Wednesday, October 10, 2007

സീ വി ശ്രീരാമന് ആദരാഞ്ജലികള്‍

പ്രശസ്ഥ കഥാകൃത്ത് സി വി ശ്രീരാമന്‍ അന്തരിച്ചു. തൃശൂര്‍ ജൂബിലി മിഷന്‍ ഹോസ്പിറ്റലിലായിരൂന്നു അന്ത്യം.

കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുള്ള ഇദ്ദേഹത്തിന്റെ പ്രമുഖ കൃതികള്‍ വാസ്തുഹാര,ഇരിക്കപിണ്ഠം, ചിദംബരം, പുരുഷാര്‍ത്ഥം, ശീമത്തമ്പുരാന്‍ എന്നിവയാണ്.

ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നൂ.

തൃശ്ശൂര്‍ മീറ്റ് അവലോകനം - ഒന്നാം ഭാഗം




ആഗസ്റ്റ് 25 എന സുദിനം. ടി ദിവസം ചിങ്ങമാസത്തിലെ പൂരാടം ആയിരുന്നു.

അന്നാണ് ലോകചരിത്രത്തില് ആദ്യമായി തൃശൂരില്‍ (സിദ്ധാര്‍ത്ഥാ റീജെന്‍സിയില്‍) വെച്ച് ഒരു ഔദ്യോഗിക ബ്ലോഗേര്‍സ്‌-മീറ്റ് അരങ്ങേറുന്നത്. ഓണക്കാലമായതിനാല്‍ കാലത്തേ തന്നെ വീട്ടിലെ തിരക്കുകള്‍ എല്ലാം തീര്‍ത്ത് ഒരു 1 മണിയോടെ ഫ്രീ ആയി. ഊണു കഴിച്ച് വടക്കാഞ്ചേരിയില്‍ നിന്നും തൃശൂരിലേയ്ക്ക് പുറപ്പെട്ടു. ബസ്സില്‍ വെച്ച് അവിടെ കൂടാം എന്നേറ്റിരുന്ന മറ്റു ബ്ലോഗേര്‍സിന്റെ സ്റ്റാറ്റസ് മൊബൈല്‍ വഴി അപ്‌ഡേറ്റ് ചെയ്യാന്‍ ശ്രമിച്ചു. ഒരു ബ്ലോഗുണ്ടെങ്കിലും അധികം ആക്റ്റീവ് അല്ലാത്ത എന്റെ സുഹൃത്ത് കൂടിയായ ഹനീഷിനെ ആദ്യം വിളിച്ചു. ശനിയാഴ്ച ആയതിനാല്‍ അലക്കും,നനയും ഒക്കെ കഴിഞ്ഞ് രണ്ടരയോടെ സ്ഥലത്തെത്താം എന്ന് ഉറപ്പ് കിട്ടി. കുറുമാന്‍ , കുട്ടന്‍ മേനൊന്‍ എന്നിവരെ വിളിച്ചപ്പോള്‍ 10 മിനിറ്റിനകം ഇരുവരും സിദ്ധാര്‍ത്ഥയില്‍ എത്തുമെന്ന് അറിയിച്ചു. കുമാര്‍, കലേഷ്, പച്ചാളം, സാന്‍ഡോസ് എന്നിവരെ വിളിച്ചെങ്കിലും വ്യക്തിപരമായ തടസ്സങ്ങളാല്‍ എത്തിച്ചേരാനാകില്ല എന്ന് ക്ഷമാപണത്തൊടെയുള്ള അറിയിപ്പ് കിട്ടി. ഇക്കാസ്, ഇടിവാള്‍, ബഹുവ്രീഹി,വിഷ്ണുപ്രസാദ് എന്നിവര്‍ മീറ്റാനായി യാത്രയിലാണെന്നും അറിഞ്ഞു. പാട്ടുരായ്ക്കല്‍ ബസ്സിറങ്ങി. സുഹൃത്ത് വികാസ്(ഗുട്ടുസാര്‍) ബൈക്ക് ആയിവന്ന് എടുത്തോണ്ട് പോയി സിദ്ധാര്‍ത്ഥയില്‍ നിക്ഷേപിച്ചു.

