണിട്ടുണ്ടോ?
കൊക്കാലയില്‍
റെയിലോരത്തെ ജീവിതം കണ്ടിട്ടുണ്ടോ?
ബസ് സ്റ്റാന്റിലെ നാണയത്തോര്‍ത്തിനു പിന്നിലെ
ഈച്ചയാര്‍ക്കുന്ന പഴുപ്പ് കണ്ടിട്ടുണ്ടോ?

സന്ദര്‍ശകരെ നോക്കി
മുഷ്ടിമൈഥുനം ചെയ്യുന്ന
കുരങ്ങന്മാരുള്ള കാഴ്ചബംഗ്ലാവ്
മിഥിലയില്‍
മേശച്ചുവടെ കാലുരുമ്മി ചായകുടി
സാഹിത്യ അക്കാദമിയിലെ
ആരും വാങ്ങാത്ത പുസ്തകങ്ങള്‍
ഇതില്‍ക്കൂടുതല്‍ നിനക്കെന്ത് തൃശൂര്‍?

“സിദ്ധാര്‍ത്ഥയിലിരിക്കാം”
തിരക്കില്‍ ഓട്ടോറിക്ഷയില്‍
അക്ഷമപ്പെട്ടു, കെണിയിലായ മൃഗം

എഴുതിത്തീരാത്ത കഥ
ഒന്നാം ബ്രാണ്ടിക്കുശേഷം
പുറപ്പെടുവാന്‍ തുടങ്ങി
വിഷവും ആഭിചാരവും
എണ്ണത്തിരിയും മഞ്ഞള്‍പ്പൊടിയും നിറഞ്ഞ്
കള്ളുമേശ പാമ്പിന്‍കാവായി
ബാറിലെ തണുപ്പില്‍ പൂതല്‍മരങ്ങളില്‍
കൂണുകള്‍ മുളച്ചുനിന്നു

രണ്ടാം ബ്രാണ്ടിയില്‍
ഇടം നഷ്ടപ്പെട്ടവനായി

“എനിയ്ക്കിവിടം വിടണം
പുറത്തേയ്ക്കു വരാത്ത കഥകളും
പ്രണയവും മദ്യവും
ഗൂഡാലോചനയിലാണ്
അവരെന്നെ കൊല്ലും മുന്‍പ്”

സ്വന്തം കഥയിലെത്തന്നെ
ഏകാകിയായ തിമിംഗലം
ബാറിലെ നീലവെളിച്ചത്തില്‍
നിലത്ത് അടിവയര്‍ മുട്ടിച്ചു നീന്തി

എനിയ്ക്ക് വല്ലാതെ ഉഷ്ണിച്ചതുകൊണ്ട്
പുറത്ത് ആരോ മഴപെയ്യിച്ചു

പ്രയാസങ്ങള്‍കൊണ്ട് മതം മാറിയ
ഏതെങ്കിലും ഡ്രൈവറുടെ
സുവിശേഷം കേള്‍ക്കേണ്ടി വരുമോ
എന്ന ഭയം
പുറത്തിറങ്ങുമ്പോള്‍ എന്നെ
മുറുകെ പിടികൂടി** കഥാകൃത്ത് എം. നന്ദകുമാറുമൊത്ത് തൃശൂരിലെ ഒരു രാത്രി

19 comments:

അനിലൻ said...

പ്രയാസങ്ങള്‍കൊണ്ട് മതം മാറിയ
ഏതെങ്കിലും ഡ്രൈവറുടെ
സുവിശേഷം കേള്‍ക്കേണ്ടി വരുമോ
എന്ന ഭയം
പുറത്തിറങ്ങുമ്പോള്‍ എന്നെ
മുറുകെ പിടികൂടി....

ഒരിക്കല്‍ പാതിരാത്രി തൃശൂരുനിന്ന് തളിക്കുളം വരെ സുവിശേഷം പറഞ്ഞ് വണ്ടിയോടിച്ച ഓട്ടോക്കാരന്‍ സന്തോഷ് പോളിന്.മദ്യത്തിന്റെ ഗിയര്‍ ന്യൂട്രലിലാക്കിത്തന്ന ആ രാത്രിയിലെ മഴയ്ക്ക്.

കുറുമാന്‍ said...

അനിലാ,

താങ്കളുടെ രണ്ട് അധ്യായങ്ങളുള്ള നഗരം എന്ന പുസ്തകത്തില്‍ പ്രസിദ്ധീകരിച്ച ഈ കവിത എനിക്കേറെ ഇഷ്ടപെട്ടതാണ്. തൃശൂരിനെ കുറിച്ചുള്ള പല ഓര്‍മ്മകളും ഉണര്‍ത്തുന്നു ഈ കവിത.

എനിയ്ക്കിവിടം വിടണം
പുറത്തേയ്ക്കു വരാത്ത കഥകളും
പ്രണയവും മദ്യവും
ഗൂഡാലോചനയിലാണ്
അവരെന്നെ കൊല്ലും മുന്‍പ്”


ഈ വരികള്‍ എനിക്കേറ്റവും ഇഷ്ടം.

asdfasdf asfdasdf said...

