Sunday, April 22, 2007

പൂരം വരവായ്..

പൂരങ്ങളില്‍ കേമമെന്നു വിശേഷിപ്പിക്കാവുന്ന തൃശ്ശൂര്‍ പൂരത്തിനു കൊടികയറി. ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. ഈ വര്‍ഷം ഏപ്രില്‍ 27, 28 തീയതികളിലാണ് പൂരം. പൂരത്തിന്റെ ചരിത്രത്തെയും ആഘോഷത്തെയും കുറിച്ച് ചുരുങ്ങിയ വാക്കുകളില്‍ ഒരു കുറിപ്പ്.

ചരിത്രം.
പൂരങ്ങളുടെ പൂരമായ ആറാട്ടുപുഴ പൂരത്തിനു പല ദേശങ്ങളില്‍ നിന്നും ദേവകളെത്തുമായിരുന്നു. ഒരു തവണയിലെ പൂരത്തിനു ശക്തമായ കാറ്റും പേമാരിയും നിമിത്തം പാറമ്മേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, അയ്യന്തോള്‍, ചൂരക്കാട്ട്കാവ് , നെയ്തലക്കാവ്, കണിമംഗലം ശാസ്താവ് എന്നീ പൂരങ്ങള്‍ക്ക് ആറാട്ടുപുഴയിലെത്താന്‍ സാധിച്ചില്ലത്രെ. പൂരത്തിനെത്താതിരുന്നതുകൊണ്ട് ഈ പൂരങ്ങള്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചെന്ന് പറയപ്പെടുന്നു. അന്ന് ശക്തന്‍ തമ്പുരാന്റെ ഭരണമായിരുന്നു. സംഭവമറിഞ്ഞ് കോപിഷ്ടനായ തമ്പുരാന്‍ വടക്കുന്നാഥന്‍ ആസ്ഥാനമാക്കി അടുത്ത പൂരം നാളില്‍ ( 977 മേടം) സാംസ്കാരികകേരളത്തിന്റെ തിലകക്കുറിയായി മാറിയ തൃശ്ശൂര്‍ പൂരം ആരംഭിച്ചു.

പൂരത്തിലെ പ്രധാ‍ന പങ്കാളികള്‍ നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളായ പാറമ്മേക്കാവും തിരുവമ്പാടിയുമാണ്.

ചെറുപൂരങ്ങള്‍
പൂരത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് ചെറുപൂരങ്ങള്‍. കാലത്ത് ഏഴുമണിയോടെ തന്നെ ചെറുപൂരങ്ങള്‍ ഓരോന്നായി വടക്കുന്നാഥ ക്ഷേത്രത്തിലെ ശ്രീമൂലസ്ഥാനത്ത് ‍ പ്രവേശിക്കും. ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, അയ്യന്തോള്‍, ചൂരക്കാട്ട്കാവ് , നെയ്തലക്കാവ്, കണിമംഗലം ശാസ്താവ് എന്നിവയാണ് അവ. മൂന്നില്‍ കൂടാതെ ആനകള്‍ ഓറോ എഴുന്നെള്ളിപ്പിനുമുണ്ടാവും. ഇതില്‍ കണിമംഗലം ശാസ്താവിന്റെ എഴുന്നെള്ളിപ്പോടെയാണ് പൂരം ആരംഭിക്കുന്നത് തന്നെ.

മഠത്തില്‍ വരവ്
രാവിലെ ഏഴിനു തിരുവമ്പാടിയില്‍ നിന്നും മൂന്നാനപ്പുറത്ത് പാണ്ടിമേളത്തോടെ നടുവില്‍ മഠത്തിലേക്ക് ഭഗവതിയെ ആനയിക്കുന്നു. പിന്നെ അവിടെ ദേവിക്ക് ഇറക്കി പൂജ. പിന്നീട് പ്രസിദ്ധമായ മഠത്തില്‍ വരവ്. പഴയ നടക്കാവിനടുത്ത് തിരുവമ്പാടിയുടെ തന്നെ കേമനായ ആനപ്പുറത്ത് ഭഗവതിയെ വഹിച്ചുകൊണ്ട് പതിനൊന്നരയോടെ പ്രസിദ്ധമായ പഞ്ചവാദ്യം. പ്രശസ്തരായ തിമില-മദ്ദള- കുറുംകുഴല്‍ വിദഗ്ദരാണ് ഇതില്‍ അണി നിരക്കുന്നത്.



പാറമേക്കാവിന്റെ വരവ് .
ഏകദേശം പന്ത്രണ്ടുമണിയോടെയാണ് പാറമ്മേക്കാവിന്റെ പൂരം തുടങ്ങുന്നത്. പതിനഞ്ചാനപ്പുറത്ത് പാറമേക്കാവ് ക്ഷേത്രാങ്കളത്തില്‍ നിന്നു തുടങ്ങുന്ന ചെമ്പട താളം അവസാനിക്കുന്നത് വടക്കുന്നാഥനില്‍ അത് കൊട്ടിക്കയറി പാണ്ടിമേളത്തോടെയാണ്.




