സുദീര്‍ഘമായ കാത്തിരുപ്പിനൊടുവില്‍ അങ്ങനെ തൃശൂര്‍ പൂരം 2008 വരവായി.
നാളെ, ഏപ്രില്‍ പത്താം തിയതി പൂരങ്ങളുടെ പൂരമായ തൃശൂര്‍പൂരത്തിനു കൊടിയേറുന്നു.
പറയെടുപ്പ്
തൃശൂര്‍ക്കാര്‍ക്കല്ലാത്തവര്‍ക്ക് പൂരമെന്നാല്‍ വെടിക്കെട്ടും കുടമാറ്റവും മാത്രമാണ്. പക്ഷേ നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്തുള്ളവര്‍ക്ക് പൂരം അങ്ങനെയല്ല. പൂരം അവര്‍ക്ക് വളരെ നേരത്തെ തന്നെ തുടങ്ങുന്നു. ചെറുപൂരങ്ങളും പറയെടുപ്പുമൊക്കെയായി രണ്ടാഴ്ച മുമ്പു തന്നെ പൂരം തുടങ്ങും. അയ്യന്തോള്‍, ലാലൂര്‍ , കണിമംഗലം, ചെമ്പൂക്കാവ്, അടാട്ട് ഭാഗങ്ങളിലാണ് പ്രധാനമായും പറയെടുപ്പ് നടത്തുന്നത്. നെറ്റിപ്പട്ടം കെട്ടിയ ഗജവീരനും വെളിച്ചപ്പാടും ചെണ്ടക്കാരും സഹായികളും ചേര്‍ന്നാണ് പറയെടുപ്പിനു വരുന്നത്. വെളിച്ചപ്പാടിനെ ദേവിയുടെയോ ദേവന്റെയും പ്രതീകമായാണ് പലരും കണക്കാക്കുന്നത്. വെളിച്ചപ്പാട് ഉറഞ്ഞു തുള്ളി പലപ്പോഴും അടുത്ത വര്‍ഷത്തെ കൃഷിയെപ്പറ്റിയും ഭാവിയില്‍ വരാനിരിക്കുന്ന നല്ല കാര്യങ്ങളെയും ബുദ്ധിമുട്ടുകളേയും പറ്റി പ്രവചിക്കാറുണ്ട്. പറയെടുപ്പില്‍ കാണിക്കയായി നല്‍കുന്നത് പ്രധാനമായും നെല്ലാണ്. പറയെടുപ്പ് വരുന്ന ദിവസങ്ങള്‍ ഈ പ്രദേശത്തുള്ളവര്‍ക്ക് കൃത്യമായി അറിയാം. ഇന്നു നെല്ലിന്റെ ലഭ്യത കുറഞ്ഞതും കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടും കണക്കിലെടുത്ത് കൂടുതല്‍ പേരും പൈസയയാണ് കാണിക്കയര്‍പ്പിക്കുന്നത്. ദേശങ്ങളുടെ പൂരങ്ങളുടെ നടത്തിപ്പിനുള്ള സംഭാവനയും ഇങ്ങനെയാണ് പിരിച്ചെടുക്കുന്നത്.


(ചിത്രങ്ങള്‍ക്ക് വ്യക്തത കുറവാണു)
മധ്യകേരളത്തില്‍ പറയെടുപ്പ് സാധാരണയാണെങ്കിലും പറയെടുപ്പിനിടയില്‍ പാട്ട് ഉള്ളത് പാറമേക്കാവ് പറയ്ക്കാണെന്ന് തോന്നുന്നു.. മറ്റു പറകളിലൊന്നും ഇടയ്ക്ക്.. കൊട്ടിന്റെ രൌദ്രതാളം നിര്‍ത്തി.. വെളിച്ചപ്പാടിന് തുള്ളലും കലിപറച്ചീലും വരുന്നത് വരെ ഇരടികള്‍ മുഴങ്ങുന്നത് കേട്ടിട്ടില്ല..കൂടുതലും ശിവന്‍-ഭദ്രകാളി എന്നീവരെ കുറിച്ചാണ് ഈരടികള്‍.
പൂരം പ്രദര്‍ശനം
കിഴക്കേ ഗോപുരനടയില്‍ 1933 മുതലാണ് പൂരം പ്രദര്‍ശനം ആരംഭിച്ചത്. വിനോദവും വിജ്ഞാനവും ഒരുപോലെ സംഗമിക്കുന്ന പ്രദര്‍ശന നഗരി വാണിജ്യ പ്രധാനവുമാണ്. പൂരത്തിലെ മുഖ്യ പങ്കാളികളായ തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങള്‍ സംയുക്തമായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഏകദേശം രണ്ടു മാസത്തോളം പ്രദര്‍ശനം നീളും.
പൂരനിലാവ്.
ഈ വര്‍ഷം മുതല്‍ കേരളാ ടൂറിസം ഡിപ്പാര്‍ട്ടുമെന്റിന്റെ ആഭിമുഖ്യത്തില്‍ പൂരനിലാവ് എന്ന സാസ്കാരിക പരിപാടി നടത്തി വരുന്നു. ഭാരതത്തിലെ പ്രശസ്തരായ കലാ-സംഗീത പ്രതിഭകള്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ പൂരത്തിന്റെ തലേന്നു വരെ ഉണ്ടാവും. ഇന്നു(09/04/08) രാജശ്രീവാര്യരുടെ നൃത്തപരിപാടി.
( വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട് : കുട്ടന്മേനൊന്‍ , ദേവദാസ് വി.എം. )


