Saturday, May 05, 2007

സ്ഥലനാമപുരാണം - ഒന്നാം ഭാഗം

ഈ ഭൂമിയുടെ മധ്യഭാഗം കണ്ടു പിടിച്ച് അതിന്റെ കേന്ദ്രബിന്ദുവില്‍ സ്പര്‍ശിച്ചാല്‍ അത്
വടക്കുന്നാഥ ക്ഷേത്രം ആണെന്ന് കരുതുന്നവര്‍ ആണ് തൃശൂര്‍ക്കാര്‍. അത്തരത്തിലാണ് തൃശൂര്‍
നഗരത്തിന്റെ രൂപഘടന. നഗരത്തിന്റെ നടുക്കായി വടക്കുന്നാഥക്ഷേത്രം, ചുറ്റിലമായി തേക്കിന്‍കാട്
മൈതാനവും, സ്വരാജ് റൌണ്ടും. തൃശൂരുമായി ബന്ധപ്പെട്ട ചില സ്ഥലനാമങ്ങളാണ് പോസ്റ്റിലെ പ്രതിപാദ്യം.

തൃശൂരിലെ പ്രധാന ചിറകളാണ് വടക്കേ ചിറയും, പടിഞ്ഞാറെ ചിറയും. 'ചിറ' എന്നാല്‍ ബണ്ട് എന്നാണ്
അര്‍ഥമാക്കുന്നത്. വടക്ക് നിന്നും, കിഴക്ക് വെള്ളാനിപ്പാടം, കുറ്റുമുക്ക് എന്നീ ഭാഗങ്ങളില്‍
നിന്നും ഒഴുകി വന്നിരുന്ന നീരൊഴൊക്കും മറ്റും ചേര്‍ന്ന കായല്‍ ചിറകെട്ട് സൂക്ഷിച്ചിരുന്നതാണ്
വടക്കേചിറ. പടിഞ്ഞാറു ഭാഗത്തു നിന്നുള്ള നീരൊഴുക്ക് ബണ്ടുകെട്ടി സം‌രക്ഷിച്ചിരുന്നതാണ്
പടിഞ്ഞാറെ ചിറ. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് പട്ടാളം തമ്പടിച്ചിരുന്നതിനാല്‍ 'പട്ടാളം റോഡ്'
എന്ന് അറിയപ്പെടുന്ന സ്ഥലം കഴിഞ്ഞ് വരുന്നതെല്ലാം പണ്ട് താരതമ്യേന താഴ്ന്ന
പ്രദേശങ്ങളായിരുന്നു. ഇരട്ടച്ചിറ അവിടെയായിരുന്നു. പടിഞ്ഞാറ്, വടക്ക് ചിറകള്‍ ഉയര്‍ന്ന
ജനവിഭാഗങ്ങള്‍ക്ക് മാത്രമായി മതില്‍ കെട്ടി വേര്‍തിരിച്ചിരുന്നു. ഇരട്ടച്ചിറയ്ക്ക് ഇത്തരം
വേര്‍ത്തിരിവുകള്‍ ഉണ്ടായിരുന്നില്ല. എല്ലാ തരം ജനങ്ങളും അത് ഉപയോഗിച്ച് പോന്നു. കാലന്തരത്തില്‍
മണ്ണിടിഞ്ഞ് ഇരട്ടച്ചിറ നാമാവശേഷം ആയി. കണക്കുപ്രകാരം ഇപ്പോള്‍ അവിടെ 10 അടി മണ്ണ്
ഉയര്‍ന്നിട്ടുണ്ട്ഭൂമി ശാസ്ത്രപ്രകാരം കിഴക്കൂന്ന് പടിഞ്ഞാറേയ്ക്ക് നീരൊഴുക്കിനൊടൊപ്പം മണ്ണൊലിപ്പും
സംഭവിക്കുന്നു. ചിറ ഇപ്പോള്‍ കാണുന്നില്ലെങ്കിലും 'ചിറയ്‌ക്കല്‍' എന്ന സ്ഥലം ചിറയായിരുന്നു.
അവിടെ ചിറകെട്ടി കിഴക്ക് വശത്ത് സമതലമായി ചെറിയൊരു 'കര' കൂട്ടിച്ചേര്‍ക്കപ്പെട്ടു. ഇത്തരത്തില്‍
ചേര്‍ത്ത് ഭൂപ്രദേശം 'ചേര്‍പ്പ്' എന്ന പേരില്‍ അറിയപ്പെടുന്നു. (ചേര്‍ത്തലയും ഇത്തരത്തില്‍
ഉണ്ടായ ഭൂപ്രദേശമാണ് എന്നാണ് അനുമാനം). വെസ്റ്റ്പാലസ് റോഡിലായി വടക്ക് വശത്ത് അല്പ്പകാലം മ്പ് വരെ 'പള്ളിത്തേവാരക്കെട്ട്' എന്നു പേരായ ഒരു വലിയ കെട്ടിടമുണ്ടായിരുന്നു. സാധാരണയായി
ജലാശയത്തിന്റെ അടുത്താണ് തേവാരക്കെട്ട് സ്ഥാപിക്കുക. മാത്രമല്ല പഴയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍
എല്ലാം പാലസിന്റെ കിഴക്കുവശത്താണ്. പടിഞ്ഞാറുഭാഗത്ത് വന്നിട്ടുള്ളത് താരതമ്യേന പുതിയ
കെട്ടിടങ്ങള്‍ മാത്രമാണ് എന്നതും ശ്രദ്ധേയമാണ്. വെസ്റ്റ്പാലസ് റോഡ് വളരെ താഴ്ന്ന പ്രദേശം
ആയിരുന്നു. പണ്ട് അവിടെ ഒരാള്‍ ഇയരമുള്ള മതില്‍ ഉണ്ടായിരുന്നത് ഇപ്പോല്‍ അഗ്രഭാഗം മാത്രം
കാണാവുന്ന നിലയില്‍ മണ്ണിടിഞ്ഞ് നികന്നിട്ടുണ്ട്.


