Tuesday, April 21, 2009

പെണ്ണാശുപത്രി

ഇതാണ് പറയുന്നത് നാവു ശരിക്ക് വടിക്കാന്‍...

പെണ്ണാശുപത്രിയല്ല.. പെന്‍ .. പെന്നാശുപത്രി (Pen Hospital)

ഇതും തൃശ്ശൂര്‍ക്കാര്‍ക്ക് സ്വന്തം. കേരളത്തിലോ ഇന്ത്യയില്‍ മറ്റൊരിടത്തോ ഇങ്ങനെ ഒരു ആശുപത്രി കാണാന്‍ വഴിയില്ല.






പണ്ട് പ്രസിഡന്റായിരുന്ന ഡോ. അബ്ദുള്‍ കലാമിന്റെ പേന എറണാംകുളത്ത് വെച്ച് താഴെ വീണു പരിക്ക്. അതൊരു സാധാരണ പെന്നായിരുന്നില്ല... ഫ്രെഞ്ച് പ്രസിഡന്റ് കൊടുത്ത കിടിലന്‍ ഒരു വാട്ടര്‍മാന്‍ പെന്‍.

രാഷ്ട്രപതിയുടെ പ്രൈവറ്റ് സെക്രട്ടറി രോഗിയെ താങ്ങിയെടുത്ത് നെട്ടോട്ടാമായി.

ഭഗവതീ.. കാത്തോളണേ.. എങ്ങനെയോ അറിഞ്ഞു തൃശ്ശൂരില്‍ പെന്‍ ഡോക്ടറുണ്ടെന്ന്.. തൃശ്ശൂരിലേക്ക് വെച്ച് പിടിച്ചു..മോഡല്‍ ബോയ്സ് സ്കൂളിന്റെ മുന്നിലെ ഓണസ്റ്റ് പെന് ഹോസ്പിറ്റലിനു മുന്നില്‍ സെക്രട്ടറിയുടെ കാറ് സഡന്‍ ബ്രേക്കിട്ടു. സെക്രട്ടറി കാറില്‍ നിന്ന് ചാടിയിറങ്ങി.. ഓണസ്റ്റ് പെന്‍ ഹോസ്പിറ്റലെന്നെഴുതിയതിന്റെ തൊട്ടടുത്ത് തന്നെ 'കണ്‍സട്ടിങ് ടൈം 9.00 മുതല്‍ 06:00 വരെ' യെന്ന മറ്റൊരു ബോര്‍ഡ്. സമാധാനമായി.. 'ഡോക്ടര്‍' അകത്തുണ്ട്.
ആഗതന്‍ വി.ഐ.പി യാണെന്നറിഞ്ഞപ്പോള്‍ നേരെ ' അത്യാഹിത' വിഭാഗത്തിലേക്ക്. ഡോക്ടര്‍ രോഗിയെ മലത്തിക്കിടത്തിയും കമഴ്ത്തിക്കിടത്തിയും ചില പരിശോധനകള്‍..
പിന്നെ ഒരു ഇഞ്ചക്ഷന്‍..(സിറിഞ്ച് കൊണ്ടാണ് ഇവിടെ മഷി നിറയ്ക്കുക) .
രോഗി കുട്ടപ്പനായി മണി മണിപോലെ എഴുത്തും തുടങ്ങി. സെക്രട്ടറി രോഗിയെ നെഞ്ചോടു ചേര്‍ത്തു പിടിച്ചാണ് യാത്രയായത്.