ഇലഞ്ഞിത്തറമേളം
വടക്കുന്നാഥ ക്ഷേത്രത്തിലെ ഇലഞ്ഞിയുടെ ചുവട്ടിലാണ് പ്രസിദ്ധമായ ഈ നാദവിസ്മയം അരങ്ങേറുന്നത്. ഇരുന്നോറോളം കലാകാരന്മാരുടെ വാദ്യപ്രപഞ്ചം. പതികാലത്തില്‍ തുടങ്ങുന്ന മേളം ക്രമേണ ജനസഹസ്രങ്ങളുടെ ആവേശത്തോടൊപ്പം ത്രിപുട-തക്രത താളങ്ങളിലൂടെ കലാശത്തിലെത്തുന്നു. മേളം കൊട്ടിത്തീരുന്നതോടേ പാറമേക്കാവും തിരുവമ്പാടിയും വടക്കുന്നാഥനെ വലം വെച്ച് തെക്കേ ഗോപുര നടയിലൂടെ പ്രസിദ്ധമായ തെക്കോട്ടിറക്കം നടത്തുന്നത്.



കുടമാറ്റം.
തെക്കോ‍ട്ടിറക്കത്തിനു ശേഷം പാറമ്മേക്കാവിന്റെ തിടമ്പേറ്റിയ ആന രാജാവിന്റെ പ്രതിമയെ വണങ്ങി തിരിച്ചെത്തി മറ്റു ആനകളോടൊപ്പം വടക്കുന്നാഥനു അഭിമുഖമായി നിലയുറപ്പിക്കുന്നു. വടക്കുന്നാഥനെ സാക്ഷിയാക്കിയുള്ള ഈ മുഖാമുഖത്തോടെയാണ് പ്രസിദ്ധമായ കുടമാറ്റം നടക്കുന്നത്. പല നിറത്തിലും തരത്തിലുമുള്ള കുടകള്‍ നിവര്‍ത്തി പൂരാവേശക്കാരില്‍ ഉത്സവ്ത്തിന്റെ ആവേശം നിറയ്ക്കുന്നു.




പിന്നീട് തിരുവമ്പാടി ഭഗവതി ബ്രഹ്മസ്വം മഠത്തിലേക്കും പാറമേക്കാവ് ഭഗവതി പാറമേക്കാവ് ക്ഷേത്രത്തിലേക്കും ഒരോ ആനപ്പുറത്ത് പോകുന്നു. രാത്രി എട്ടുമണിയോടെ തിരുവമ്പാടിയുടെ മഠത്തിലേക്കുള്ള വരവ് ആരംഭിക്കുന്നു. ബ്രഹ്മമുഹൂര്‍ത്തത്തില്‍ പാറമ്മേക്കാവ് ഭഗവതി മണികണ്ഠനാലിലെ പന്തലിലും തിരുവമ്പാടി ഭഗവതി നായ്ക്കനാലിലും നിലയുറപ്പിക്കുന്നതോടെ പ്രസിദ്ധമായ പൂരം വെടിക്കെട്ട് ആരംഭിക്കുകയായി.

തൃശ്ശൂരിനോളം തന്നെ പ്രസിദ്ധിയുണ്ട് വെടിക്കെട്ടിനും. പ്രസിദ്ധരായ വെടിക്കെട്ട് പ്രമാണികളാണ് ഇതിനു സാരഥ്യം വഹിക്കുന്നത്.

പിറ്റേന്ന് ഉച്ചയോടെ തിരുവമ്പാടി-പാറമ്മേക്കാവ് ഭഗവതിമാര്‍ ഉപചാരം ചെല്ലി പിരിയുന്നതോടെ പൂരത്തിന് വിരാമമായി.




വാല്‍ക്കഷണം :
ഇവിടെ എല്ലാവരുടെയും പൂരസ്മരണകള്‍ കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തൃശ്ശൂരിന്റെ ബ്ലോഗിലെ ആദ്യപോസ്റ്റ് വടക്കുന്നാഥന്റെ ഉത്സവത്തെക്കുറിച്ചു തന്നെയാവട്ടെ. പൂരമില്ലെങ്കില്‍ തൃശ്ശൂരില്ലല്ലോ..

Creative contribution : ശ്രീ കുറുമാന്‍
Blog Design : സാക്ഷി

29 comments:

കുറുമാന്‍ said...

"പൂരം വരവായ്.." - കുട്ടന്‍ മേന്നെ, ഈ പോസ്റ്റ് ഇട്ടത് വളരെ അവസരോചിതമായി. അങ്ങനെ കൊല്ലം, പാലക്കാട് തുടങ്ങിയവരുടെ ബ്ലോഗിനു ശേഷം, തൃശൂരുകാരുടെ ഒരു ബ്ലോഗും ആദ്യമായി ഇന്നു ഉദ്ഘാടിക്കപെട്ടിരിക്കുന്നു.

