Thursday, April 26, 2007

തൃശ്ശൂര്‍ പൂരം !

അങ്ങനെ ഒരു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷംപൂരം വന്നുചേര്‍ന്നിരിക്കുന്നു. നാടിനെയും നഗരത്തേയും ഇളക്കിമറിച്ചുകൊണ്ട് സാമ്പിള്‍ വെടിക്കെട്ടും പൂരപ്പറയും ആനച്ചമയ പ്രദര്‍ശനങ്ങളുമെല്ലാം ശുഭമായി പര്യവസാനിച്ചിരിക്കുന്നു .

പൂരത്തിനെതിരെ വന്ന കുണ്ടാമണ്ടികളെയൊക്കെ തച്ചുടച്ചു പൂരപ്രേമികള്‍ മുന്നേറുന്നു. ചെട്ടിയങ്ങാടി, പടിഞ്ഞാറെ കോട്ട, എരിഞ്ഞേരി ബസാര്‍, പാട്ടുരായ്ക്കല്‍, എന്നിവിടങ്ങളില്‍ ‍ നിന്നും പൂരപ്രേമികള്‍ കൂട്ടം കൂട്ടമായി തേക്കിങ്കാട്ടിലേക്ക് വന്നുകൊണ്ടിരിക്കുന്നു .
======== ========= ==============
പൂരദിവസത്തെ പരിപാടികള്‍

പാറമേക്കാവ്
രാവിലെ 6:00 ആറാട്ട്, നിവേദ്യം , പൂജകള്‍.
രാവിലെ 11:30 ചൂരക്കോട് ഭഗവതിയെ ഇറക്കിയെഴുന്നെള്ളിക്കുന്നു.
രാവിലെ12:00 ചെറിയ പാണി.
ഉച്ചക്ക് 12:30 പുറത്തേക്ക് എഴുന്നെള്ളത്ത് - 15 ആനപ്പുറത്ത് പാറമേക്കാവ് ശ്രീ പത്മനാഭനു ഭഗവതിയുടെ തിടമ്പേറ്റുന്നു. തുടര്‍ന്ന് ചെമ്പട മേളം , ചെറിയ കുടമാറ്റം. ചെമ്പട കലാശിച്ച് പാണ്ടിമേളം ആരംഭിക്കുന്നു.
ഉച്ചക്ക് 02:00 പെരുവനം കുട്ടന്മാരാരുടെ പ്രമാണത്തില്‍ മുന്നോറോളം കലാകാരന്മാര്‍പങ്കെടുക്കുന്ന ഇലഞ്ഞിത്തറമേളം
ഉച്ചകഴിഞ്ഞ് 4:30 മേളം സമാപനം. ശ്രീവടക്കുന്നാഥനെ പ്രദക്ഷിണം ചെയ്തശേഷം
ത്രിപുടതാളത്തോടെ തെക്കോട്ടിറക്കം കൊച്ചിരാജാവിന്റെ പ്രതിമ വരെ പോയി തിരിച്ച്
പ്രദക്ഷിണ വഴിയില്‍ എത്തുന്നതോടേ ശ്രീ തിരുവമ്പാടി ഭഗവതിയുമായി കൂടിക്കാഴ്ച.
ഉച്ചകഴിഞ്ഞ് 5.30 കുടമാറ്റം . ഈ സമയം പാഞ്ചാരിമേളം മൂന്നാം കാലത്തേക്ക്
കടക്കുന്നു .
വൈകീട്ട് 6:30 ന് തെക്കെ പ്രദക്ഷിണ വഴിയിലൂടെ നാദസ്വരത്തിന്റെ അകമ്പടിയോടെ
ക്ഷേത്രത്തിലേക്ക് എഴുന്നെള്ളുന്നു .
വൈകീട്ട് 7:00 ദീപാരാധന., അത്താഴപൂജ
രാത്രി 10:00 ഏഴ് ആനകളുടെ അകമ്പടിയോടേ എഴുന്നെള്ളത്ത്. ചോറ്റാനിക്കര വിജയന്‍
പ്രമാണം വഹിക്കുന്ന പഞ്ചവാദ്യം കിഴക്കെ വഴിയിലൂടെ നീങ്ങി മണികണ്ഠനാല്‍
പന്തലില്‍ പ്രവേശിക്കുന്നു.
പുലര്‍ച്ച 2:30 നു മേളം പര്യവസാനിക്കുന്നു.
പുലര്‍ച്ച 3:00 ബ്രഹ്മമുഹൂര്‍ത്തത്തില്‍ ഭഗവതി എഴുന്നെള്ളി നില്‍ക്കുമ്പോള്‍
പ്രധാനവെടിക്കെട്ട്.
പുലര്‍ച്ച 6:00 വെടിക്കെട്ട് പര്യവസാനിക്കുന്നു.