ഇത് കോലോത്തുമ്പറമ്പില്‍ നാസര്‍.. പരിചയക്കാര്‍ നാസറിക്കയെന്ന് വിളിക്കും. ഇദ്ദേഹമാണ് ഇപ്പോള്‍ പെന്‍ ഹോസ്പിറ്റലിലെ ചീഫ് ഫിസിഷ്യനും സര്‍ജ്ജനും ഗൈനക്കോളജിസ്റ്റുമെല്ലാം..
60 വര്‍ഷത്തിലേറെയായി ഈ സ്ഥാപനം ഇവിടെ പ്രവര്‍ത്തിക്കുന്നു. തുടങ്ങിവെച്ചത് നാസറിക്കയുടെ ഉപ്പ അബ്ദുള്ളയാണ്. 1979 മുതല്‍ നാസറണ് ആശുപതിയുടെ എല്ലാ കാര്യങ്ങളും നോക്കുന്നത്. ഇന്നും ആ പഴയ കെട്ടിടത്തില്‍ തന്നെയാണ്. ഇരു വശങ്ങളിലും കല്യാണ്‍ സില്‍ക്സും ജോസ്കോ ജുവല്ലറിയുമടക്കമുള്ള കൂറ്റന്‍ കെട്ടിടങ്ങള്‍ അണിനിരന്നെങ്കിലും പെന്‍ ഹോസ്പിറ്റല്‍ ഇന്നും പലര്‍ക്കും കൌതുകമുണര്‍ത്തുന്ന ഒന്നാണ്.




സമ്മാനമായിക്കിട്ടിയ, ഉപേക്ഷിക്കാന്‍ പറ്റാത്ത, തീരുമാനങ്ങളില്‍ പേന ഒരു ശക്തിയാണെന്ന് മനസ്സിലാക്കിയ പേനകളാണ് പലരും ഇവിടെ നന്നാക്കാന്‍ കൊണ്ടുവരുന്നത്. പേനയുടെ ഏതു പ്രശ്നങ്ങള്‍ക്കും ഇവിടെ പരിഹാരമുണ്ട്. ഫ്രാന്‍സ് വാട്ടര്‍മാന്‍, അമേരിക്കന്‍ ഷിഫേഴ്സ്, ചൈനയുടെ ഹീറോ, മോണ്ട് ബ്ലാക് തുടങ്ങി അന്‍പതു പൈസയുടെ പെന്നുവരെ ഇവിടെ കേടുതീര്‍ത്തുകൊടുക്കും.

പ്രശസ്തരായ പലരും നാസറിന്റെ ഉപഭോക്താക്കളാണ്. വൈലോപ്പിള്ളി, കുഞ്ഞുണ്ണി മാഷ് തുടങ്ങി സാഹിത്യ രംഗത്തെ പ്രഗത്ഭരും പ്രശസ്തരുമായവരും ഹൈക്കോടതിയിലേയും മറ്റും പ്രശസ്തരായ ജഡ്ജിമാരുമടക്കം നാസറിനു വിപുലമായ ഒരു കസ്റ്റമര്‍ ലിങ്കു തന്നെയുണ്ട്.


പേന നന്നാക്കി കൊടുക്കുമ്പോള്‍ ഡോക്ടറുടെ വക കൌണ്‍സിലിങുമുണ്ട്. പേന ഉപയോഗിക്കേണ്ട രീതികളെപ്പറ്റി. എന്നാലേ പെന്നാശുപത്രിയുടെ ധര്‍മ്മം സംരക്ഷിക്കപ്പെടൂവെന്ന നിലപാടാണ് ഇന്നും നാസറിനുള്ളത്.

34 comments:

Anonymous said...

സീതി ഇപ്പോള്‍ എവിടെയാണാവോ? നാസറിന്റെ (നസീര്‍?) അനിയന്‍...

ശ്രീ said...

ഇതു വരെ ഈ ആശുപത്രിയില്‍ പോയിട്ടില്ലെങ്കിലും പറഞ്ഞു കേട്ടിട്ടുണ്ട്. ഒരിയ്ക്കല്‍ നമ്മുടെ എഴുത്തുകാരി ചേച്ചി ഇവിടെ ഇതേ ആശുപത്രിയെ പറ്റി പറഞ്ഞിട്ടുമുണ്ട്.
:)

Unknown said...

തിരുവനന്തപുരത്ത്, ധന്യ-രമ്യാ തിയേറ്റര്‍ റോഡിലും ഒരു പെണ്ണാശൂത്തിരി ഉണ്ട്. എന്റെ അറിവു ശരിയാണെങ്കില്‍, അതിനു നൂറ് വര്‍ഷം എക്സ്പീരിയന്‍സ് കഴിഞ്ഞു.

Typist | എഴുത്തുകാരി said...