കേരളത്തില്‍ ഒമ്പതാം നൂറ്റാണ്ടിനുശേഷം മാത്രമാണ് ബ്രാഹ്മണക്ഷേത്രങ്ങള്‍ വന്നിട്ടുള്ളതായി കണക്കാക്കുന്നത്. അതിനു മുന്‍പ് ദ്രാവിഡരുടെ കാവുകളും, തറകളും, മറ്റുമാണ് ഉണ്ടായിരുന്നത്. ശിവക്ഷേത്രം വന്നതിനു ശേഷമാണ് 'തൃശിവപേരൂര്‍' എന്ന പേരുത്ഭവിച്ചത് എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ വടക്കുന്നാഥക്ഷേത്രം അതിനു മുന്‍പും നിലനിന്നിരുന്നു എന്നും അതൊരു ജൈന ക്ഷേത്രം ആയിരുന്നു എന്നും മറ്റൊരു വാദമുഖമുണ്ട്. ജൈനമതത്തിലെ ആദ്യ തീര്‍ഥങ്കരനാണ് 'ഋഷഭന്‍' (വൃഷഭന്‍ എന്നും ചിലയിടത്ത് പരാമര്‍ശമുണ്ട്) . വടക്കുന്നാഥ സുപ്രഭാതത്തില്‍

"ശ്രീമത് ഋഷാചലപതേ
തവ സുപ്രഭാതം"

എന്ന വരികള്‍ ആവര്‍ത്തിച്ച് വരുന്നത് കാണാവുന്നതാണ്. സംസ്കൃതത്തിലും മൂലരൂപമായ പാലിയിലും ഋഷഭം/വൃഷഭം എന്നത് മലയാളത്തില്‍ ഇടവം/എടവം എന്നായിത്തീരും

ഋഷഭം - ഇടവം/എടവം
ഋഷാചലപതി - ഇടവക്കുന്നിന്റെ നാഥന്‍->എടവക്കുന്നിന്റെ നാഥന്‍->എടവക്കുന്നാഥന്‍->ടവക്കുന്നാഥന്‍