പൂരങ്ങളുടെ പൂരമായ തൃശൂര്‍പൂരത്തെകുറിച്ച് ഒരു പിടി ഓര്‍മ്മകള്‍ പങ്കുവക്കാനുണ്ട്. 10 വയസ്സിലാണ് ആദ്യമായി തൃശൂര്‍ പൂരം കാണുവാന്‍ അച്ഛന്റെ കൈപിടിച്ച് പൂര പറമ്പിലേക്ക് കയറിയത്. അന്നു കണ്ട ഇലഞ്ഞിതറമേളവും, കുടമാറ്റവും ഇന്നും മനസ്സില്‍ ഓര്‍മ്മയുണ്ട്.

കൂടുതല്‍ ഓര്‍മ്മകളുമായി ഞാന്‍ വീണ്ടും എത്തും.

ഈ പോസ്റ്റിട്ട് കുട്ടന്മേനോന് തൃശൂര്‍ ബ്ലോഗിന്റെ പേരില്‍ നന്ദി പ്രകാശിപ്പിച്ചു കൊള്ളുന്നു.

തൃശൂര്‍കാരെ, ഓടി വരൂ, പങ്കുവക്കൂ‍ നിങ്ങളുടെ പൂരം സ്മരണകള്‍

Unknown said...

കോടതി വിധി ഒക്കെ നേടി പൂരം ആഘോഷമായി കൊണ്ടാടാന്‍ പോകുമ്പോ ഈ പോസ്റ്റിട്ട കുട്ടമേനോന് പാറമേക്കാവ് വക ഒരു പട്ടുകുട.

പൂരം സ്മരണ പറയാന്‍ തുടങ്ങിയാല്‍ എത്രയെന്ന് വച്ചാ എഴുതാ. എനിക്കേറ്റവും ഇഷ്ടം വെടിക്കെട്ടിന്റെ ഏറ്റവും അവസാനമുള്ള ചെമ്പ് ഗുണ്ടാണ്. പണ്ട് വീട്ടില്‍ നിന്നാല്‍ ഈ വെടിക്കെട്ട് കാണാമയിരുന്നു. അപ്പോ അവസാനം ചെമ്പ് ഗുണ്ട് പൊട്ടുമ്പോള്‍ ജനലിന്റെ ഗ്ലാസ്സ് ഒക്കെ കിടുകിടാന്ന് ആടും. ഇപ്പോള്‍ ചെമ്പ് ഗുണ്ട് അത്ര ശക്തിയുള്ളത് അല്ലാന്ന് തോന്നുന്നു.

ഹോ മേളം, കുടമാറ്റം ഒക്കെ കൂടി എങ്ങന്യാ എഴുതാ എന്റെ വടക്ക് നാഥാ!

വേണു venu said...

ഒരു കൊല്ലംകാരന്‍റെ ആശംസ.....പൂരം വരവായി....:)

Unknown said...

ഡിസൈന്‍ കിടിലം സാക്ഷി മച്ചാനേ.... :-)

ഇളംതെന്നല്‍.... said...

ഇതെന്തായാലും നന്നായി.....
ഇനി പൂരം സ്മരണകള്‍ ഓരോന്നായി പോരട്ടെ...
പൂ‍രം ...
പറഞ്ഞാല്‍ തീരാത്ത ഓര്‍മ്മകളുടെ പൊലിമ സമ്മാനിച്ച പൂരം....
ഇലഞ്ഞിത്തറ മേളവും തെക്കോട്ടിറക്കവും കുടമാറ്റവും പിന്നെ ഗമണ്ടന്‍ വെടിക്കെട്ടും....
മേളത്തിന്റെ താളത്തിനൊപ്പിച്ച് വായുവില്‍ ഉയരുന്ന അനേകം കൈകള്‍....... എല്ലാം എല്ലാം......

രാത്രി മുഴുവന്‍ കറങ്ങി നടന്ന് പുലര്‍ച്ചെ നടുവിലാലില്‍ തമ്പടിക്കും ... വെടിക്കെട്ട് തുടങ്ങാന്‍ കാതോര്‍ത്ത്.........

മുസ്തഫ|musthapha said...

കുട്ടമ്മേനോനെ... ഇതു നന്നായി...


നന്നേ ചെറുപ്പത്തില്‍ അമ്മാവനുമായി തൃശ്ശൂര്‍ പൂരം കാണാന്‍ പോയതാണ് എന്‍റെ ആകെക്കൂടെയുള്ള പൂരം ഓര്‍മ്മ. പിന്നീട് നേരിട്ട് കാണാന്‍ അവസരം ഒത്തുവന്നിട്ടില്ല!

ടെംബ്ലേറ്റ് കലക്കി :)

തറവാടി said...