ഞാന്‍ പലപ്പോഴും പോകാറുള്ള ഒരു ആശുപതിയാ ഇതു്. ഇതിനെപ്പറ്റി ഞാന്‍ ഒരു പോസ്റ്റില്‍ പറഞ്ഞിട്ടുമുണ്ട്‌ (ഞാനും പോയി ഒരു യാത്ര - 14.8.2008).

പടങ്ങള്‍ കൊടുത്തതു നന്നായി.

Typist | എഴുത്തുകാരി said...

ശ്രീ പറഞ്ഞതു ഞാന്‍ കണ്ടില്ലായിരുന്നൂട്ടോ.

vahab said...

കൗതുകമുണര്‍ത്തുന്ന പുതിയൊരു അറിവായി ഇത്‌. നന്ദി!

കാസിം തങ്ങള്‍ said...

ഒരു പാട് കേട്ടിട്ടുണ്ടെങ്കിലും ഇതുവരെ പോകാന്‍ കഴിഞ്ഞിട്ടില്ല ഈ പെന്നാശുപത്രിയില്‍.

കുഞ്ഞന്‍ said...

പടങ്ങളോടു കൂടിയുള്ള വിവരണം ജോറായി..!


ഹെഡ്ഡിംങ്ങും കിടിലന്‍..!

തറവാടി said...

പോയിട്ടുണ്ട് , ഈ പോസ്റ്റ് നന്നായി.
ഒരു വെള്ള & വെള്ള അവിടെ ഉണ്ടായിരുന്നെന്നുതോന്നുന്നു :)

Viswaprabha said...

ഈ പെണ്ണാശൂത്രീന്റെ മുമ്പിലെ മോഡൽ ബോയ്സ് സ്കൂളിലാണു ഞാൻ പഠിച്ചതു്. ഉണ്ണിമേരിയും ഞങ്ങളുടെ സ്കൂളിൽ തന്നെയായിരുന്നു പഠിച്ചത്. എന്റെ അപ്പുറത്തെ ക്ലാസ്സിൽ.
(നസീറിനു ഞങ്ങൾ ഇട്ട വിളിപ്പേരായിരുന്നു ഉണ്ണിമേരി. ഇപ്പോഴും, കേട്ടുവന്നാൽ എന്റെ പുറത്ത് ഇടിച്ചു ചന്ദനക്കുടം വെക്കും എന്നുറപ്പു്. മിണ്ടണ്ട!)
അന്നേ കേരളത്തിൽ പ്രശസ്തമായിരുന്നു Pen Hospital.

(പാലസ് റോഡിൽ ഇതുപോലെ ചരിത്രം ഉറങ്ങിക്കിടക്കുന്ന കുറേയേറെ കടകളും ഇടങ്ങളും ഉണ്ട്. സോഡാ ബുക്ക് സ്റ്റോൾ, നാഷണൽ ഐസ്ക്രീം പാർലർ, മോഡേൺ കഫേ തുടങ്ങി...)

Viswaprabha said...

ജോക്കുട്ടനും പെൻ ഹോസ്പിറ്റലിനെപ്പറ്റി ഇന്നലെ എഴുതിയിരിക്കുന്നു!

ഇവിടെ കാണാം!.

Promod P P said...

നല്ല വിവരണം മേൻ‌ന്നേ

നസീറിനെ കണ്ടിട്ടുണ്ട്

paarppidam said...

ഇടക്ക്‌ അവിടേ പോയി പേനക്ക്‌ വേണ്ട ഇറ്റ്ന്തനം നിറക്കാറുണ്ട്‌...ചുറ്റുവട്ടത്തുള്ള കെട്ടിടങ്ങളുടെ രൂപമാറ്റം ഈ കെട്ടിടത്തിന്റെയും അവിടത്തെ ഡോക്ടറുടേയും ഭാവിയെ ഇരുട്ടിലാക്കുമോ എന്ന് പലപ്പോഴും ഭയപ്പെടാറുണ്ട്‌.

