
ശ്രീകൃഷ്ണ ഭഗവാന് വിഷാദഗ്രസ്തനും അസ്തപുരുഷശാലിയുമായി നില്ക്കുന്ന അര്‍ജ്ജുനനു വിശ്വരൂപം ദര്‍ശനം നല്കി ജീവനാമൃതം തളിച്ച പുണ്യ ദിനമാണ് ഏകാദശി. ബൃഹത്തും മഹത്തുമായ ഭാഗവത കഥാസരിത്സാഗരം കടഞ്ഞെടുത്ത് മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി ഒരത്യുത്തമഭക്തി മഹാകാവ്യമായി സംക്ഷിപ്തരൂപത്തില്‍ പുന:സൃഷ്ടി നടത്തി പൂര്‍ത്തീകരിച്ചതും ഏകാദശി നാളില്‍. ‘നാരായണീയ’ മഹാകാവ്യത്തിലെ അവസാനദശകത്തിലെ ആദ്യശ്ലോകം നിര്‍മ്മിച്ചത് ഗുരുവായൂര്‍ ഏകാദശി ദിവസം ശ്രീലകത്ത് മിന്നിത്തിളങ്ങുന്ന ശ്രീകൃഷ്ണ വിഗ്രഹം കണ്ട് പ്രചോദിതനായിട്ടാണെന്ന് ഐതിഹ്യം.
അഗ്രേ പശ്യാമി തേജോനിബിഡത്രകളാ-
യാവലീ ലോഭനീയം
പീയൂഷാപ്ലാവിതോഹം തദനുതദുദരേ
ദിവ്യ കൈശോരവേഷം
താരുണ്യാരംഭരമ്യം പരമസുഖരസാ-
സ്വാദ രോമാഞ്ചിതാംഗൈ-
രാവീതം നാരദാദൈവര്വ്വിലസദുപനിഷ-
ത്സുന്ദരീമണ്ഡലൈശ് ച !
അവസാനം എല്ലാ ജീവജാലങ്ങളുടെയും തന്റേയും ‘ആയുരാരോഗ്യ സൌഖ്യത്തിനു വേണ്ടി പ്രാര്‍ത്ഥിച്ച മേല്‍പ്പത്തൂര്‍ തന്നെ ബാധിച്ച രോഗത്തില്‍ നിന്നും വിമുക്തനായെന്ന് ഐതിഹ്യം.
മണ്ഡലകാലം വൃശ്ചികം 1 -അം തീയതി മുതല്‍ ഗുരുവായൂരില്‍ ഭക്തജനത്തിരക്കാണ്. ഏകാദശിക്ക് മുന്‍പ് 15 നാള് ചെമ്പൈ സംഗീതോത്സവം മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍. ‘കരുണ ചെയ്വാനെന്തു...’ പാടി ഏകാദശിദിവസം അവസാനിപ്പിക്കുന്നതുവരെ പ്രശസ്തതും അപ്രശസ്തരുമായ മൂവ്വായിരത്തോളം കലാകാരന്മാരാണ് സംഗീതോത്സവത്തില്‍ പങ്കെടുക്കുന്നത്. ഈ ദിവസങ്ങളില്‍ പ്രത്യേക പൂജകളും സന്ധ്യക്ക് വിളക്കും നടത്തുന്നു.
1976ലെ ഏകാദശിനാളിലാണ് ഗജരാജനായ ഗുരുവായൂര്‍ കേശവന് സമാധിയാവുന്നതു. അതിന്റെ ഓര്‍മ്മപുതുക്കാനായി ദേവസ്വത്തിലെ എല്ലാ ആനകളും സത്രം ഹാളിനടുത്തുള്ള ഗജരാജ പ്രതിമയില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കാറുണ്ട്
എല്ലാവര്ക്കും ഏകാദശി ആശംസകള്‍