Monday, April 27, 2009

പൂരം കൊടി കയറീ ട്ടാ...


ഇന്നു (27/04/2009) കാലത്ത് തിരുവമ്പാടിയുടെ പൂരത്തിനു കൊടികയറിയതോടെ പൂരത്തിനു തുടക്കമായി. തുടര്‍ന്ന് പാറമ്മേക്കാവിലും മറ്റ് ചെറു പൂരങ്ങളിലും കൊടിയേറ്റ് നടന്നു.

പാറമ്മേക്കാവില്‍ തുടര്‍ന്ന് എഴുന്നെള്ളിപ്പ് നടന്നു. പാറമ്മേക്കാവ് ദേവി ദാസന്‍ തിടമ്പേറ്റി. പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തില്‍ മേളവും നടന്നു.

തിരുവമ്പാടിയുടെ പൂരം കൊടി കയറുന്നു..
Thursday, April 23, 2009

ചൂടുള്ള നാടകം

ഉം.. ഉം.. ഉം..

ഒലക്കേരെ മൂട്. മനുഷ്യനെ മെനക്കെടുത്താനല്ലേ.. .. വെറുതെ അതുമിതും പറഞ്ഞിട്ട്..

നീയ്യ് കര്‍ട്ടന്‍ വലിക്കറാ..

ന്തൂട്ടാ ചേട്ടന്‍ ഈ പറയണെ.. ഈ നാടകത്തിനു കഥയുണ്ടാ ?... പേരു തന്നെ നിങ്ങള്‍ നിശ്ചയിട്ടില്ല. പിന്ന്യല്ലേ നാടകത്തിനു കര്‍ട്ടന്‍ വലിക്കണത്..

നീയ്യ് പുത്യേ കര്‍ട്ടന്‍ വലിക്കാരനാ അല്ലേ.. കര്‍ട്ടന്‍ വലിക്കറ ചെക്കാ.. .. തിമോത്തിയേട്ടന്‍ കര്‍ട്ടന്‍ വലിക്കാരന്റെ ചെവിക്കു പിടിച്ചു...

ഇത് കര്‍ട്ടനു പിറകിലെ സത്യം.

തൃശ്ശൂര്‍ ദര്‍ശന നാടകട്രൂപ്പിന്റെ നാടകങ്ങള്‍ ഇങ്ങനെയാണ്. ഇവരു നാടകത്തിനു റിഹേഴ്സല്‍ നടത്താറില്ല.

എന്തിനു സംഭാഷണം പോലുമെഴുതാറില്ല. പരിപാടിക്ക് തൊട്ടുമുമ്പ് എല്ലാം തട്ടിക്കൂട്ടും. ഇന്‍സ്റ്റന്റ് നാടകമെന്നും പറയാം.

അതാണ് സ്റ്റേജില്‍ വെച്ചുതന്നെ ചുട്ട് , ചൂടുമാറാത്ത ചൂടന്‍ നാടകം.

നാടകത്തിനു പേരുപോലുമിടില്ല. കര്‍ട്ടന്‍ പൊന്തുന്നതോടൊപ്പം നാടകത്തിന്റെ പേരു അനൌണ്‍സ് ചെയ്യും. അപ്പോഴായിരിക്കും സംഘാടകര്‍ പോലും നാടകത്തിന്റെ പേരു കേള്‍ക്കുക.

സംഭാഷണങ്ങളെല്ലാം സ്റ്റേജില്‍ തന്നെ ഉടലെടുക്കുന്നതായിരിക്കും. നര്‍മ്മ സംഭാഷണങ്ങളായിരിക്കും കൂടുതലും. കാണികളെ അല്‍പ്പനേരം കൊണ്ട് കയ്യിലെടുക്കും. ഒരു മണിക്കുറിന്റെ നാടകം വിരസതയേതുമില്ലാതെ യാന്ത്രികതയില്ലാതെ സ്റ്റേജില്‍ അരങ്ങേറും.