തിരുവമ്പാടി
പുലര്‍ച്ച 03:00 നടതുറക്കല്‍, വാകച്ചാര്‍ത്ത് , അഭിഷേകങ്ങള്‍.
പുലര്‍ച്ച 04:00 പറ നിറക്കല്‍
കാലത്ത് 05:30 ഉഷപ്പൂജ, ശീവേലി
കാലത്ത് 07:00 മൂന്നാനപ്പുറത്ത് നടപ്പാണ്ടി( ചെണ്ടമേള)യുമായി പൂരം ക്ഷേത്രത്തിനു പുറത്തേക്ക് ഷൊര്‍ണ്ണൂര്‍ റോഡിലൂടെ പുറപ്പെടുന്നു.
കാലത്ത് 09:00 പൂരം നായ്ക്കനാലിലെത്തി പടിഞ്ഞാറെ റൌണ്ടിറങ്ങി നടുവില്‍
മഠത്തിലേക്ക്
കാലത്ത് 11:30 നടുവില്‍ മഠത്തിലെ ഉപചാരങ്ങള്‍ക്ക് ശേഷം മഠത്തില് ‍ വരവ്
ആരംഭിക്കുന്നു. പഞ്ചവാദ്യം മട്ടന്നൂര് ‍ ശങ്കരന്‍ കുട്ടിയുടെ പ്രാമാണിത്തത്തില്
ഉച്ചക്ക് 01:15 മഠത്തില്‍ വരവ് സ്വരാജ് റൌണ്ടില് ‍. ഏഴാനകളുമായി നടുവിലാലില്‍
എത്തുന്നു .
ഉച്ചകഴിഞ്ഞ് 02:45 നു നായ്ക്കനാലിലെത്തി പഞ്ചവാദ്യം അവസാനിക്കുന്നു.
ഉച്ചകഴിഞ്ഞ് 03:00 നു പാ‍ണ്ടിമേളത്തോറ്റെ ഘോഷയാത്ര തേക്കിങ്കാട് മൈതാനത്തേക്ക്
15 ആനകളോടെ കയറുന്നു.
ഉച്ചകഴിഞ്ഞ് 04:40 ശ്രീമൂലസ്ഥാനത്ത് പാണ്ടിമേളം സമാപിക്കുന്നു. പിന്നീട്
തിടമ്പേറ്റിയ ആന വടക്കുന്നാഥനെ പ്രദക്ഷിണം ചെയ്യുന്നു.
വൈകീട്ട് 05:10 പതിനഞ്ചാനകളും തെക്കെ ഗോപുരത്തിലൂടെ ഇറങ്ങി റൌണ്ടില്‍
നില്‍ക്കുന്ന പാറമേക്കാവിന്റെ ഗജനിരക്ക് അഭിമുഖമായി നില്‍ക്കുന്നു
വൈകീട്ട് 05:30 കുടമാറ്റം
വൈകീട്ട് 06:45 തിടമ്പേറ്റിയ ആന തേക്കിങ്കാട്ടിലൂടെ പഴയ നടക്കാവിന്റെ കിഴക്കേ
അറ്റത്ത് ചെന്നു നില്‍ക്കുന്നു . പിന്നീട് കാണിപൂജ.
വൈകീട്ട് 07:45 തിടമ്പ് മഠത്തില്‍ ഇറക്കുന്നു .
വൈകീട്ട് 07:45 മുതല്‍ മൈതാനത്ത് അമിട്ടുകളും ഗുണ്ടുകളും പൊട്ടിക്കുന്നു .
രാത്രി 11:30 മുതല്‍ 02:30 വരെ വീണ്ടും മഠത്തില് ‍ വരവ് ..
പുലര്‍ച്ച 03:00 മുതല്‍ 06:00 വരെ വെടിക്കെട്ട് .