സിദ്ധാര്‍ത്ഥ റീജെന്‍സിയുടെ കവാടത്തില്‍ ചെന്ന് റിസെപ്‌ഷെനിസ്റ്റിനോട് ഇവിടെ ബ്ലോഗേര്‍സ് മീറ്റ് നടക്കുന്ന സ്ഥലം എവിടെയാണെന്ന് ചോദിച്ചപ്പോള്‍ "അറിയില്ല" എന്നാണ് മറുപടിയായി ലഭിച്ചത്. ഉടന്‍ തന്നെ മീറ്റ് സ്വാഗതസംഘം പ്രസിഡെന്റ് കുട്ടന്‍മേനോനെ വിളിച്ചു; ഫോണ്‍ എന്‍‌ഗേജ്‌ഡ്. അടുത്തപടിയായി സെക്രട്ടറി കുറുമാനെ വിളിച്ചു . "നില്‍ക്കുന്നതിന്റെ വലത് വശത്ത് മൂന്നക്ഷരം കാണാം. അവിടെ വെല്‍കം ഡ്രിങ്ക്സ് കുടിച്ചിരിക്കുന്നു" എന്ന് വിവരം ലഭിച്ചു. അത് മല“ബാര്‍“ സിമെന്റിന്റെ ഏതോ അനെക്സ് ആയിരുന്നു. കാലാധിക്യത്താല്‍ ചില അക്ഷരങ്ങള്‍ കളഞ്ഞ്പോയതിനാല്‍ "ബാര്‍" എന്ന് മാത്രം കാണപ്പെട്ടു. വന്ന നിലയ്ക്ക് കുറുമാനും കുട്ടന്മേനോനും ഒപ്പം വെല്‍കം ഡ്രിങ്ക്സില്‍ പങ്ക് ചേര്‍ന്നു. പീലു, ഇക്കാസ്, വില്ലൂസ് എന്നിവരും അവിടെ എത്തിചേര്‍ന്നു.(ഇവരില്‍ ആരൊക്കെ വെല്‍കം ഡ്രിങ്ക്സ് കഴിച്ചു, ആരൊക്കെ പച്ചയ്ക്ക് മാറി ഇരുന്നു എന്ന് മെയില്‍ അയച്ചാല്‍ ഞാന്‍ പറഞ്ഞ് തരുന്നതായിരിക്കും.). മല"ബാറി"ന്റെ രണ്ട്നില മുകളിലായിരുന്നു "കോറെല്‍" എന്ന മീറ്റിംഗ് ഹാള്‍. ഇനി വരുന്നവരെ അവിടേയ്ക്ക് വഴിതിരിച്ച് വിടാന്‍ റിസെപ്‌ഷനിസ്റ്റിനെ ചട്ടംകെട്ടി എല്ലാവരും ഹാളിലേയ്ക്ക് നീങ്ങി.
വിഷ്ണുപ്രസാദ്,ഹനീഷ്,ആരിഫ്(ഇളംതെന്നല്‍),രാജേഷ് കെ.പി, ബഹുവ്രീഹി, സുനീഷ് തോമസ്,പീലു(പ്രവീണ്‍),കുട്ടിച്ചാത്തന്‍, പുള്ളി, ഇടിവാള്‍ എന്നിവര്‍ ഒറ്റയ്ക്കും,തെറ്റയ്ക്കുമായി അവിടെ എത്തിച്ചേര്‍ന്നു.

പ്രസിദ്ധ സാഹിത്യകാരന്‍ അശോകന്‍ ചെരുവിലിന്റെ അമ്മ നിര്യാതയായതിനാല്‍ ചടങ്ങിലെ മുഖ്യാതിഥികളായ വികെ ശ്രീരാമന്‍, വൈശാഖന്‍ മാഷ് എന്നിവര്‍ നേരം വൈകിയേ വരൂ എന്ന് വിവരം ലഭിച്ചു. ആയതിനാല്‍ വന്നവരെ വെച്ച് മീറ്റ് ആരംഭിക്കാമെന്ന് തീരുമാനം കൈകൊണ്ടു.
മീറ്റ് ആരംഭിച്ചു എന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഉള്ള മറ്റ് ബ്ലോഗേര്സിനെ അറിയിക്കാനും, മീറ്റ് വിശേഷങ്ങള്‍ അതതു സമയത്ത് അപ്‌ഡേറ്റ് ചെയ്യാനുമായി കുറുമാന്റെ ലാപ്‌ടോപ്പും,മൊബൈലും സജ്ജമാക്കി.