പലർക്കും കേവലം ഒരു പേനക്കപ്പുറം അതു വൈകാരികമായ അടുപ്പം ഉള്ള സംഗതികൂടെയാകും.അതുകൊണ്ടുതന്നെ ഇദ്ദേഹം നൽകുന്നത്‌ മഹത്തായ ഒരു സേവനം ആണ്‌.ചെറിയ കേസാണെങ്കിൽ റിപ്പ്യറിങ്ങ്‌ ചാർജ്ജ്‌ പലപ്പോഴും ഈടാക്കാറില്ല.ഇനിയഥവാ അൽപം മിനക്കെട്ട പണീയാണെകിൽ കൂടെ മിതമായ ഒരു ചാർജ്ജേ ഈടാക്കാറുള്ളൂ.


എന്തായാലും നാസറിക്കാന്റെ ഉപദേശം ഫ്രീയാണ്‌...

നിരക്ഷരൻ said...

എഴുത്തൂകാരിയുടെ ഒരു പോസ്റ്റിലാണ് ആദ്യം ഈ ആശുപത്രിയെപ്പട്ടി കണ്ടത്. പിന്നിപ്പോള്‍ ചില ലിങ്കുകള്‍ ചാടിക്കടന്ന് ഇവിടെയെത്തി.

കുറേ രോ‍ഗികള്‍ എന്റെ വീട്ടിലും കിടപ്പുണ്ട്. എല്ലാത്തിനേം ഒരു ആംബുലന്‍സ് പിടിച്ച് പെന്‍ ആശുപത്രീല് നാസര്‍ ഡോക്ടറെ കാണിക്കാന്‍ കൊണ്ടുപോകണം.

ഈ പരിചയപ്പെടുത്തലിന് നന്ദി മേന്നേ. ഇങ്ങനൊന്ന് ലോകത്തെവിടെയെങ്കിലും ഉണ്ടോന്ന് അന്വേഷിച്ചിട്ട് ഗിന്നസ് ബുക്കിലോ മറ്റോ വരുത്താനുള്ള ഏര്‍പ്പാടിന് ശ്രമിച്ചൂടെ തൃശൂര്‍ക്കാര്‍ക്ക് ?

നിരക്ഷരൻ said...

സന്തോഷ് പൊന്നമ്പലത്തിന്റെ കമന്റ് ഇപ്പോഴാ കണ്ടത്. തിരോന്തരത്തും ഉണ്ട്. ഞങ്ങള്‍ എറണാകുളംകാര്‍ക്ക് ബ്രോഡ് വേ യിലോ മറ്റോ വല്ല പെന്‍ ആശൂത്രീം ഉണ്ടോന്ന് അന്വേഷിക്കണമല്ലോ ഇനിയിപ്പോ.

Anonymous said...

ഏറണാകുളം ബ്രോഡ് വേയില്‍ പെന്‍ ഹൌസ് ഉണ്ടായിരുന്നു.( ഇപ്പോളും അത് പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയില്ല)

അനില്‍@ബ്ലോഗ് // anil said...

ആശുപത്രിയുടെ ആരോഗ്യം തന്നെ വളരെ മോശമാണിപ്പോള്‍. കല്യാണിന്റെ വരവൂടെ ആയതോടെ ഇനി എത്രകാലം ഉണ്ടാവും എന്ന് കണ്ടറിയണം.

yousufpa said...

ഞാനും നസീറിനെ കുറിച്ച് തന്നെയാണ് ചോദിക്കുന്നത്.എവിടെയാണവന്‍?.
പണ്ട് എന്‍റെ കഴുത്ത്പിടിച്ച് ഞെകിയതിന്‍റെ വേദന ഇപോഴും മാറിയിട്ടില്ല.(അത് ഞാനവനെയൊന്ന് ഉപദേശിച്ചപ്പോള്‍ കിട്ടിയതാണ്)

Rejeesh Sanathanan said...

ഈ പെന്നാശുപത്രിയെ കുറിച്ചും ഇതുപോലൊരെണ്ണം തിരോന്തോരത്തുണ്ടെന്നും ഇപ്പോഴാണ് അറിയുന്നത്.......തിരൊന്തോരത്തുള്ള ആശുപത്രി കണ്ടുപിടിച്ചിട്ടേ ഉള്ളു ഇനി ബാക്കി കാര്യം. സന്തോഷ്‌ പൊന്നമ്പലത്തിന് പ്രത്യേക നന്ദി............