എന്ന രീതിയില്‍ ഈ നാമം പരിണാമ വിധേയമാകുകയും 'ടവക്കുംനാഥന്‍' എന്ന പദം Metathesis സംഭവിവിച്ച് 'വടക്കും‌നാഥന്‍' ആയി മാറുകയും ചെയ്തു എന്നാണ് ഈ വാദമുഖം ഉയര്‍ത്തുന്നവരുടെ അനുമാനം. അതല്ലാതെ വടക്കുംനാഥന് North ആയി ബന്ധമില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
(Metathesis പ്രകാരം പണ്ട് 'മുച്ചിറ്റൂര്‍' എന്ന് അറിയപ്പെട്ടിരുന്ന സ്ഥലം ഇപ്പോള്‍ 'മുറ്റിച്ചൂര്‍' എന്നാണ് അറിയപ്പെടുന്നത്. 'ഊര് ' എന്നാല്‍ ജനസാന്ദ്രത കൂടിയ/ഉയര്‍ന്ന ജനവിഭാഗങ്ങള്‍ താമസിക്കുന്ന ഇടം എന്നാണര്‍ഥമാക്കുന്നത്. ഉദാ.ചേറൂര്. 'കോട്' എന്നാല്‍ ഉയര്‍ന്ന ഭൂപ്രദേശം ഉദാ.മുണ്ടത്തിക്കോട്. 'ചേരി' എന്നാല്‍ ഒരു പ്രത്യേക തൊഴില്‍ വിഭാഗത്തില്‍ പെട്ടവര്‍ കൂട്ടം ചേര്‍ന്ന് വസിക്കുന്നിടം ഉ.ദാ. വടക്കാഞ്ചേരി)

പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ തൃശിവപേരൂര്‍ ചരിത്രത്തില്‍ അറിയപ്പെടുന്നു. ആ കാലഘട്ടത്തില്‍ അജ്ഞാതനായ ഒരു വയനാടന്‍ കവി 'തിരുമരുതൂര്‍' ജലാശയത്തെ വര്‍ണ്ണിക്കുമ്പോള്‍ തൃശിവപേരൂര് പോലെ ശൈവലസദ്യുതി എന്ന് ഉപമിക്കുന്നുണ്ട്. ഇതാണ് തൃശൂരിനെ കുറിച്ചുള്ള ഏറ്റവും പുരാതനമായ ചരിത്ര പരാമര്‍ശം.

1956-ല്‍ കേരളസാഹിത്യ അക്കാദമി വന്നതിനു ശേഷമാണ് തൃശൂര്‍ 'സാംസ്‌ക്കാരിക നഗരം' എന്ന് അറിയപ്പെടുന്നത്. ഇന്നും കലാ-സാഹിത്യ-വാണിജ്യ സം‌രം‌ഭങ്ങളുടെ മുഖ്യ വിഹാരകേന്ദ്രമായി തൃശൂര്‍ വര്‍ത്തിക്കുന്നു.

കടപ്പാട്:- പ്രൊഫ. പി നാരായണന്‍ & സുബീഷ്‌കുമാര്‍
(തൃശൂരിലെ പി.ജി.സെന്ററിലെ ക്യാമ്പസ് മാഗസിനായി ഇവര്‍ ശേഖരിച്ച വിവരങ്ങളാണ് അവലം‌ബം.)

പല്ലി മുറിച്ചിട്ട വാല്‍ക്കഷണം :
ഈ പോസ്റ്റ് തയ്യാറാക്കി അവതരിപ്പിക്കുന്നത് ശ്രീമാന്‍ വിവി / വി.എം ദേവദാസ് അവര്‍കളാണ്.