ലോനപ്പന്‍/വിവി(ദേവദാസ്) & കുറുമാന്‍

തുടര്‍ന്ന് തൃശൂര്‍ബ്ലൊഗില്‍ മീറ്റ് കുറുമാന്റെ ഐഡിയില്‍ നിന്ന് പ്രോക്‌സി പൊസ്റ്റ് നടത്തി.
മീറ്റിന് വന്നവരുടേ പേരുകള്‍ ഞാന്‍ വിട്ട് കളഞ്ഞിട്ടുണ്ടോ, ഞാന്‍ തന്നെ അനോണിയായി കമെന്റ് ഇടുന്നുണ്ടൊ എന്നൊക്കെ സംശയം മൂത്ത് ഏത്തി വലിഞ്ഞ് നോക്കുന്നവരെ താഴെ കാണാം.

ഹനീഷ്, ലോനപ്പന്‍/വിവി, വികാസ്, രാജേഷ്.കെ.പി, കുട്ടന്മേനോന്‍

ബ്ലോഗ് മീറ്റ് ആരംഭിച്ചു എന്ന കുറുമാന്റെ അറിയിപ്പിന് ശേഷം "ടാന്‍സാനിയയില്‍ നിന്ന് സ്നേഹപൂര്‍വ്വം" എന്ന മുരളിമേനോന്റെ ലേഖനം കുട്ടന്മേനോന്‍ വായിച്ച് കേള്‍പ്പിച്ചു. പ്രിന്റ് മീഡിയ-ബ്ലോഗ് സാഹിത്യം എന്നിവയുടെ സാംഗത്യം, ബ്ലോഗ് എന്നശക്തമായ മീഡിയയുടെ പ്രസക്തി എന്നിവയെ സമഗ്രമായി പ്രതിപാദിക്കുന്ന നല്ലൊരു ലേഖനമായിരുന്നു മുരളിയുടെത്. ആയതിന്മേലുള്ള ചര്‍ച്ച മീറ്റിലെ മുഖ്യാതിഥികള്‍ വന്നതിന് ശേഷം ആകാം എന്ന് തീരുമാനിച്ച് മീറ്റില്‍ "എന്റര്‍ടെയിന്മെന്റ് ഇനങ്ങള്‍" ആരംഭിച്ചു. ഇടിവാളിന്റെ പ്രസംഗം ആയിരുന്നു ആദ്യം.


ഇടിവാളിന്റെ “കൊടുവാള്‍ പ്രസംഗം” തല്‍സമയ റിപ്പോറ്ട്ട്

വിഷ്‌ണു പ്രസാദിന്റെ "പാപി" എന്ന കവിതയായിരുന്നു അടുത്ത ഇനം. ഉള്ളത് പറയണമല്ലോ നല്ല കവിതയായിരുന്നു കവിതയില്‍ ഓരോ തവണ "പാപി" എന്ന് വിളിക്കുമ്പൊളും ഓരോ ബ്ലോഗറും
തന്നെയല്ല എന്ന മട്ടില്‍ അപ്പുറത്ത് ഇരിക്കുന്നവനെ നോക്കി "ഞാന്‍ ഒറ്റയ്ക്കല്ല" എന്ന് ആശ്വാസം പൂണ്ടു.

ആരാണ് പാപി ?

ദില്‍ബന്‍, കുമാര്‍, അചിന്ത്യ, പൊന്നപ്പന്‍,ഗുണ്ടൂസ് എന്നിവര്‍ മൊബൈല്‍ ഫോണ്‍ വഴി മീറ്റിലെ പങ്കാളികളാകുകയും പരസ്പരം സ്നേഹാന്വേഷണങ്ങള്‍ പങ്ക് വെയ്കുകയും ചെയ്തു. ഇതിനിടെ ആദി-മധ്യകുറുമാന്‍മാര്‍ സന്നിഹിതരായി. ഇവര്‍ രണ്ട് പേരും കുറുമാന്റെ ചേട്ടന്മാരാണെന്ന് ഒരു കുഞ്ഞും പറയില്ല. മല"ബാര്‍" സിമെന്റിന്റെ വേറേതോ ഓഫീസില്‍ പോകാനിരുന്ന ആദിയെ അന്തികുറുമാന്‍ ആയ നമ്മുടെ കുറു പ്രത്യേക ക്ഷണപ്രകാരം ഇങ്ങോട്ട് വരുത്തിച്ചു. മധ്യകുറുമാന്‍ "മദ്യ-കുറുമാന്‍" അല്ല എന്ന കാര്യം വിനയ പുരസ്സരം അറിയിച്ച് കൊള്ളട്ടേ. കവിത നടക്കുന്നതിനിടെ ശ്രീമാന്‍&ശ്രീമതി കൈതമുള്ള് എന്നിവര്‍ ചടങ്ങില്‍ എത്തിച്ചേര്‍ന്നു. ഏവര്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് ശ്രീമതി കൈതമുള്ള് രംഗം കാലിയാക്കി. ഉഴിച്ചില്‍-പിഴിച്ചില്‍ ഒക്കെ നടത്തി ഇനിയും ഒരു പത്തുപതിനാറ് അങ്കത്തിന് ബാല്യമുണ്ട് എന്ന് വിളിച്ച് പറയും വിധം പ്രസന്നവദനനായി കൈതമുള്ള് ചേട്ടനും ചടങ്ങില്‍ പങ്ക് ചേര്‍ന്നു. ബഹുവ്രീഹിയുടെ പാട്ട് ആയിരുന്നു അടുത്തയിനം. ശ്രുതിമധുരമായ ആലാപനം കൊണ്ട് അദ്ദേഹം സദസിനെ ധന്യമാക്കി. മീറ്റിന്റെ തല്‍സമയ റിപ്പോര്‍ട്ടിംഗ് പീലുവിനെ ഏല്പ്പിച്ച് ഞാന്‍ ആസ്വാദകനായി.