Zebu Bull::മാണിക്കൻ said...

{വിശ്വപ്രഭ, (യഥാര്‍‌ത്ഥ) ഉണ്ണിമേരിയെപ്പറ്റി ഒരു പോസ്റ്റിടൂ, പ്ലീസ് :-)}

asdfasdf asfdasdf said...

പെന്നാശുപത്രിയില്‍ ഞാന്‍ പലപ്പോഴും പോകാറുണ്ട്. ഇന്നലെ അവിടെ ചെന്നപ്പോഴാണ് രണ്ടു ദിവസം മുമ്പ് ഏതോ ഒരുത്തന്‍ പടമെടുത്തു പോയിയെന്ന് ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു. അപ്പോഴാണ് ബ്ലോഗിലിടുന്നതിനെ പറ്റി ആലോചിച്ചതും അപ്പോള്‍ തന്നെ പടമാക്കിയതു. പിന്നെ ഹെഡ്ഡിങ്. നാലാള് വായിക്കണമെങ്കില്‍ ഇങ്ങനെയൊക്കെയുള്ള ഹെഡ്ഡിങ് അത്യാവശ്യമാണെന്ന് തോന്നി. അത്രേ ഉള്ളൂ.
വിശ്വേട്ടന്‍ പറഞ്ഞതുപോലെ ജോയുടെ ബ്ലോഗിലും ഇതു കണ്ടു. അവിചാരിതമായിരിക്കണം (അല്ലെങ്കില്‍ മനപ്പൊരുത്തമായിരിക്കണം. :) ജോയെ നേരിട്ടറിയില്ലെങ്കില്‍ പോലും. ).
മാണിക്കാ, ആ കമന്റിന്റെ ആവശ്യമുണ്ടായിരുന്നില്ല.

നസീറാണോ നാസറാണോയെന്ന് അറിയില്ല. പണ്ടുമുതലേ നാസറിക്കയെന്ന് വിളിച്ചുപോയി. വിശ്വേട്ടന്‍ പറഞ്ഞ ഉണ്ണിമേരിയെന്ന പേരു നാസറിനുള്ള കാര്യം പുതിയ അറിവാണ്.

അനിലേ, പെന്നാശുപത്രി പൂട്ടില്ല. കാരണം, നഷ്ടമുണ്ടാവാന്‍ വഴിയില്ല. തൃശ്ശൂര്‍ക്കാരുടെ പെന്‍ എന്ന വസ്തുവിന്റെ ആദിയുമന്ത്യവും ഇന്നും പെന്നാശുപത്രി തന്നെയാണ്.

Zebu Bull::മാണിക്കൻ said...

ഇട്ട കമന്റ് ഏതായാലും കൈയില്‍നിന്നു വിട്ടുപോയി. തിരക്കില്‍ വായിച്ചപ്പോള്‍ ഞാന്‍ വിചാരിച്ചത് വിശ്വപ്രഭയുടെ സ്കൂളിലാണ്‌ സിനിമാനടി ഉണ്ണിമേരി പഠിച്ചിരുന്നതെന്നും, ഈ പെന്‍ ഹോസ്‌പിറ്റലിന്റെ ഉടമയെ അവരുമായി ബന്ധപ്പെടുത്തി സഹപാഠികള്‍ കളിയാക്കാറുണ്ടായിരുന്നുമെന്നായിരുന്നു. കുട്ടന്‍‌മേനോന്റെ കമന്റു കണ്ടപ്പോഴാണ്‌ എന്റെ parsing ആകെ തെറ്റിപ്പോയിരുന്നു എന്നു മനസ്സിലായത്. അതിനാല്‍ എന്റെ കമന്റ് പിന്‍‌വലിച്ചിരിക്കുന്നു. വിശ്വപ്രഭ തെറ്റിദ്ധരിച്ചുകാണില്ല എന്ന് ആശിക്കുന്നു.

Viswaprabha said...