ഒരുപൂര ദിവസം വൈകുന്നേരം ഏഴുമണിയായിക്കാണും , ഞാനും എന്‍റ്റെ സുഹൃത്ത്‌ക്കളായ രണ്ടു പേരും , വളരെ ക്ഷീണിച്ച് റൌണ്ടിലൂടെ ആള്‍ക്കൂട്ടത്തില്‍ നടക്കുന്നു , പെട്ടെന്ന് പിന്നില്‍ ബഹളം ,

പിന്നിലൂടെ പോക്കറ്റടിക്കാന്‍ ശ്രമിച്ചവനെ സുഹൃത്ത്‌ പിടിച്ചതാണ്‌ ,

പക്ഷെ പിടിച്ചതു ഒരു പെണ്ണിന്‍റ്റെ കയ്യായിപ്പോയി , മറ്റവന്‍ രക്ഷപ്പെടുകയും ചെയ്തു ,

ഭാഗ്യത്തിന്‌ പെണ്ണിന്‍റ്റെ ഒപ്പമുള്ള ആളും പോക്കറ്റടിക്കാരനെ കണ്ടിരുന്നതിനാല്‍ , തല്ലുകൊള്ളാതെ രക്ഷപ്പെട്ടു.


( അല്ല കുറുമാനേ തൃശ്ശൂര്‍കാര്‍ മാത്രം വന്നാമതിയോ അനുഭവം പങ്കുവെക്കാന്‍ ..:) )

asdfasdf asfdasdf said...

ബാല്യത്തിലെ പൂരങ്ങളാണ് ഇന്നും മനസ്സിലുള്ളത്. പൂരത്തലേന്ന് അയ്യന്തോളിലെ അമ്മവീട്ടില്‍ നിന്നും ഉച്ചയൂണും കഴിഞ്ഞ് ഞാനും ഉണ്ണിക്കുട്ടനും ഇറങ്ങും. അന്ന് സി.എം.എസ്സ് സ്കൂളിലാണ് ആനകളെ കെട്ടിയിരുന്നത്. അവിടെ ആനകളുടെ ചന്തം നോക്കി കുറെ നേരം നില്‍ക്കും. ഓരോ ആനയുടെയും പേരൊക്കെ ചോദിച്ച് വെക്കും.വെറുതെ ഒരു രസത്തിനു.
കൈയില്‍ ചില്ലറയുണ്ടേങ്കില്‍ ഒന്നുകില്‍ സര്‍ക്കസ് അല്ലെങ്കില്‍ ചോന്ന മിഠായി. തിരിച്ച് വൈകീട്ടെ വീട്ടിലെത്തൂ. ഓരോ വീട്ടിലും ബന്ധുജനങ്ങളുടെ പ്രവാഹമാണ്. പൂരത്തിന്റെ ദിവസം പറയുകയും വേണ്ട. നാടും വീടും തിരക്കോടു തിര്ക്കു തന്നെ. പൂരദിവസം അയ്യന്തോള്‍ പൂരത്തിന്റെ കൂടെ വീട്ടില്‍ നിന്നറങ്ങിയാല്‍ ഉച്ചക്ക് ഊണിനു പന്ത്രണ്ടുമണിക്ക് വന്ന് വേഗം കഴിച്ച് തിരിച്ച് പോകും ഇലഞ്ഞിത്തറ മേളം കൊടുമ്പിരിക്കൊള്ളുമ്പോള്‍ അവിടെയെത്തി കുടമാറ്റവും ചെറിയ വെടിക്കെട്ടും കഴിഞ്ഞാണ് തിരിച്ചു പോരുക. രാത്രി വെടിക്കെട്ടിനു പോകാന്‍ വീട്ടുകാരുടെ സമ്മതമില്ല. വീട്ടില്‍ നിന്ന് കാണാം. തൃശ്ശൂര്‍ക്കാരുടെ പൂരം പൂരത്തിന്റെ പിറ്റേന്നാണ്. അന്നാണ് ഞങ്ങളുറ്റെ പര്‍ച്ചേസിങ്. പൂരസ്മരണകള്‍ പറയാനാണെങ്കില്‍ കുന്നോളമുണ്ട്. പിന്നെ വരാം.

വിപിന്‍‌ദാസ് said...

പൂരംന്ന് പറഞ്ഞാ മറക്ക്വാ!!! ഓര്‍മ്മ വെച്ച നാളുമുതല്‍ എല്ലാ കൊല്ലവും മുടങ്ങാതെ പോവാറുള്ളതാണ്‍, എവിടെ എന്തു തിരക്കുണ്ടെങ്കിലും ലീവെടുത്ത് വരാറുണ്ട്, പക്ഷെ, ഈ വര്‍ഷത്തെ പൂരം ശരിക്കും നഷ്‌ടപ്പെട്ടു, ആദ്യമായാണ്‍ ഈ നഷ്‌ടം. മുന്‍പു കൂടെ ജോലി ചെയുന്ന സുഹൃത്തുക്കളെയൊക്കെ പൂരം കാണിക്കുക എന്നത് ഒരു രസം തന്നെ ആയിരുന്നു, അവരൊക്കെ പലരും പൂരം പൂരം എന്നു കേട്ടിട്ടേള്ളൂ....
ഈ വര്‍ഷം കോടതിയും കേസുമായി കമ്മറ്റിക്കാര് കുറേ നടന്നൂന്ന് തൊന്നണൂ.... എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ പൂരം ആശംസകള്‍!....