പീലുവും ബഹുവ്രീഹിയും

വില്ലൂസിന്റെ പാട്ടായിരുന്നു അടുത്തയിനം. ഇമ്പമാര്‍ന്ന പാട്ടുകളാല്‍ വില്ലൂസ് ഏവരേയും ആസ്വദിപ്പിച്ചു.

തൃശൂരില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന "കുമ്മാട്ടിക്കളി"യുടെ ചമയപ്രദര്‍ശനത്തിന്റെ ഉല്‍ഘാടനം കഴിഞ്ഞ് ശ്രീ വൈശാഖന്‍ മാഷും, അശോകന്‍ ചെരുവിലിന്റെ വീട്ടില്‍ നിന്ന് പുറപ്പെട്ട ശ്രീ വി.കെ ശ്രീരാമനും അരമണിക്കൂറിനകം മീറ്റ് നഗരിയില്‍ എത്തിച്ചേരുമെന്ന് വിളിച്ചറിയിച്ചു.
ആയതിനാല്‍ ഒരു ചെറിയ ബ്രേക്ക് ആകാമെന്ന് കരുതി. ബ്രേക്കിനിടയില്‍ കുട്ടിച്ചാത്തന്‍ വക "കൂടോത്രം ചെയ്‌ത ഹല്‍‌വ" വിതരണം ഉണ്ടായി. താഴെ കാണുന്ന ആ വസ്തുവിനെ തൃശൂരില്‍ "കറുത്തലുവ" എന്നാണ് വിളിക്കുകയെങ്കിലും കണ്ണൂരില്‍ അത് "കിണ്ണത്തപ്പം" ആണെന്ന് കുട്ടിച്ചാത്തന്‍ ഉദ്‌ഘോഷിച്ചു. സംഗതി എന്ത് കോപ്പാണെങ്കിലും പാത്രം തുറന്ന പാടെ കാലിയായി.




കറുത്തലുവ അഥവാ കിണ്ണത്തപ്പം



മീറ്റിന്റെ ആദ്യ പാതിയ്ക്ക് ഇവിടെ തിരശീല വീഴുന്നു.
അടുത്തഭാഗം ഉടനേ പുറത്തിറങ്ങുന്നതാണ്.

സസ്നേഹം

ലോനപ്പന്‍/വിവി.


Tuesday, October 09, 2007

തൃശ്ശിവപേരൂര്‍

ടാന്‍സാനിയന്‍ വാസത്തിന്റെ
കൊഴുപ്പുരുകിയിട്ടുണ്ട്
മുറിഞ്ഞ മൃഗം കണ്ണുകളില്‍
പൂരപ്പറമ്പിലേയ്ക്കുള്ള
വഴി ചവിട്ടുമ്പോള്‍ പറഞ്ഞു

“കുടിക്കണം”

വഴിയരികിലെ തട്ടുകട
പൊന്നുകെട്ടിയ പുലിനഖച്ചിരി ചിരിച്ചു
തേക്കിന്‍കാട്ടില്‍ അരയ്ക്കൊപ്പം പുല്ലില്‍
വായ് രതിയ്ക്ക് ബൃഹന്നള ക്ഷണിച്ചു
പൊട്ടിക്കാന്‍ അമിട്ടൊന്നും ബാക്കിയില്ലെന്ന്
വടക്കുന്നാഥന്‍ ആകാശത്തിനോട് പറഞ്ഞു