========== ========= ==============

പൂരത്തിന്റെ ബാക്കി പത്രങ്ങളായി, കതിനമണവും, ആനപ്പിണ്ടങ്ങളും, അടിച്ചു വാളു വച്ച് ആനപ്പിണ്ടമെടുത്ത് റബ്കോ മാട്രസ്സുപോലെ “പിണ്ടശയ്യയില്‍” കിടന്നുറങ്ങുന്ന “കുടിയ പിതാമഹന്മാരും“ പൂരശേഷമുള്ള പതിവു കാഴ്ചകള്‍ !

പ്രവാസിയെന്ന ലേബലും നെറ്റിയിലൊട്ടിച്ച്, നൊസ്റ്റാള്‍ജിയ എന്ന ജാഢയും നെഞ്ചിലേറ്റി, അനേക പൂരസ്മരണകള്‍ വെട്ടുപോത്തിനെപ്പോലെ അയവെട്ടിക്കൊണ്ടിരിക്കുന്ന എനിക്ക്, പൂരത്തിനു വേണ്ടി ഇത്ര്യൊക്കേ ചെയ്യാന്‍ പറ്റുള്ളൂ ..

അതും കുട്ടമേനോനും, കുറുമാനും സഹായിച്ചതിന്റെ പേരില്‍! അപ്പോ അങ്ങന്യാവട്ടേട്ടാ ഗെഡ്യോളേ !!

എല്ലാ ചുള്ളമ്മാര്‍ക്കും, ചുള്ളത്ത്യോള്‍ക്കും, ഒരു ലോഡു പൂര ആശംസകള്‍!
വല്യ അലമ്പൊന്നും‌ല്ല്യാണ്ട് ഇതേ പോലെന്ന്യെ അടുത്ത കൊല്ലോം മ്മക്കങ്ങ്‌ട് അലക്കിപ്പൊളിക്കാന്‍ ദൈവം തമ്പ്‌രാന്‍ ഗെഡി അനുഗ്രഹിക്കട്ടേന്ന് പ്രാര്‍ത്ഥിക്കാം .. ല്ലേ.. അല്ലാ, അല്ലാണ്ട്പ്പോ മ്മക്ക് എന്തൂറ്റ് തേങ്ങ്യാപ്പൊ ചെയ്യാമ്പറ്റാ ?

ഡാ ബേച്ചി കന്നാല്യോളേ....
ഇവടെ ഇമ്മക്കൊരു കമന്റ് വെടിക്കെട്ട് അങ്ങ്‌ട് പൂശ്യാലോ ? ഒരു ജ്യാതി അലക്കാവണം ട്രാ ഡാവോളേ ?? ഞാന്‍ പോയിട്ട് ഒരു നാരഞ്ഞാ വെള്ളം അങ്ങ്‌ട് കീച്ചീട്ട് വരാം ;)

Sunday, April 22, 2007

പൂരം വരവായ്..

പൂരങ്ങളില്‍ കേമമെന്നു വിശേഷിപ്പിക്കാവുന്ന തൃശ്ശൂര്‍ പൂരത്തിനു കൊടികയറി. ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. ഈ വര്‍ഷം ഏപ്രില്‍ 27, 28 തീയതികളിലാണ് പൂരം. പൂരത്തിന്റെ ചരിത്രത്തെയും ആഘോഷത്തെയും കുറിച്ച് ചുരുങ്ങിയ വാക്കുകളില്‍ ഒരു കുറിപ്പ്.