പത്തു നാല്‍പ്പതു വര്‍ഷമായി പൂരം എക്സിബിഷനില്‍ കാണികളെ ആകര്‍ഷിക്കുന്നത് ഈ നാടകമാണ്.

സിനിമ, സീരിയല്‍ രംഗത്തെ തൃശ്ശൂര്‍ ശാന്ത, പോള്‍കുര്യന്‍, വര്‍ഗ്ഗീസ് തട്ടില്‍, ചേലക്കര ലത എന്നിവരൊക്കെയാണ് ഇപ്പോള്‍ നാടകത്തിലെ പ്രധാന വേഷക്കാര്‍. നന്ദകുമാറാണ് സംവിധായകന്‍.

മുമ്പ് ജോസ് പായമ്മല്‍, തൃശ്ശൂര്‍ എത്സി, സി.എല്‍. ജോസ്, സി.ഐ. പോള്‍ തുടങ്ങി പലരും പയറ്റിത്തെളിഞ്ഞതൊക്കെ ഈ നാടകങ്ങിളിലൂടെയാണ്.


അപ്പോ നാടകം തൊടങ്ങല്ലേ..

സമയം : കൃത്യം ഏഴുമണി
സ്ഥലം : തൃശ്ശൂര്‍ പൂരം എക്സിബിഷന്‍ ഗ്രൌണ്ട്.


'എടീ കുടലേ ഒന്നുകില്‍ നീ അല്ലെങ്കില്‍ ഞാന്‍..'
'ഉവ്വൊവ്വ് .. എണീറ്റ് നില്‍ക്കാന്‍ വയ്യാത്തോടത്താ.. എന്നെ കൊല്ലാന്‍ വരണേ...'
അതേടി മ.. മ.. . അല്ലെങ്കി വേണ്ട... മാധവീ.. നെന്നെ ഞാന്‍ കണ്ടോളാം..'
....

Tuesday, April 21, 2009

പെണ്ണാശുപത്രി

ഇതാണ് പറയുന്നത് നാവു ശരിക്ക് വടിക്കാന്‍...

പെണ്ണാശുപത്രിയല്ല.. പെന്‍ .. പെന്നാശുപത്രി (Pen Hospital)

ഇതും തൃശ്ശൂര്‍ക്കാര്‍ക്ക് സ്വന്തം. കേരളത്തിലോ ഇന്ത്യയില്‍ മറ്റൊരിടത്തോ ഇങ്ങനെ ഒരു ആശുപത്രി കാണാന്‍ വഴിയില്ല.


പണ്ട് പ്രസിഡന്റായിരുന്ന ഡോ. അബ്ദുള്‍ കലാമിന്റെ പേന എറണാംകുളത്ത് വെച്ച് താഴെ വീണു പരിക്ക്. അതൊരു സാധാരണ പെന്നായിരുന്നില്ല... ഫ്രെഞ്ച് പ്രസിഡന്റ് കൊടുത്ത കിടിലന്‍ ഒരു വാട്ടര്‍മാന്‍ പെന്‍.

രാഷ്ട്രപതിയുടെ പ്രൈവറ്റ് സെക്രട്ടറി രോഗിയെ താങ്ങിയെടുത്ത് നെട്ടോട്ടാമായി.