Kaithamullu said...

ഒന്‍പത് വര്‍ഷം മുമ്പാണ് ഞാന്‍ അവസാനമായി പൂരത്തിന് പോയത്. കൂട്ടുകാരന്റെ വക പടിഞ്ഞാറെ നടയിലെ വല്യ ഒരു ബില്‍ഡിംഗിന്റെ മോളില്‍ നിന്നായിരുന്നു, വെടിക്കെട്ട് കണ്ടത്.
-കര്‍ത്താവേ, കണ്ണും കാതും അടച്ചൊരു നില്‍പ്പുണ്ടവസാനത്തെ ആ പൊരിച്ചിലില്‍! അനുഭവിച്ചവര്‍ക്കേ അതറിയൂ!

പൂരം മറക്കാനാവാത്തതുകൊണ്ടല്ല.

വെടിക്കെട്ട് കഴിഞ്ഞയുടനെ സ്പെഷ്യല്‍ സ്റ്റിക്കറൊട്ടിച്ച മാരുതിക്കാറില്‍ (അല്ലെങ്കില്‍ കാര്‍ റൌണ്ടില്‍ വിടൂല്ല) നേരെ വച്ചടിച്ചു, കുന്നംകുളത്തെ ഫ്രണ്ടിന്റെ വിട്ടിലേക്ക്. കുളി, കാപ്പി എന്നിവ കഴിഞ്ഞ് അടുത്ത ഡെസ്റ്റിനേഷന്‍ ‘മൂകാംബിക‘!

കേച്ചേരി എത്താറായപ്പോഴാണാ സംഭവം: കാറോടിച്ചിരുന്ന കൂട്ടുകാരന്‍ കണ്ണൊന്നടച്ചുകാണും (ഞാനും ഉറക്കത്തിലായിരുന്നു); ‍കാര്‍ ചെന്നിടിച്ചത് പൂരം കഴിഞ്ഞ് തിരിച്ച് പൊയ്ക്കൊണ്ടിരുന്ന ‘ഗോപി’യെന്നു പേരുള്ള ,ഒരു പാലാക്കാരന്‍ മുതലാളിയുടെ, കൊമ്പന്റെ പിന്നില്‍. കൂടെ നടന്നിരുന്ന ആനക്കാരന്‍ തെറിച്ച് ഓടയില്‍.

ഒരലറലോടെ ആന ഞെട്ടിത്തിരിഞ്ഞു. ഇടിയില്‍ വിന്‍ഡ് ഷീല്‍ഡ് തകര്‍ന്നതതിനാല്‍ ആനയുടെ രണ്ടു കൊമ്പുകളും നേരെ എന്റെ മുഖത്ത് മുട്ടി മുട്ടിയില്ലായെന്ന നിലയില്‍....വേദനയും വൈരാഗ്യവുമെല്ലാം കൂടിക്കലര്‍ന്ന ആ ചുവന്ന രണ്ട് കണ്ണുകള്‍, വേദനയുടെ പാരമ്യത്തിലുള്ള ആ ചിന്നം വിളി....മരിക്കുംവരെ മറക്കാനാവാത്ത, മരണത്തെ മുഖാമുഖം കണ്ട ചില നിമിഷങ്ങള്‍.....!

ഭാഗ്യത്തിന് ആനക്കാരന്‍ പയ്യന്‍ (17 വയസ്സേ വരൂ)കാനയില്‍ നിന്നും ചാടിയെണീറ്റ്, മനസ്സാന്നിധ്യം വീണ്ടെടുത്ത്, പിന്നില്‍ വന്ന മറ്റൊരാനക്കാരന്റെ സഹായത്തോടെ, ആനയെ നിയന്ത്രിച്ച് കൂച്ചുവിലങ്ങിട്ടു.

-പിന്നെ ആശുപത്രി, പോലീസ്, മധ്യസ്ഥര്‍, ആന കോണ്ട്രാക്റ്റ് മുതലാളി....

ഭാഗ്യത്തിനു ആനക്കു കാര്യമായൊന്നും പറ്റിയില്ല. പയ്യന്റെ ഒരു കാലിന് ചെറിയൊരു ഫ്രാക്ചര്‍!

പൈസ കുറെ ചിലവായെങ്കിലും, ഉച്ച തിരിഞ്ഞ് ഞങ്ങള്‍ മൂകാംബികയില്‍ പോയി, പക്ഷേ ട്രെയിനില്‍!

എല്ലാ തൃശ്ശൂക്കാര്‍ക്കും അല്ലാത്തവര്‍ക്കും പൂരാശസകള്‍!

Unknown said...