അനിലേട്ടാ,
മുമ്പ് ഇതു വായിച്ചിട്ടുണ്ട്.
വീണ്ടും തറവാട്ടില്‍ കയറിയിറങ്ങിയ പ്രതീതി.

അനിലൻ said...

കുട്ടന്‍, കുറൂ.. സമാഹാരത്തിലും പണ്ടു മുക്കിയ ചങ്ങാടമെന്ന ബ്ലോഗിലും ഈ കവിത ഉണ്ട്. ജീവന്‍ ടീവിയീല്‍ അമ്പലപ്പുഴ ശിവകുമാര്‍ വായിച്ചിരുന്നു.
നാട്ടില്‍ പോകുന്നതിന്റെ ഭാഗമായി സംഭവിക്കാറുള്ള തിമിര്‍പ്പിലാണിപ്പൊ. ചങ്ങാതിമാരുമൊത്ത് റൌണ്ടില്‍ കറങ്ങി മദ്യശാലകളില്‍ കയറിയിറങ്ങി അവസാനത്തെ വണ്ടിയില്‍ കയറി വീട്ടില്‍ പോകുന്നത് ഓര്‍മ്മ വന്നു. അതുകൊണ്ടാ വീണ്ടും ഇട്ടത്.

Ajith Polakulath said...

:)

രണ്ട് അദ്ധ്യായങ്ങള്‍ വായിക്കാത്ത നഗരം

(അനിലേട്ടാ എന്നാ ഇനി ഒരു അടുത്ത കൂടല്‍?)

Pramod.KM said...

വരികള്‍ ദൃശ്യങ്ങളായി.
:)

സഖാവ് said...

അനിലേട്ടാ,

സന്ധ്യക്കു ഒരു പൊതി കപ്പലണ്ടി വേടിച്ചു കൊറിച്ചു ആ തേക്കിന്‍ കാട്ടിലൂടെ നടക്കുന്ന സുഖം വേറെ ഏതു നഗരത്തില്‍ കിട്ടും ഒരു ത്രിശൂക്കാരന്.

എന്തോ വല്ലാത്ത ഒരു വികാരം എന്നെ അങ്ങോട്ടു എന്നെ ആഞ്ഞു വലിക്കുന്നു

സസ്നേഹം

aneeshans said...

ങ്ങള് തൃശൂര്‍കാരനാ അല്ലേ. കരളിലിപ്പോഴും കവിതയും, പ്രണയവും ഉള്ളതു കൊണ്ട് ഷാര്‍ജ്ജലിയിലെപ്പോഴും മഴയാണെന്ന് കേള്‍ക്കുന്നു.

നേരാ /

അനീഷ്

Sanal Kumar Sasidharan said...

തൃശൂരെത്ര മാറിയെന്ന് ആശ്ചര്യപ്പെടും മുന്‍പ്
സ്വയം തിരുത്തി
നിനക്ക് നവാബ് രാജേന്ദ്രനെ അറിയുമോ?
വിശപ്പു മാറാത്ത റപ്പായിയെ?
പാതിരാത്രി ചെട്ടിയങ്ങാടിയില്‍
കുത്തേറ്റു വീണിട്ടുണ്ടോ?
കൊക്കാലയില്‍
റെയിലോരത്തെ ജീവിതം കണ്ടിട്ടുണ്ടോ?
ബസ് സ്റ്റാന്റിലെ നാണയത്തോര്‍ത്തിനു പിന്നിലെ
ഈച്ചയാര്‍ക്കുന്ന പഴുപ്പ് കണ്ടിട്ടുണ്ടോ?

..onnum parayaanilla.bhaavukangngal

വിശാഖ് ശങ്കര്‍ said...

അനിലാ,
ഇതു ഞാന്‍ ആദ്യമായാ വായിക്കുന്നത്.

അടുത്ത വണ്ടിക്ക് തൃശ്ശൂര്‍ പിടിച്ചാലോ എന്നു തോന്നിപ്പോയി.

നാട്ടില്‍ പോകാന്‍ വട്ടംകൂട്ടുന്ന ഭാഗ്യവാ‍നേ..,ബാറിലിരിക്കുമ്പോള്‍ ഇവന്റെ വരണ്ട തോണ്ടയ്ക്കായും രണ്ടെണ്ണം നേദിച്ചേക്കണം..:)

അനിലൻ said...

അജിത്, എന്നു വേണമെങ്കിലുമാകാം
പ്രമോദ്, :)
സഖാവേ... അതുതന്നെയാ തൃശൂര്‍
അനീഷ്.. ആരു പറഞ്ഞു?
സനാതനാ.. മനസ്സിലായി:)
വിശാഖ്... സോഡയോ വെള്ളമോ?

Rajeeve Chelanat said...