ചരിത്രം.
പൂരങ്ങളുടെ പൂരമായ ആറാട്ടുപുഴ പൂരത്തിനു പല ദേശങ്ങളില്‍ നിന്നും ദേവകളെത്തുമായിരുന്നു. ഒരു തവണയിലെ പൂരത്തിനു ശക്തമായ കാറ്റും പേമാരിയും നിമിത്തം പാറമ്മേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, അയ്യന്തോള്‍, ചൂരക്കാട്ട്കാവ് , നെയ്തലക്കാവ്, കണിമംഗലം ശാസ്താവ് എന്നീ പൂരങ്ങള്‍ക്ക് ആറാട്ടുപുഴയിലെത്താന്‍ സാധിച്ചില്ലത്രെ. പൂരത്തിനെത്താതിരുന്നതുകൊണ്ട് ഈ പൂരങ്ങള്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചെന്ന് പറയപ്പെടുന്നു. അന്ന് ശക്തന്‍ തമ്പുരാന്റെ ഭരണമായിരുന്നു. സംഭവമറിഞ്ഞ് കോപിഷ്ടനായ തമ്പുരാന്‍ വടക്കുന്നാഥന്‍ ആസ്ഥാനമാക്കി അടുത്ത പൂരം നാളില്‍ ( 977 മേടം) സാംസ്കാരികകേരളത്തിന്റെ തിലകക്കുറിയായി മാറിയ തൃശ്ശൂര്‍ പൂരം ആരംഭിച്ചു.

പൂരത്തിലെ പ്രധാ‍ന പങ്കാളികള്‍ നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളായ പാറമ്മേക്കാവും തിരുവമ്പാടിയുമാണ്.

ചെറുപൂരങ്ങള്‍
പൂരത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് ചെറുപൂരങ്ങള്‍. കാലത്ത് ഏഴുമണിയോടെ തന്നെ ചെറുപൂരങ്ങള്‍ ഓരോന്നായി വടക്കുന്നാഥ ക്ഷേത്രത്തിലെ ശ്രീമൂലസ്ഥാനത്ത് ‍ പ്രവേശിക്കും. ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, അയ്യന്തോള്‍, ചൂരക്കാട്ട്കാവ് , നെയ്തലക്കാവ്, കണിമംഗലം ശാസ്താവ് എന്നിവയാണ് അവ. മൂന്നില്‍ കൂടാതെ ആനകള്‍ ഓറോ എഴുന്നെള്ളിപ്പിനുമുണ്ടാവും. ഇതില്‍ കണിമംഗലം ശാസ്താവിന്റെ എഴുന്നെള്ളിപ്പോടെയാണ് പൂരം ആരംഭിക്കുന്നത് തന്നെ.

മഠത്തില്‍ വരവ്
രാവിലെ ഏഴിനു തിരുവമ്പാടിയില്‍ നിന്നും മൂന്നാനപ്പുറത്ത് പാണ്ടിമേളത്തോടെ നടുവില്‍ മഠത്തിലേക്ക് ഭഗവതിയെ ആനയിക്കുന്നു. പിന്നെ അവിടെ ദേവിക്ക് ഇറക്കി പൂജ. പിന്നീട് പ്രസിദ്ധമായ മഠത്തില്‍ വരവ്. പഴയ നടക്കാവിനടുത്ത് തിരുവമ്പാടിയുടെ തന്നെ കേമനായ ആനപ്പുറത്ത് ഭഗവതിയെ വഹിച്ചുകൊണ്ട് പതിനൊന്നരയോടെ പ്രസിദ്ധമായ പഞ്ചവാദ്യം. പ്രശസ്തരായ തിമില-മദ്ദള- കുറുംകുഴല്‍ വിദഗ്ദരാണ് ഇതില്‍ അണി നിരക്കുന്നത്.



പാറമേക്കാവിന്റെ വരവ് .
ഏകദേശം പന്ത്രണ്ടുമണിയോടെയാണ് പാറമ്മേക്കാവിന്റെ പൂരം തുടങ്ങുന്നത്. പതിനഞ്ചാനപ്പുറത്ത് പാറമേക്കാവ് ക്ഷേത്രാങ്കളത്തില്‍ നിന്നു തുടങ്ങുന്ന ചെമ്പട താളം അവസാനിക്കുന്നത് വടക്കുന്നാഥനില്‍ അത് കൊട്ടിക്കയറി പാണ്ടിമേളത്തോടെയാണ്.