Wednesday, May 02, 2007

തൃശ്ശൂര്‍ ക്ലബ് - മെംബര്‍ഷിപ്പ് ക്ഷണിക്കുന്നു

പ്രിയരെ,

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ പേരില്‍ ഒരു ബ്ലോഗ് തുടങ്ങിയ വിവരം ഇതിനകം എല്ലാവരും അറിഞ്ഞുകാണുമെന്നു വിശ്വസിക്കുന്നു. തൃശ്ശൂരിന്റെ ഒരു ജിഹ്വയാക്കി ഇതിനെ വളര്‍ത്തിയെടുക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നതായി ആദ്യ രണ്ടു മൂന്നു പോസ്റ്റുകളില്‍ നിന്നും മനസ്സിലാവുന്നു. ഈ ബ്ലോഗിന്റെ മുന്നോട്ടുള്ള പ്രയാണത്തിനായി താഴെ കാണുന്ന ചില നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നു.


ഈ ബ്ലോഗിന്റെ ഉദ്ദേശ ലക്ഷ്യം തന്നെ തൃശ്ശൂരിലെ ഭൂത-ഭാവി -വര്‍ത്തമാന വിശേഷങ്ങള്‍ സഭ്യമായ രീതിയില്‍ പങ്കുവെക്കുകയെന്നതാണ്.

ഓരോ പോസ്റ്റുകള്‍ക്കിടയിലും ചുരുങ്ങിയത് ഒരു ദിവസത്തെ ഇടവേളയെങ്കിലും ഉണ്ടാവുകയാണെങ്കില്‍ കൂടുതല്‍ ആളുകള്‍ക്ക് പോസ്റ്റുകള്‍ വായിക്കാന്‍ സൌകര്യം ലഭിക്കും.

തൃശ്ശൂരുമായി ബന്ധപ്പെട്ട ഏതുവിഷയവും ആര്‍ക്കും പോസ്റ്റ് ചെയ്യാം. ഇതൊരു വ്യക്തിയുടെയോ ഒരു ഗ്രൂപ്പിന്റെയോ ബ്ലോഗല്ല. തൃശ്ശുരുമായി ബന്ധപ്പെട്ട എല്ലാവരുടെയുമാണ്.

ബ്ലോഗിനെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും പരാതികളും അപ്പപ്പോള്‍ തന്നെ കമന്റു വഴിയോ മറ്റോ അറിയിക്കുക.

ഈ ബ്ലോഗിന്റെ ടെമ്പ്ലേറ്റിനു എന്തോ കുഴപ്പമുണ്ടെന്നും, ഫയര്‍ ഫോക്സ് ഉപയോഗിക്കുന്നവര്‍ക്ക് ചിലപ്പോള്‍ വായിക്കാന്‍ പറ്റുന്നില്ല എന്നും പരാതി ലഭിച്ചിരുന്നു. സാക്ഷി ടെമ്പ്ലേറ്റില്‍ പണിതുകൊണ്ടിരിക്കുന്നു. മാത്രമല്ല ഉടന്‍ തന്നെ ഈ ബ്ലോഗിനെ പുതിയ വെര്‍ഷനിലേക്ക് മാറ്റേണ്ടതുമുണ്ട്.


ബ്ലോഗില്‍ പോസ്റ്റ് ചെയ്യേണ്ടവര്‍/അംഗത്വം വേണ്ടവര്‍ സ്വന്തം ബ്ലോഗിന്റെ മേല്‍വിലാസം സഹിതം താഴെപറയുന്ന അഡ്രസ്സില്‍ ബന്ധപ്പെടുമല്ലോ.

rageshku@gmail.com / kuttamenon@gmail.com

എല്ലാവരുടേയും പങ്കാളിത്തവും, പ്രോത്സാഹനവും, ആശിര്‍വാദവും പ്രതീക്ഷിക്കുന്നു.

Tuesday, May 01, 2007

സ്റ്റാര്‍ട്ട് ആക്ഷന്‍ ക്യാമറ. ഒരു തൃശ്ശൂര്‍ തിരക്കഥ.