ഭഗവതീ.. കാത്തോളണേ.. എങ്ങനെയോ അറിഞ്ഞു തൃശ്ശൂരില്‍ പെന്‍ ഡോക്ടറുണ്ടെന്ന്.. തൃശ്ശൂരിലേക്ക് വെച്ച് പിടിച്ചു..മോഡല്‍ ബോയ്സ് സ്കൂളിന്റെ മുന്നിലെ ഓണസ്റ്റ് പെന് ഹോസ്പിറ്റലിനു മുന്നില്‍ സെക്രട്ടറിയുടെ കാറ് സഡന്‍ ബ്രേക്കിട്ടു. സെക്രട്ടറി കാറില്‍ നിന്ന് ചാടിയിറങ്ങി.. ഓണസ്റ്റ് പെന്‍ ഹോസ്പിറ്റലെന്നെഴുതിയതിന്റെ തൊട്ടടുത്ത് തന്നെ 'കണ്‍സട്ടിങ് ടൈം 9.00 മുതല്‍ 06:00 വരെ' യെന്ന മറ്റൊരു ബോര്‍ഡ്. സമാധാനമായി.. 'ഡോക്ടര്‍' അകത്തുണ്ട്.
ആഗതന്‍ വി.ഐ.പി യാണെന്നറിഞ്ഞപ്പോള്‍ നേരെ ' അത്യാഹിത' വിഭാഗത്തിലേക്ക്. ഡോക്ടര്‍ രോഗിയെ മലത്തിക്കിടത്തിയും കമഴ്ത്തിക്കിടത്തിയും ചില പരിശോധനകള്‍..
പിന്നെ ഒരു ഇഞ്ചക്ഷന്‍..(സിറിഞ്ച് കൊണ്ടാണ് ഇവിടെ മഷി നിറയ്ക്കുക) .
രോഗി കുട്ടപ്പനായി മണി മണിപോലെ എഴുത്തും തുടങ്ങി. സെക്രട്ടറി രോഗിയെ നെഞ്ചോടു ചേര്‍ത്തു പിടിച്ചാണ് യാത്രയായത്.

ഇത് കോലോത്തുമ്പറമ്പില്‍ നാസര്‍.. പരിചയക്കാര്‍ നാസറിക്കയെന്ന് വിളിക്കും. ഇദ്ദേഹമാണ് ഇപ്പോള്‍ പെന്‍ ഹോസ്പിറ്റലിലെ ചീഫ് ഫിസിഷ്യനും സര്‍ജ്ജനും ഗൈനക്കോളജിസ്റ്റുമെല്ലാം..
60 വര്‍ഷത്തിലേറെയായി ഈ സ്ഥാപനം ഇവിടെ പ്രവര്‍ത്തിക്കുന്നു. തുടങ്ങിവെച്ചത് നാസറിക്കയുടെ ഉപ്പ അബ്ദുള്ളയാണ്. 1979 മുതല്‍ നാസറണ് ആശുപതിയുടെ എല്ലാ കാര്യങ്ങളും നോക്കുന്നത്. ഇന്നും ആ പഴയ കെട്ടിടത്തില്‍ തന്നെയാണ്. ഇരു വശങ്ങളിലും കല്യാണ്‍ സില്‍ക്സും ജോസ്കോ ജുവല്ലറിയുമടക്കമുള്ള കൂറ്റന്‍ കെട്ടിടങ്ങള്‍ അണിനിരന്നെങ്കിലും പെന്‍ ഹോസ്പിറ്റല്‍ ഇന്നും പലര്‍ക്കും കൌതുകമുണര്‍ത്തുന്ന ഒന്നാണ്.
സമ്മാനമായിക്കിട്ടിയ, ഉപേക്ഷിക്കാന്‍ പറ്റാത്ത, തീരുമാനങ്ങളില്‍ പേന ഒരു ശക്തിയാണെന്ന് മനസ്സിലാക്കിയ പേനകളാണ് പലരും ഇവിടെ നന്നാക്കാന്‍ കൊണ്ടുവരുന്നത്. പേനയുടെ ഏതു പ്രശ്നങ്ങള്‍ക്കും ഇവിടെ പരിഹാരമുണ്ട്. ഫ്രാന്‍സ് വാട്ടര്‍മാന്‍, അമേരിക്കന്‍ ഷിഫേഴ്സ്, ചൈനയുടെ ഹീറോ, മോണ്ട് ബ്ലാക് തുടങ്ങി അന്‍പതു പൈസയുടെ പെന്നുവരെ ഇവിടെ കേടുതീര്‍ത്തുകൊടുക്കും.