ഇലഞ്ഞിത്തറമേളം
വടക്കുന്നാഥ ക്ഷേത്രത്തിലെ ഇലഞ്ഞിയുടെ ചുവട്ടിലാണ് പ്രസിദ്ധമായ ഈ നാദവിസ്മയം അരങ്ങേറുന്നത്. ഇരുന്നോറോളം കലാകാരന്മാരുടെ വാദ്യപ്രപഞ്ചം. പതികാലത്തില്‍ തുടങ്ങുന്ന മേളം ക്രമേണ ജനസഹസ്രങ്ങളുടെ ആവേശത്തോടൊപ്പം ത്രിപുട-തക്രത താളങ്ങളിലൂടെ കലാശത്തിലെത്തുന്നു. മേളം കൊട്ടിത്തീരുന്നതോടേ പാറമേക്കാവും തിരുവമ്പാടിയും വടക്കുന്നാഥനെ വലം വെച്ച് തെക്കേ ഗോപുര നടയിലൂടെ പ്രസിദ്ധമായ തെക്കോട്ടിറക്കം നടത്തുന്നത്.



കുടമാറ്റം.
തെക്കോ‍ട്ടിറക്കത്തിനു ശേഷം പാറമ്മേക്കാവിന്റെ തിടമ്പേറ്റിയ ആന രാജാവിന്റെ പ്രതിമയെ വണങ്ങി തിരിച്ചെത്തി മറ്റു ആനകളോടൊപ്പം വടക്കുന്നാഥനു അഭിമുഖമായി നിലയുറപ്പിക്കുന്നു. വടക്കുന്നാഥനെ സാക്ഷിയാക്കിയുള്ള ഈ മുഖാമുഖത്തോടെയാണ് പ്രസിദ്ധമായ കുടമാറ്റം നടക്കുന്നത്. പല നിറത്തിലും തരത്തിലുമുള്ള കുടകള്‍ നിവര്‍ത്തി പൂരാവേശക്കാരില്‍ ഉത്സവ്ത്തിന്റെ ആവേശം നിറയ്ക്കുന്നു.




പിന്നീട് തിരുവമ്പാടി ഭഗവതി ബ്രഹ്മസ്വം മഠത്തിലേക്കും പാറമേക്കാവ് ഭഗവതി പാറമേക്കാവ് ക്ഷേത്രത്തിലേക്കും ഒരോ ആനപ്പുറത്ത് പോകുന്നു. രാത്രി എട്ടുമണിയോടെ തിരുവമ്പാടിയുടെ മഠത്തിലേക്കുള്ള വരവ് ആരംഭിക്കുന്നു. ബ്രഹ്മമുഹൂര്‍ത്തത്തില്‍ പാറമ്മേക്കാവ് ഭഗവതി മണികണ്ഠനാലിലെ പന്തലിലും തിരുവമ്പാടി ഭഗവതി നായ്ക്കനാലിലും നിലയുറപ്പിക്കുന്നതോടെ പ്രസിദ്ധമായ പൂരം വെടിക്കെട്ട് ആരംഭിക്കുകയായി.

തൃശ്ശൂരിനോളം തന്നെ പ്രസിദ്ധിയുണ്ട് വെടിക്കെട്ടിനും. പ്രസിദ്ധരായ വെടിക്കെട്ട് പ്രമാണികളാണ് ഇതിനു സാരഥ്യം വഹിക്കുന്നത്.

പിറ്റേന്ന് ഉച്ചയോടെ തിരുവമ്പാടി-പാറമ്മേക്കാവ് ഭഗവതിമാര്‍ ഉപചാരം ചെല്ലി പിരിയുന്നതോടെ പൂരത്തിന് വിരാമമായി.




വാല്‍ക്കഷണം :
ഇവിടെ എല്ലാവരുടെയും പൂരസ്മരണകള്‍ കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തൃശ്ശൂരിന്റെ ബ്ലോഗിലെ ആദ്യപോസ്റ്റ് വടക്കുന്നാഥന്റെ ഉത്സവത്തെക്കുറിച്ചു തന്നെയാവട്ടെ. പൂരമില്ലെങ്കില്‍ തൃശ്ശൂരില്ലല്ലോ..

Creative contribution : ശ്രീ കുറുമാന്‍
Blog Design : സാക്ഷി