അനിലാ

ഉഷ്ണിപ്പിക്കുകയും, തണുപ്പിക്കുകയും ചെയ്തു കവിത. ഭീകരമായ ഒരു അനുഭവം. രണ്ടു തുള്ളി എനിക്കും കരുതണേ..ഒന്നും ചേര്‍ക്കണ്ട്..പൊലിക്കണം.
ആശംസകളോടെ

തീക്കൊള്ളി said...

എന്റെ പ്രിയപ്പെട്ട “ഗിരിജ”യെവിടെ? :)


കൊള്ളാം അനിലാ.. ഗംഭീരം!

Visala Manaskan said...

ചങ്കിലടിച്ച് കയറുന്ന വരികളാണ് അനിലാ...
ഉഗ്രന്‍!

വെള്ളെഴുത്ത് said...

എത്രപ്രാവശ്യം വായിച്ച വരികളാണ് എത്ര പ്രാവശ്യം നൊന്തതാണ്.. വരിക വരിക..ഇനിയും ഒരു രാത്രി ഓട്ടോറിക്ഷയ്ക്കു കൈകാണിക്കണം..

Anonymous said...

അപ്പൊ എന്റെ തൃശ്ശൂരെവടെ? ( ആ മമ്മൂട്ടി ഏതോ സിനിമേല്‍ ആ ഡെല്‍ഹി, ഈ ഡെല്‍ഹി , അവന്റെ ഡെല്‍ഹി, ഇവന്റെ ഡെല്‍ഹി ന്നൊക്കെ പറയണത് എത്ര പ്രാവശ്യം കണ്ടതാ. പറഞ്ഞിട്ടെന്താ, ആവശ്യള്ളപ്പൊ ഒന്നും ഓര്‍മ്മ വരില്ല്യ)

അതേയ് ഞാനൊരു അല്‍ഭുതം പറേട്ടേ? ഈ പറഞ്ഞ നന്ദകുമാറിനെ മിനിഞ്ഞാന്ന് ഞാന്‍ പരിചയപ്പെട്ടെള്ളൂ. എന്തു കുഞ്ഞ്യേ ലോകം ല്ലെ.സലീം രാജാ പരിചയപ്പെടുത്തിത്തന്നെ. മൂപ്പരെപ്പഴും സിദ്ധാര്‍ത്ഥേന്ന് അന്ന് നിങ്ങളിറങ്ങ്യേ അതേ ഫോമിലാന്ന് തോന്നുണു? ആഹാ...

ദിലീപ് വിശ്വനാഥ് said...

അനിലാ, നന്ദി. റെയില്‍വേ സ്റ്റേഷന്റെ ബോര്‍ഡില്‍ മാത്രമായിരുന്നു തൃശ്ശൂര്‍ എനിക്കു തൃശ്ശിവപേരൂര്‍. അമ്മ വീട്ടില്‍ എല്ലാ വേനലവധിക്കും പോയപ്പൊള്‍ ഞാന്‍ അറിഞ്ഞ എന്റെ പഴയ തൃശ്ശൂര്‍ അല്ല ഇതു. വരികള്‍ക്കു അസാമാന്യ ശക്തി.

അനിലൻ said...

രാജീവ്.. കൊറേ നാളായല്ലാ നിങ്ങ്ള് വീട്ടീ വര്ണ് വീട്ടീ വര്ണ് ന്ന് പറയാന്തൊടങ്ങീട്ട്.

തീക്കൊള്ളീ... ഇന്യ്ക്ക് ഇത് വരെ ഗിരിജേ പൂവ്വാമ്പറ്റീട്ടില്യ.

വിശാലാ‍ാ... എന്നാ മ്മ്‌ള് പൂരാപ്പാറമ്പിലൊക്യങ്ക്ട് അബുദാബീലെപ്പോലെ ഒന്ന് അര്‍മ്മാദിക്യാ?

വെള്ളെഴുത്തേ.. ലീവെടുക്കണേ

അചിന്ത്യാ.. സലിംരാജും ഞാനും ഒര് മതിലിന്റെ വ്യത്യാസത്തിലാ ജീവിക്ക്ണേ ( അയല്‍ക്കാരും സഹപാഠികളും ചങ്ങാതിമാരുമായിട്ടും ഇപ്പൊ ഒരു മതിലിനേക്കാളും..) നന്ദേട്ടന്‍ ചികിത്സ കഴിഞ്ഞ് നല്ല നടപ്പാന്നാ ഗോപീകൃഷ്ണന്‍ പറഞ്ഞിര്ന്നത്. വീണ്ടും തൊടങ്ങീന്ന് അറിഞ്ഞു. എങ്ങന്യാ നേരിടാന്നറീല്യ. തല്ലാവും ചെലപ്പൊ. പൂ‍മലയിലായിരുന്നു ആള്.

വാല്‍മീകി.. സന്തോഷം

സജീവ് കടവനാട് said...

വായിച്ചു. വരികളിലെ വരകള് ഇഷ്ടായി. നാട്ടിലെത്ത്യാ ‘വൈകീട്ടെന്താ പരിപാടി?‘