തൃശൂരെത്ര മാറിയെന്ന് ആശ്ചര്യപ്പെടും മുന്‍പ്
സ്വയം തിരുത്തി
നിനക്ക് നവാബ് രാജേന്ദ്രനെ അറിയുമോ?
വിശപ്പു മാറാത്ത റപ്പായിയെ?
പാതിരാത്രി ചെട്ടിയങ്ങാടിയില്‍
കുത്തേറ്റു വീണിട്ടുണ്ടോ?
കൊക്കാലയില്‍
റെയിലോരത്തെ ജീവിതം കണ്ടിട്ടുണ്ടോ?
ബസ് സ്റ്റാന്റിലെ നാണയത്തോര്‍ത്തിനു പിന്നിലെ
ഈച്ചയാര്‍ക്കുന്ന പഴുപ്പ് കണ്ടിട്ടുണ്ടോ?

സന്ദര്‍ശകരെ നോക്കി
മുഷ്ടിമൈഥുനം ചെയ്യുന്ന
കുരങ്ങന്മാരുള്ള കാഴ്ചബംഗ്ലാവ്
മിഥിലയില്‍
മേശച്ചുവടെ കാലുരുമ്മി ചായകുടി
സാഹിത്യ അക്കാദമിയിലെ
ആരും വാങ്ങാത്ത പുസ്തകങ്ങള്‍
ഇതില്‍ക്കൂടുതല്‍ നിനക്കെന്ത് തൃശൂര്‍?

“സിദ്ധാര്‍ത്ഥയിലിരിക്കാം”
തിരക്കില്‍ ഓട്ടോറിക്ഷയില്‍
അക്ഷമപ്പെട്ടു, കെണിയിലായ മൃഗം

എഴുതിത്തീരാത്ത കഥ
ഒന്നാം ബ്രാണ്ടിക്കുശേഷം
പുറപ്പെടുവാന്‍ തുടങ്ങി
വിഷവും ആഭിചാരവും
എണ്ണത്തിരിയും മഞ്ഞള്‍പ്പൊടിയും നിറഞ്ഞ്
കള്ളുമേശ പാമ്പിന്‍കാവായി
ബാറിലെ തണുപ്പില്‍ പൂതല്‍മരങ്ങളില്‍
കൂണുകള്‍ മുളച്ചുനിന്നു

രണ്ടാം ബ്രാണ്ടിയില്‍
ഇടം നഷ്ടപ്പെട്ടവനായി

“എനിയ്ക്കിവിടം വിടണം
പുറത്തേയ്ക്കു വരാത്ത കഥകളും
പ്രണയവും മദ്യവും
ഗൂഡാലോചനയിലാണ്
അവരെന്നെ കൊല്ലും മുന്‍പ്”

സ്വന്തം കഥയിലെത്തന്നെ
ഏകാകിയായ തിമിംഗലം
ബാറിലെ നീലവെളിച്ചത്തില്‍
നിലത്ത് അടിവയര്‍ മുട്ടിച്ചു നീന്തി

എനിയ്ക്ക് വല്ലാതെ ഉഷ്ണിച്ചതുകൊണ്ട്
പുറത്ത് ആരോ മഴപെയ്യിച്ചു

പ്രയാസങ്ങള്‍കൊണ്ട് മതം മാറിയ
ഏതെങ്കിലും ഡ്രൈവറുടെ
സുവിശേഷം കേള്‍ക്കേണ്ടി വരുമോ
എന്ന ഭയം
പുറത്തിറങ്ങുമ്പോള്‍ എന്നെ
മുറുകെ പിടികൂടി



** കഥാകൃത്ത് എം. നന്ദകുമാറുമൊത്ത് തൃശൂരിലെ ഒരു രാത്രി

Wednesday, October 03, 2007

വിജയന്‍ മാഷ്‍

സ്നേഹത്തിന്റെ പൂമരത്തിന്

മലയാളത്തിന്റെ
പ്രസാദ ചിന്തയ്ക്ക്

നെറികേടിന്റെ വന്മരങ്ങളെ
ഉലച്ചു വീശിയിരുന്ന കാറ്റിന്

ആദരാഞ്ജലികള്‍!