പ്രശസ്തരായ പലരും നാസറിന്റെ ഉപഭോക്താക്കളാണ്. വൈലോപ്പിള്ളി, കുഞ്ഞുണ്ണി മാഷ് തുടങ്ങി സാഹിത്യ രംഗത്തെ പ്രഗത്ഭരും പ്രശസ്തരുമായവരും ഹൈക്കോടതിയിലേയും മറ്റും പ്രശസ്തരായ ജഡ്ജിമാരുമടക്കം നാസറിനു വിപുലമായ ഒരു കസ്റ്റമര്‍ ലിങ്കു തന്നെയുണ്ട്.


പേന നന്നാക്കി കൊടുക്കുമ്പോള്‍ ഡോക്ടറുടെ വക കൌണ്‍സിലിങുമുണ്ട്. പേന ഉപയോഗിക്കേണ്ട രീതികളെപ്പറ്റി. എന്നാലേ പെന്നാശുപത്രിയുടെ ധര്‍മ്മം സംരക്ഷിക്കപ്പെടൂവെന്ന നിലപാടാണ് ഇന്നും നാസറിനുള്ളത്.

Sunday, April 19, 2009

ഇതെവിടെയാണെന്നറിയാമോ ?

പണ്ട് എന്റെ ചെറുപ്പത്തില്‍ എന്റെ അഛന്‍ എന്നെ ഇവിടെ കൊണ്ടു വരുമായിരുന്നു. അന്നൊക്കെ എത്ര വൃത്തിയും വെടിപ്പും ആയിരുന്നു ഇവിടം. ഇപ്പോള്‍ മെയിന്റനന്‍സൊന്നും ഇല്ലാതെ കിടക്കുന്നു.
ട്രിച്ചൂര്‍ ബ്ലോഗേറ്സ് ക്ലബ്ബ് ഉത്ഘാടനം ചെയ്തു കഴിഞ്ഞാല്‍ നമുക്ക് ഇവിടം വൃത്തിയാക്കണം.
ലയണ്‍സ് ക്ലബ്ബ് പോലെയുള്ള സന്നദ്ധ സംഘടനകള്‍ക്കും മുന്നോട്ട് വരാം.
കൂടുതല്‍ വിവരങ്ങള്‍ പിന്നീടെഴുതാം. പൂരം എക്സിബിഷന്റെ ഫോട്ടോസ് കാണണമെന്നുള്ളവര്‍ക്ക് ആവശ്യപ്പെടാവുന്നതാണ്. ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരം മെയ് 3 - 2009.
ഏവര്‍ക്കും സ്വാഗതം.Posted by Picasa

Monday, April 13, 2009

വീണ്ടുമൊരു പൂരം..
തൃശ്ശൂര്‍ പൂരം വീണ്ടും വരവായി.


പൂരനഗരി ഒരുങ്ങിത്തുടങ്ങി. അതേന്ന് പെയിന്റടി തന്നെ.. രാഷ്ട്രീയ പാര്‍ട്ടികളുടെ പെയിന്റടി കഴിയണേന്റെ മുമ്പന്നെ ദേവസംകാര് അമ്പലങ്ങളൊക്കെ പൂശിത്തൊടങ്ങീട്ട് ണ്ടാര്‍ന്നു. ഇപ്പൊ ഒരു വിധങ്ങട് കഴിയാറായീണ്ട്.മെയ് മൂന്നിനാണ് പൂരം.