പൂരത്തിന് റൌണ്ടില്‍ രാത്രി വെടിക്കെട്ട് തുടങ്ങുന്നതിന് മുമ്പ് തന്നെ സ്ഥലം പിടിച്ചിരുന്നു. റൌണ്ടിലെ കമ്പിയില്‍ നെഞ്ച് ചേര്‍ത്ത് നില്‍ക്കുന്നു. മരുന്ന് നിറയ്ക്കുന്നതൊക്കെ അടുത്ഗ്ത് നിന്ന് കണ്ടു. പൊട്ടി തുടങ്ങിയതേ ഓര്‍മ്മയുള്ളൂ‍. തെറിച്ച് പൊങ്ങി ഉയര്‍ന്ന് പിറകിലെ റോട്ടില്‍ വീണു. എന്റെ പിന്നില്‍ റോട്ടില്‍ തിങ്ങി നിന്നിരുന്നവരെല്ലാം റോഡിന്റെ അപ്പുറത്തെ കടകളുടെ ഷട്ടറില്‍ ചെന്ന് അലച്ച് വീണു.

ഏതോ ഒരു കുഴിയിലെ വെടിമരുന്ന് ശരിക്ക് പൊട്ടാഞ്ഞതോ എന്തോ ആണ് അതിന്റെ ഫോഴ്സായിരുന്നു. അന്ന് രാത്രി കൊണ്ട് പഠിച്ചത്ര മലയാളത്തിലെ തെറിവാക്കുകള്‍ പത്ത് കൊല്ലം കൊണ്ട് പഠിയ്ക്കാന്‍ പറ്റില്ല. നല്ല രസമുള്ള ഓര്‍മ്മകളാണ് തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ടുള്ളവ.

Sathyardhi said...

പൂരപ്രബന്ധത്തോടെ തുടങ്ങിയ തൃശൂരുകാര്‍ക്ക് ആശംസകള്‍. പോരട്ടെ വെടിക്കെട്ട് പോസ്റ്റുകള്‍

ഇടിവാള്‍ said...

പൂരം.. ഹോ എന്തൊക്കെ ഓര്‍മ്മകള്‍!അച്ഛന്റെ വീട് പൂത്തോള്‍ ആയിരുന്നതിനാല്‍, പൂരത്തിനും രാത്രിപൂരത്തിനുമൊക്കെ പോവാന്‍ നല്ല സൌകര്യുഅമായിരുന്നു..

കോഴ്സൊക്കെ കഴിഞ്ഞ് ഞാനും വേറെ രണ്ടു ഗെഡിസും കൂടി പൂരത്തിന്റെ അന്നു വൈകീട്ട് 4 മണിക്ക് റൌണ്ടിലൂടെ നടക്കുന്നു .. തിരക്കുണ്ട്.. പണ്ടു കോളേജില്‍ വച്ച് ഇടി കൂടിയ ഒരുത്തനും കൂടെ 4-5 പേരും എതിരെ നടന്നു വരുന്നു !

ഇടി കിട്ടുമോ ? ഹൃദയത്തിന്റെ തേക്കിങ്കാടു മൈതാനത്തില്‍ ഒരു കുഴിമിന്നി ഡൈനാമിറ്റു പൊട്ടി !

ഭാഗ്യത്തിനു എന്റെ അടുത്തു നിന്നവന്മാരൊക്കെ (ആ തിരക്കില്‍ പൂരം കാണാന്‍ വന്നവരൊക്കെ ) എന്റെ ഗെഡികളാണെന്നോര്‍ത്തിട്ടോ എന്തോ അവന്‍ എന്നെ ഒന്നു നോക്കി അതിലേ നടന്നു പോയി ;)

വല്യമ്മായി said...

തൃശ്ശൂര്‍ക്കാരിയായിട്ടും ഇതു വരെ പൂരം കാണാന്‍ പറ്റിയിട്ടില്ല :(.പൂരത്തിനോനടുബന്ധിച്ചുള്ള എക്സിബിഷനും കുട്ടിക്കാലത്ത് ആദ്യമായി ജയന്റ് വീലില്‍ കയറിയതുമൊക്കെയാ പൂരം എന്നു പറയുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത്.

അങ്ങനെ ബൂലോഗത്തെ ഭൂരിപക്ഷമായ തൃശ്ശൂര്‍കാര്‍ക്കും ബ്ലോഗായി.

ചീര I Cheera said...

പൂരങളും ഉത്സവങളും എന്നും മനസ്സിന് ഒരു കുളിര്‍മ തന്നെ, ഒരു പിടി ഓര്‍മ്മകളുടെ കുളിര്‍മ.
വിവാഹ ശേഷമാണ് ആദ്യമായി ത്ര്‌ശ്ശൂര്‍ പൂരം കൂടുന്നത്. അന്ന് അവിടെ വീട്ടിലും ഒരു ഉത്സവ പ്രതീതി ആയിരുന്നു. ഇന്നും അതുപോലെ തന്നെ, പക്ഷെ ഞങളുണ്ടാവറില്ലെന്നു മാത്രം.