തിരശ്ശീല ആദ്യമായി താണപ്പോള്‍


വര്‍ഷം - 1907
സ്ഥലം- തൃശൂര്‍ തേക്കിന്‍ കാട് മൈതാനത്തിന്‍റെ ഒരു മൂലയില്‍ ഉയര്‍ത്തിയിട്ടുള്ള ചെറിയ കൂടാരം
പേര് - ജോസ് ബയൊസ്കോപ്പ്നിലത്ത് പടിഞ്ഞിരുന്ന്, മുന്നില്‍ തൂക്കിയിട്ടിരിക്കുന്ന വെള്ളനിറത്തിലുള്ള തിരശ്ശീലയില്‍ വിരിയുന്ന ദൃശ്യങ്ങള്‍ അമ്പരപ്പോടെ നോക്കിയിരിക്കുന്ന നൂറോളം കാണികള്‍. അവര്‍ക്ക് മുന്നില്‍ ഒരു തീവണ്ടി ചീറിപ്പാഞ്ഞെത്തുന്നു, ഒരു പൂ വിരിയുന്നു, പട്ടി കുരയ്ക്കുന്നു. ഏതാണ്ട് ഇരുപത് മിനിട്ടോളം ദൈര്‍ഘ്യം വരുന്ന പരസ്പരബന്ധമേതുമില്ലാത്ത ഈ ദൃശ്യങ്ങളിലൂടെയാണ് കേരളക്കരയ്ക്കു മുന്നില്‍ ആദ്യമായി ഒരു മലയാളി, ‘ബയൊസ്കോപ്പ്‘ എന്ന സാദ്ധ്യതകളുടേയും സ്വപ്നങ്ങളുടേയുമായ നൂതനലോകം തുറക്കുന്നത്.

1906- ഇല്‍ സേലത്ത് നടന്ന ദക്ഷിണേന്ത്യയിലെ ആദ്യത്തെ ബയൊസ്കോപ്പ് പ്രദര്‍ശനത്തിനു ശേഷം ഒരു വര്‍ഷം തികയുന്നതിനു മുന്‍പെയാണ് ജോസ് ബയൊസ്കോപ്പ് കേരളത്തിലുടനീളം കൊച്ചുകൊച്ച് കൂടാരങ്ങളിലെ കാണികള്‍ക്ക് അത്ഭുതദൃശ്യങ്ങള്‍ കാണിച്ചുകൊടുത്തത്. എന്നതില്‍ നിന്നു തന്നെ മനസ്സിലാക്കാം മലയാള സിനിമയുടെ ചരിത്രത്തില്‍ തൃശ്ശൂര്‍ക്കാരനും, ജോസ് ബയൊസ്കോപ്പിന്റെ ഉടമയുമായ കാട്ടൂക്കാരന്‍ വാറുണ്ണി ജോസഫിന്‍റെ പ്രസക്തി. ടാക്കീസ് എന്ന
സങ്കല്പം പോലും മലയാളിയ്ക്ക് അജ്ഞാതമായിരുന്ന തൃശ്ശൂരില്‍, വൈദ്യുതി എത്തി നോക്കുക പോലും ചെയ്തിട്ടില്ലാത്ത ഒരു കാലഘട്ടത്തില്‍ തിരുച്ചിറപ്പിള്ളിക്കാരന്‍ വിന്‍സന്‍റ് പോളിന്‍റെ കയ്യില്‍ നിന്നും വാങ്ങിയ തന്‍റെ ബയോസ്ക്പോപ്പുമായി വാറുണ്ണി ജോസഫ് കേരളത്തിനകത്തും പുറത്തും ഒരു പുതിയ സംസ്കാരത്തിന്‍റെ ആഗമനം കാഹളം മുഴക്കി അറിയിച്ചത്.