പൂരത്തിന്‍ മുന്നോടിയായുള്ള പൂരം എക്സിബിഷന്‍ ആരംഭിച്ചു.
ഇത്തവണ പൂരത്തിന് വെടിക്കെട്ട് ഉണ്ടാവുമോ എന്ന് ചിലര്‍ക്ക് സംശയം.
വെടിക്കെട്ട് നടത്തിയീരുന്ന കുണ്ടന്നൂര്‍ സുന്ദരന്‍, ജനാര്‍ദ്ദനന്‍, വേലൂര്‍ ഡേവീസേട്ടന്‍ തുടങ്ങി മേട്ടകളൊക്കെ വടിയായി. അപ്പൊ പിന്നെ ആരാ വെടിക്കെട്ട് നടത്താന്ന് പലര്‍ക്കും സംശയം
ഒരു സംശയവും വേണ്ട. ഇപ്രാവശ്യവും ഗംഭീരായിട്ടന്നെ ണ്ടാവും .. ആരാ പൊട്ടിക്ക്യാന്ന് പൊട്ടുമ്പ അറിയാം. എന്താ പോരെ ?
ആറാട്ടുപുഴ പൂരം കഴിഞ്ഞു. ഇനി വലിയ പൂരങ്ങളൊന്നുമില്ല. അതല്ലേ തൃശ്ശൂര്‍ക്കാര് തൃശ്ശൂര്‍പ്പൂരത്തിനായി കാത്തിരിക്കുന്നത്....

Wednesday, April 08, 2009

ഇവിടെക്കാരും എത്തിനോക്കണ് ഇല്ലാ എന്ന് തോന്നുന്നു !


ഇന്ന് എന്നെ കാണാന്‍ കുട്ടന്‍ മേനോന്‍ വന്നിരുന്നു. ഇപ്പോ മൂന്ന് പേരായി ഈ പാവത്തിന്റെ വീട്ടില്‍ വന്നത്..

ആദ്യം ഇംഗ്ലണ്ടിലെ ലക്ഷ്മിയും, പിന്നെ അബുദാബിയിലെ ബിന്ദുവും, ഇപ്പോ ഇതാ കുട്ടന്‍ മേനോനും..

എനിക്കാവശ്യം എന്റെ ഈ ചുറ്റുവട്ടത്തുള്ള കുറച്ച് പേരേയാണ് ആദ്യം. അര മണിക്കൂറ് കൊണ്ട് വണ്ടി ഓടിച്ച് എത്താന്‍ പറ്റിയ ദൂരത്ത്.

മേനോന്‍ ജീ അത്തരം കുറച്ച് പേരെ പരിചയപ്പെടുത്തിത്തരാം എന്ന് പറഞ്ഞിട്ടുണ്ട്.

എന്നിട്ട് വേണം തൃശ്ശൂര്‍ ബ്ലോഗ് ക്ലബ്ബിന് രൂപം കൊടുക്കാന്‍. തൃശ്ശൂര്‍ പൂരത്തിന് മുന്‍പ് തന്നെ ഒരു യോഗം കൂടണമെന്ന ആശയിലാണ് ഞാന്‍.

ഈ “തൃശ്ശൂര്‍” എന്ന ബ്ലൊഗ് ചത്ത് കിടക്കുകയാണ് കുറച്ച് നാളായിട്ട്. ഞാനിതിന് ഒരു പുതുജീവന്‍ കൊടുക്കുകയാണ് ഇങ്ങനെ എന്തെങ്കിലും എഴുതിയിട്ട്.

ഞാനും കുട്ടന്‍ മേനോനും കൂടി ചില പുതിയ അറിവുകള്‍ ഈ ബ്ലോഗില്‍ കാഴ്ചവെക്കാനുള്ള പരിപാടി ഉണ്ട്..
എല്ലാവരും സഹായിക്കുമല്ലോ...
++++++++++++++++++++++++++++++++++++
ഇത് എന്റെ തൊട്ട് വടക്കേ വീട്ടിലെ കുട്ടിയാണ്. ചിടു. എന്റെ സഹോദരന്‍ വി കെ ശ്രീരാമന്റെ പെറ്റ് ആണ്. വല്ലപ്പോഴും നാട്ടില്‍ ചെല്ലുന്ന എന്നെ കണ്ടാലും ഇവള്‍ ചങ്ങാത്തം കൂടാന്‍ വരും. ഇവരെ പറ്റി ഒരിക്കല്‍ ഞാന്‍ എന്റെ “സ്വപ്നങ്ങള്‍” എന്ന് ബ്ലോഗില്‍ എഴുതിയിരുന്നു.