അന്നു, മെളത്തിന്റെ ലഹരിയ്ക്കുള്ളില്‍, വരികളുടെ അറ്റത്തു നില്‍ക്കുന്ന ഒരാനയെ, ചെറുവിരലിന്റെ അറ്റം കൊണ്ട്, വിറച്ച്, വിറച്ച് ഒന്നു തൊട്ടു നോക്കി.. ജീവിതത്തിലാദ്യമായി, ഒരാനയെ തൊടുന്നത് അപ്പോഴാണ് !

Mubarak Merchant said...

പൂരത്തിനെക്കുറിച്ചുള്ള വിവരണം സമഗ്രമായി.
അതുപോലെ ഈ ബ്ലോഗിന്റെ ലേയൌട്ടും അടിപൊളി.
ആശംസകള്‍

മയൂര said...

ഒരു തിരുവനന്തപുരംകാരിയുടെ പൂരം ആശംസകള്‍..
അവതരണം നന്നേ പിടിച്ചു....:)

Sathees Makkoth | Asha Revamma said...

ഇതു വരെ പൂരം കാണാന്‍ പറ്റിയിട്ടില്ല.
എല്ലാവര്‍ക്കും പൂരാശംസകള്‍!

സൂര്യോദയം said...

മേന്‍ നേ... ചിത്രങ്ങള്‍ സഹിതം വിവരിച്ച്‌ വച്ചത്‌ നന്നായി.
മിക്കവാറും എല്ലാ പൂരദിനരാത്രിയിലും ഞാനും എന്റെ സുഹൃത്‌ ഗഡീസും ആ ഏരിയയില്‍ സ്ഥിരം കുറ്റികളാണ്‌... :-)

വിഷ്ണു പ്രസാദ് said...

ഈ ബ്ലോഗിനു പിന്നിലെ എല്ലാ തൃശ്ശൂര്‍ക്കാര്‍ക്കും അഭിനന്ദനങ്ങള്‍.നല്ല ഡിസൈന്‍,നല്ല ചിത്രങ്ങള്‍...
പൂരത്തെക്കുറിച്ചുള്ള ഈ രേഖപ്പെടുത്തലും അഭിനന്ദനീയം.ഇത്തവണത്തെ പൂരത്തിന് പോകണമെന്ന് വിചാരിക്കുന്നുണ്ട്.പൂരം മീറ്റ് ഉണ്ടാകുമോ...ബ്ലോഗര്‍മാരേ?

സു | Su said...

മേളം കൂടെ കേട്ടിരുന്നെങ്കില്‍ നന്നായേനെ. ഞാന്‍ അടുത്തവര്‍ഷം പൂരം കാണാന്‍ പോകുന്നുണ്ട്.

അപ്പു ആദ്യാക്ഷരി said...

തൃശൂര്‍ക്കാരേ...നല്ല പോസ്റ്റ്. ഈ വര്‍ഷത്തെ പുരം ചിത്രങ്ങള്‍കൂടി ചേര്‍ക്കണേ..

മുല്ലപ്പൂ said...

Wow
ഇതങ്ങു സൂപ്പര്‍ ആയല്ലോ കുട്ടന്മേനേ ,കുറുമാന്‍ , സാക്ഷീ

Siju | സിജു said...