കൈകൊണ്ട് കറക്കിയാണ് ബയോസ്കോപ്പിന്‍റെ പ്രൊജക്റ്റര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്. രാത്രി സമയത്ത് പ്രദര്‍ശനം നടക്കുമ്പോള്‍ കൂടാരത്തിനുള്ളില്‍ ഒരു കാലിവീപ്പയില്‍ പെറ്റ്രോമാക്സ് ഇറക്കിവെച്ച് ഒരു പലകകൊണ്ട് മൂടും. ജോസ് ബയോസ്കോപ്പിലൂടെ കേരളക്കര സിനിമാസ്വാദനത്തിന്‍റെ അക്ഷരമാല അഭ്യസിച്ചു തുടങ്ങവെ ആദ്യം ബോംബെയിലും കല്‍ക്കത്തയിലും, പിന്നീട് ഇന്ത്യയില്‍ മറ്റു പലയിടങ്ങളിലും നിശ്ശബ്ദചിത്രങ്ങള്‍ പ്രേക്ഷകരെ ആകര്‍ഷിച്ചു തുടങ്ങിയിരുന്നു.
കൊല്‍ക്കത്തയില്‍ തീപ്പെട്ടി വ്യവസായത്തെക്കുറിച്ചു പഠിക്കാന്‍ പോയ എഞ്ജിനീയറിംഗ് ബിരുദധാരിയായ മകന്‍ ദേവസ്സി മുഖേന, വൈദ്യുതി ഉപയോഗിച്ചുപ്രവര്‍ത്തിക്കുന്ന പ്രൊജക്റ്റര്‍ വാറുണ്ണി ജൊസഫ് തൃശ്ശുര്രിലെത്തിക്കുന്നതോടെ ജോസ് ബയ്യൊസ്കൊപ്പ് ജോസ് എലക്റ്റ്രിക് ബയൊസ്കോപ് ആയിമാറി. എഡിപോളോ, കിംഗ് ഒഫ് ദ് സര്‍ക്കസ് തുടങ്ങിയ ഇംഗ്ഗ്ലീഷ് ചിത്രങ്ങളോടൊപ്പം കാളിയമര്‍ദ്ദനം, ഹരിശ്ച്ചന്ദ്രന്‍ തുടങ്ങിയ മൂക ചിത്രങ്ങള്‍ കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ തുടങ്ങി. സ്ക്രീനില്‍ കാണിക്കുന്ന ദൃശ്യങ്ങള്‍ “ഇതാ നായകന്‍ നായികയുടെ അടുത്തെയ്ക്ക് ചെല്ലുന്നു, അയാളെ വില്ലന്മാര്‍ താല്ലുന്നു“ എന്നൊക്കെ അപ്പപ്പോള്‍ ഉറക്കെ വിളിച്ച് പറയുകയായിരുന്നു അന്നത്തെ രീതീ.
ജോസഫിന്‍റേതു കൂടാതെ മറ്റു ചില മൂവീ സംഘങ്ങള്‍കൂടി കേരളത്തിലുടനീളം സഞ്ചരിച്ച് ചിത്രപ്രദര്‍ശനം നടത്താന്‍ തുടങ്ങിയത് ഏതാണ്ട് ഇതേ കാലഘട്ടത്തിലാണ്. തൃശ്ശൂര്‍ക്കാരായ കാഞ്ഞിരപ്പറമ്പില്‍ വാറു, മൂക്കന്‍ മാസ്റ്റര്‍ തുടങ്ങിയവരായിരുന്നു ഇതില് പ്രധാനികള്‍.
അപ്പോള്‍ ലോകമൊട്ടാകെ സിനിമ പതുക്കെ ദൃശ്യത്തോടൊപ്പം ശബ്ദവും കൂടി ചേര്‍ത്തുവയ്ക്കാന്‍ ഒരുങ്ങുകയായിരുന്നു.

കാട്ടൂക്കാരന്‍ വാറുണ്ണി ജോസഫ് തന്റെ പെറ്റ്രോമാക്സ് വീപ്പയ്ക്ക് വെളിയിലേക്ക് ഇറക്കിവച്ചു. പുറത്ത് വെളിച്ചം പരന്നു.

ഇന്റര്‍വെല്‍!

(പ്രിയമുള്ള കൂട്ടുകാരേ.. ഇടവേളയാണിത്. ഉപ്പുസോഡയും ക്രഷും പുറത്തെ പീടികയില്‍ കിട്ടും. അവിടെ നിന്നും പാട്ടുപുസ്തകം വാങ്ങാന്‍ മറക്കണ്ട. വേഗം തിരികെ വരാനും)