


പാറമ്മേക്കാവില്‍ തുടര്‍ന്ന് എഴുന്നെള്ളിപ്പ് നടന്നു. പാറമ്മേക്കാവ് ദേവി ദാസന് തിടമ്പേറ്റി. പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തില്‍ മേളവും നടന്നു.

പൂരത്തിന്റെ നാട്ടിലേക്കു സ്വാഗതം
പണ്ട് പ്രസിഡന്റായിരുന്ന ഡോ. അബ്ദുള്‍ കലാമിന്റെ പേന എറണാംകുളത്ത് വെച്ച് താഴെ വീണു പരിക്ക്. അതൊരു സാധാരണ പെന്നായിരുന്നില്ല... ഫ്രെഞ്ച് പ്രസിഡന്റ് കൊടുത്ത കിടിലന്‍ ഒരു വാട്ടര്‍മാന്‍ പെന്‍.
രാഷ്ട്രപതിയുടെ പ്രൈവറ്റ് സെക്രട്ടറി രോഗിയെ താങ്ങിയെടുത്ത് നെട്ടോട്ടാമായി.
ഭഗവതീ.. കാത്തോളണേ.. എങ്ങനെയോ അറിഞ്ഞു തൃശ്ശൂരില്‍ പെന്‍ ഡോക്ടറുണ്ടെന്ന്.. തൃശ്ശൂരിലേക്ക് വെച്ച് പിടിച്ചു..മോഡല്‍ ബോയ്സ് സ്കൂളിന്റെ മുന്നിലെ ഓണസ്റ്റ് പെന്‍ ഹോസ്പിറ്റലിനു മുന്നില്‍ സെക്രട്ടറിയുടെ കാറ് സഡന്‍ ബ്രേക്കിട്ടു. സെക്രട്ടറി കാറില്‍ നിന്ന് ചാടിയിറങ്ങി.. ഓണസ്റ്റ് പെന്‍ ഹോസ്പിറ്റലെന്നെഴുതിയതിന്റെ തൊട്ടടുത്ത് തന്നെ 'കണ്‍സട്ടിങ് ടൈം 9.00 മുതല്‍ 06:00 വരെ' യെന്ന മറ്റൊരു ബോര്‍ഡ്. സമാധാനമായി.. 'ഡോക്ടര്‍' അകത്തുണ്ട്.
ആഗതന് വി.ഐ.പി യാണെന്നറിഞ്ഞപ്പോള്‍ നേരെ ' അത്യാഹിത' വിഭാഗത്തിലേക്ക്. ഡോക്ടര്‍ രോഗിയെ മലത്തിക്കിടത്തിയും കമഴ്ത്തിക്കിടത്തിയും ചില പരിശോധനകള്‍..
പിന്നെ ഒരു ഇഞ്ചക്ഷന്..(സിറിഞ്ച് കൊണ്ടാണ് ഇവിടെ മഷി നിറയ്ക്കുക) .
രോഗി കുട്ടപ്പനായി മണി മണിപോലെ എഴുത്തും തുടങ്ങി. സെക്രട്ടറി രോഗിയെ നെഞ്ചോടു ചേര്‍ത്തു പിടിച്ചാണ് യാത്രയായത്.
ഇത് കോലോത്തുമ്പറമ്പില്‍ നാസര്‍.. പരിചയക്കാര് നാസറിക്കയെന്ന് വിളിക്കും. ഇദ്ദേഹമാണ് ഇപ്പോള്‍ പെന്‍ ഹോസ്പിറ്റലിലെ ചീഫ് ഫിസിഷ്യനും സര്‍ജ്ജനും ഗൈനക്കോളജിസ്റ്റുമെല്ലാം..
60 വര്‍ഷത്തിലേറെയായി ഈ സ്ഥാപനം ഇവിടെ പ്രവര്‍ത്തിക്കുന്നു. തുടങ്ങിവെച്ചത് നാസറിക്കയുടെ ഉപ്പ അബ്ദുള്ളയാണ്. 1979 മുതല്‍ നാസറണ് ആശുപതിയുടെ എല്ലാ കാര്യങ്ങളും നോക്കുന്നത്. ഇന്നും ആ പഴയ കെട്ടിടത്തില്‍ തന്നെയാണ്. ഇരു വശങ്ങളിലും കല്യാണ്‍ സില്‍ക്സും ജോസ്കോ ജുവല്ലറിയുമടക്കമുള്ള കൂറ്റന്‍ കെട്ടിടങ്ങള്‍ അണിനിരന്നെങ്കിലും പെന്‍ ഹോസ്പിറ്റല്‍ ഇന്നും പലര്‍ക്കും കൌതുകമുണര്‍ത്തുന്ന ഒന്നാണ്.
സമ്മാനമായിക്കിട്ടിയ, ഉപേക്ഷിക്കാന്‍ പറ്റാത്ത, തീരുമാനങ്ങളില്‍ പേന ഒരു ശക്തിയാണെന്ന് മനസ്സിലാക്കിയ പേനകളാണ് പലരും ഇവിടെ നന്നാക്കാന്‍ കൊണ്ടുവരുന്നത്. പേനയുടെ ഏതു പ്രശ്നങ്ങള്‍ക്കും ഇവിടെ പരിഹാരമുണ്ട്. ഫ്രാന്‍സ് വാട്ടര്‍മാന്‍, അമേരിക്കന്‍ ഷിഫേഴ്സ്, ചൈനയുടെ ഹീറോ, മോണ്ട് ബ്ലാക് തുടങ്ങി അന്‍പതു പൈസയുടെ പെന്നുവരെ ഇവിടെ കേടുതീര്‍ത്തുകൊടുക്കും.
പ്രശസ്തരായ പലരും നാസറിന്റെ ഉപഭോക്താക്കളാണ്. വൈലോപ്പിള്ളി, കുഞ്ഞുണ്ണി മാഷ് തുടങ്ങി സാഹിത്യ രംഗത്തെ പ്രഗത്ഭരും പ്രശസ്തരുമായവരും ഹൈക്കോടതിയിലേയും മറ്റും പ്രശസ്തരായ ജഡ്ജിമാരുമടക്കം നാസറിനു വിപുലമായ ഒരു കസ്റ്റമര്‍ ലിങ്കു തന്നെയുണ്ട്.
പേന നന്നാക്കി കൊടുക്കുമ്പോള്‍ ഡോക്ടറുടെ വക കൌണ്‍സിലിങുമുണ്ട്. പേന ഉപയോഗിക്കേണ്ട രീതികളെപ്പറ്റി. എന്നാലേ പെന്നാശുപത്രിയുടെ ധര്‍മ്മം സംരക്ഷിക്കപ്പെടൂവെന്ന നിലപാടാണ് ഇന്നും നാസറിനുള്ളത്.