എട്ടു വര്‍ഷം മുമ്പാണ് അവസാനമായി പൂരം കാണാന്‍ പോയത്..
ഇപ്പോഴും പച്ച പിടിച്ചു നില്‍ക്കുന്ന ഓര്‍മ്മകള്‍..
രാവിലെ മുതല്‍ തേക്കിന്‍‌കാടിനു ചുറ്റും എവിടെ ആനയെ കണ്ടാലും ചെണ്ടക്കോലു കണ്ടാലും അതിന്റെ പുറകെ നടന്നു.
മഠത്തില്‍ വരവും തെക്കോട്ടിറക്കവും പാണ്ടിമേളവും ഇലഞ്ഞിത്തറ മേളവും കുടമാറ്റവും ഒന്നും വിട്ടില്ല.
തെച്ചിക്കാട്ട് രാമചന്ദ്രന്റെ കുത്തേറ്റ് ചികിത്സയിലും വിശ്രമത്തിലുമായിരുന്ന തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റാന്‍ എത്തിയിരുന്നു.
കുടമാറ്റം കഴിഞ്ഞു റൌണ്ട് വലം വെച്ച് നടന്നപ്പോഴാണ് അടുത്തുള്ള ഗവണ്‍‌മെന്റ് സ്കൂളില്‍ വിശ്രമിക്കുന്ന ചന്ദ്രശേഖരനെ കണ്ടത്. ഇത്ര തലയെടുപ്പും ഗാംഭീര്യവും അതു പോലെ ബുദ്ധിയുമുള്ള വേറൊരാനയെ ഞാന്‍ കണ്ടിട്ടില്ല. പല്ലൊന്നൊമില്ലാഞ്ഞതിനാല്‍ ചന്ദ്രശേഖരന് കഴിക്കാന്‍ വാഴപിണ്ടി അരിഞ്ഞാണ് കൊടുത്തിരുന്നത്. രാമചന്ദ്രന്‍ കുത്തിയതിന്റെ പാട് വയറിനു കീഴെയായി കാണാമായിരുന്നു. അവിടെ കൂടിയിരുന്നവര്‍ക്കെല്ലാം തൊടാന്‍ ചന്ദ്രശേഖരന്‍ തുമ്പിക്കൈ നീട്ടിക്കൊടുത്തിരുന്നു, എന്റെ അടുത്തു തുമ്പിക്കൈ വന്നപ്പോള്‍ തൊടാന്‍ പറ്റിയില്ല, അതു കണ്ട് അവനെനിക്ക് വീണ്ടും തുമ്പിക്കൈ നീട്ടിതന്നു. അപ്പോഴുണ്ടായ ഒരു സന്തോഷം. പിന്നീട് ഒരിക്കല്‍ കൂടിയേ ചന്ദ്രശേഖരന്‍ തിടമ്പേറ്റിയൊള്ളൂ എന്നു തോന്നുന്നു.
വെടിക്കെട്ട് തുടങ്ങുന്നതിനു മുമ്പ് ജോസില്‍ “വെട്ടം” കാണാനായി ഇടി പിടിച്ച് ടിക്കറ്റെടുത്ത് കേറി. സിനിമ തീരുന്നതിനു മുമ്പ് വെടിക്കെട്ട് തുടങ്ങിയാലോയെന്നു കരുതി ഓടിയിറങ്ങി വന്നു. പുറത്തിറങ്ങിയപ്പോള്‍ ആളുകളെല്ലാം പോകുന്നു. വെടിക്കെട്ട് കഴിഞ്ഞോയെന്ന് സംശയിച്ചു നില്‍ക്കുമ്പോള്‍ പത്രം കണ്ടു. മഴ പെയ്തതു കൊണ്ട് വെടിക്കെട്ട് മാറ്റി :-)

Siju | സിജു said...

കാര്യമൊക്കെ ശരി
പക്ഷേ തൃശ്ശൂര്‍ പൂരം തൃശ്ശൂര്‍കാരുടെ മാത്രമാണെന്നു പറയരുത്

വിനുവേട്ടന്‍ said...

മേനോന്‍ തൃശ്ശൂര്‍ ജില്ലയുടെ ഒരു നിഘണ്ടു ആണല്ലോ... കലക്കി മേന്‍നേ...

http://thrissurviseshangal.blogspot.com/

Mr. K# said...

ഞാന്‍ പൂരത്തിനു പോയിട്ടില്ലാത്ത ഒരു തൃശൂര്‍ക്കാരന്‍.

സ്നേഹിതന്‍ said...
This comment has been removed by the author.
സ്നേഹിതന്‍ said...

നാട്ടിലുള്ളപ്പോള്‍ പൂരം കാണാന്‍ കഴിയുന്നതും പോകുമായിരുന്നു. വെടിക്കെട്ടായിരുന്നു കൂടുതല്‍ ഇഷ്ടം. ഒല്ലുരുള്ള അമ്മവീട്ടില്‍ തങ്ങി പൂരം കാണാനായിരുന്നു കൂടുതല്‍ സൗകര്യം. ഒരിയ്ക്കല്‍ വെടിക്കെട്ട് കാണാന്‍ പുറപ്പെടാറായപ്പോള്‍ അമ്മാമ്മയ്ക്ക് സുഖമില്ലാതാവുകയും യാത്ര വേണ്ടെന്ന് വെയ്ക്കുകയും നിരാശ തോന്നുകയും ചെയ്തു. കാലത്ത് പത്രത്തില്‍ കണ്ട 'CMS സ്ക്കൂളില്‍ വെടിക്കെട്ട് കണ്ടു നിന്നിരുന്നവരുടെ നെഞ്ചിലേയ്ക്ക് പാഞ്ഞെത്തിയ ഡൈനയുടെ' വാര്‍ത്ത വായിച്ച് നിരാശ ദുഃഖത്തിലേയ്ക്ക് വഴിമാറി.

പുരത്തിന്റെ മറക്കാനാവാത്ത രംഗം ഫിനിഷിംഗ് പോയിന്റിന് വളരെ അടുത്ത് നിന്ന് ഒരിയ്ക്കല്‍ വെടിക്കെട്ട് ആസ്വദിച്ചതാണ്. പഞ്ചേന്ദ്രിയങ്ങളും മരവിച്ച നിമിഷങ്ങള്‍.

മഴ മൂലം മാറ്റിവെച്ച ഒരു വെടിക്കട്ടിന്റെ ദര്‍ശന ഭാഗ്യം കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ടായിരുന്നു.

പൂരം പൊടിപൂരം. കൂടുതല്‍ പോരട്ടെ.

ഈ ബ്ലോഗിന്റെ അരങ്ങത്തും അണിയറയിലുമുള്ളവര്‍ക്ക് അഭിനന്ദനങ്ങള്‍ !