കൊടുത്താൽ കൊല്ലത്തും കിട്ടും എന്നിപ്പോ വീണ്ടും മനസ്സിലായി. :)
:)
പത്തുമുപ്പതുകൊല്ലം മുമ്പ് കളിക്കൂട്ടുകാരന്മാർക്കിടയിൽ ഞങ്ങൾ വിളിച്ചിരുന്ന പേരുകൾ ദാ ഇപ്പോ അതേപോലെ പൊന്തിവന്നിരിക്കുന്നു!
എന്നെ ഉണ്ണിമേരിയും കൂട്ടുകാരും വിളിച്ചിരുന്നതു് Bull എന്നായിരുന്നു!
മാഷന്മാരോടു് സംശയം ചോദിച്ച് അവർ ഉത്തരം പറയുന്നതുകേട്ട് തല നന്നായി അങ്ങോട്ടുമിങ്ങോട്ടും ആട്ടുമായിരുന്നു ഞാൻ. അതുകണ്ട് കാക്കജോജുവും കുമിളജോൺസണും കൂടി ഇട്ട പേരു് ദാ ഇപ്പൊ സെബു ബുൾ എന്നെ ഓർമ്മിപ്പിച്ചിരിക്കുന്നു!
(കാക്ക ജോജു ഇതെങ്ങാനും കണ്ടാൽ എന്നെ ഇപ്പോ വന്നു ഞോണ്ടും! കുമിള (Bubble Gum Specialist) ഇപ്പോ എവിടെയാണാവോ?

Viswaprabha said...

കൂട്ടത്തിൽ ഒരു കാര്യം കൂടി:
പെൻ ആശുപത്രിയിൽ നിന്നും അഞ്ഞൂറുമീറ്റർ അകലെ ശരിയ്ക്കുമുള്ള ഒരു പെണ്ണാശുപത്രിയും ഉണ്ടായിരുന്നു. Govt. Maternity Hospitalനെ സാധാരണക്കാർ വിളിച്ചിരുന്നത് പെണ്ണാശുപത്രി എന്നും പ്രസവാസ്പത്രി എന്നും ആയിരുന്നു. പേരിൽ പ്രസവം എന്നുണ്ടെങ്കിലും പലപ്രായത്തിലുമുള്ള സ്ത്രീകൾക്കു് പൊതുവേയുള്ള ഒരു സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ പോലെയായിരുന്നു അതു്. അതുകൊണ്ടാവണം പെണ്ണാശുപത്രി എന്നുതന്നെ പേരു പരന്നതു്.


തൃശ്ശൂരിൽ മെഡിക്കൽ കോളേജ് വന്നപ്പോൾ തൽക്കാലത്തേക്കു് തൃശ്ശൂർ ജില്ലാ ആശുപത്രി മെഡിക്കൽ കോളേജാക്കി മാറ്റി. പകരം പെണ്ണാശുപത്രിയെ ജില്ലാ ആശുപത്രിയും.
പിന്നീടെന്നോ മുളങ്കുന്നത്തുകാവിൽ യഥാർത്ഥമെഡിക്കൽകോളേജ് പണിതുയർന്നപ്പോൾ ജില്ലാശുപത്രി വീണ്ടും പഴയ കോമ്പൌണ്ടിലേക്കുതിരിച്ചുവന്നു. എന്റെ പ്രവാസത്തിനിടയ്ക്കു്, പ്രസവാസ്പത്രിയ്ക്കു് ആ പേരു് എന്നെങ്കിലും തിരിച്ചുകിട്ടിയോ എന്നറിയില്ല.

ജെ പി വെട്ടിയാട്ടില്‍ said...

തൃശ്ശൂര്‍ക്കാരനായ ഞാന്‍ ഈ ആശുപത്രി നടാടെയാ കാണുന്നത്.
ഒരു കമന്റില്‍ ഒരു കൂട്ടുകാരി പറഞ്ഞ പെണ്ണാശുപത്രി കണ്ടതായി ഓര്‍ക്കുന്നു.

എന്തായാലും പോസ്റ്റ് അടിപൊളി. അങ്ങിനെ ഈ
“തൃശ്ശൂര്‍” ഒന്ന് ജീവന്‍ വെക്കട്ടെ.പൂരം വരവായല്ലോ>

പൊന്‍കുരിശ് said...

കഴിഞ്ഞ ആഴ്‌ച ഭുവനേശ്വറില്‍ കണ്ടു ഒരു പെന്‍ ഹോസ്പിറ്റല്‍! മലയാളിയല്ലാത്ത സഹയാത്രികനോട് ത്രിശൂര്‍ ആശുപത്രിയെക്കുറിച്ച് പറയുകയും ചെയ്തു. ക്യാമറ ഇല്ലാത്തതിനാല്‍ ചിത്രമെടുക്കാനായില്ല. ഞായറാഴ്ച ആയതിനാല്‍ കട അടഞ്ഞും കിടന്നു. അതുകൊണ്ടു കൂടുതലൊന്നും അറിയാനും വയ്യ. :(

വാഴക്കോടന്‍ ‍// vazhakodan said...

ഗഡീ ഇത് നമ്മടെ മോഡല്‍ ബോയ്സ്ന്റെ മുന്‍പിലുള്ള അസൂത്രിയല്ലേ?
ഇത് ഒരു എപ്പിസോടായിട്ടു വരെ കണ്ടെങ്കിലും (ഏഷ്യാനെറ്റ്/കൈരളി)
വായിച്ചപ്പോള്‍ ഇഷ്ടായി!

ബഷീർ said...

മേനോൻ ചേട്ടാ

ഒരിക്കൽ പോയിട്ടുണ്ടവിടെ ..നനായി ഈ വിവരണവും ചിത്രങ്ങളും.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

എന്റെ ഹീറോ പെന്‍ നന്നാക്കാന്‍ പലതവണ പോയിട്ടുണ്ടവിടെ.
ഇപ്പഴും പെന്‍ ഹോസ്പിറ്റല്‍ അതേ പോലെ അവിടെ ഉണ്ടെന്ന് അറിയുമ്പോള്‍ അദ്ഭുതം തോന്നുന്നു. ഓര്‍മ്മപ്പെടുത്തലിന് നന്ദി.

ഫൈസൽ said...

please u read
amalakhil.blogspot.com
thanks
m.faizal

Jayasree Lakshmy Kumar said...

തികച്ചും പുതിയ വിവരം :)

അങ്കിള്‍ said...

35 കൊല്ലങ്ങള്‍ക്കു മുമ്പ് ഔദ്ദ്യോഗിക ആവശ്യങ്ങള്‍ക്ക് സ്ഥിരം സന്ദര്‍ശിക്കുന്ന സഥലമാണ് തൃശ്ശൂര്‍. വീട്ടുകാരിയെ നേരത്തേ അരിയിച്ചിരിക്കും. പോകാനിറങ്ങുമ്പോല്‍ ഒരു ചെറിയ പൊതി കൈയ്യില്‍ തരും . മുഴുവന്‍ പേനകള്‍. ഡോട്ട് പേനകള്‍ പ്രചാരത്തിലാകുന്നതേ ഉള്ളൂ. കയ്യിലുള്ള ഇങ്ക് പേനകളൊന്നും കളയാനും തൊന്നുകയില്ല. ടൂറ് കഴിഞ്ഞ് കൊണ്ടുപോയ പേനകളെല്ലാം പുതിയതാക്കി മടങ്ങും. അന്നേ ഈ കട എനിക്ക് സുപരിചിതം. അന്നു കടയില്‍ ഉണ്ടായിരുന്നത് നമ്മുടെ ‘ഉണ്ണിമേരി’ യുടെ അച്ഛനായിരുന്നിരിക്കണം.

മധുര സ്മരണകള്‍.

Viswaprabha said...

പെൻ ഹോസ്പിറ്റലിന്റെ നാഥൻ പിരിഞ്ഞുപോയി.

:(

ഈ ലേഖനം വായിച്ചിരിക്കണം:
മഷിപ്പേനയുടെ മരണം

ഉസ്മാന്‍ പള്ളിക്കരയില്‍ said...

രോഗികളായ പേനകളുമായി പെൻ ആശുപത്രിയിൽ പല തവണ പോയ അനുഭവമുണ്ട്. മികച്ച സേവനമാണ്.
സരസമായ നാമം വഹിക്കുന്ന പെൻ ആശുപത്രിയെ പോസ്റ്റാക്കിയതും കൌതുകമായി.